ചാലക്കുടി ദേശീയപാതയില്‍ അടിപ്പാതനിര്‍മാണം ഇഴയുന്നു

ചാലക്കുടി: ദേശീയപാത കോടതി ജങഷനില്‍ പുനരാരംഭിച്ച അടിപ്പാത നിര്‍മാണം മന്ദഗതിയില്‍. ഒരാഴ്ച മുമ്പാണ് നിമാണം നിലച്ചിരുന്ന അടിപ്പാതയുടെ പ്രവര്‍ത്തികള്‍ പുനരാരംഭിച്ചത്. മണ്ണെടുത്ത ഭാഗത്ത് കോണ്‍ക്രീറ്റ് നടത്താനുള്ള പ്രാഥമിക പ്രവര്‍ത്തികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. ഇതിന്റെ ഭാഗമായി മെറ്റല്‍ മിശ്രിതം നിരത്തുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ചയും പ്രവര്‍ത്തികളൊന്നും നടന്നില്ല. പേരിന് ചില ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടത്തുന്നതൊഴിച്ചാല്‍ കാര്യമായ ജോലികളൊന്നും ഇവിടെ നടക്കുന്നില്ല. മണ്ണുമാന്തി ഉപയോഗിച്ച് മണ്ണെടുക്കുന്ന പ്രവര്‍ത്തികളാണ് ഇവിടെ കൂടുതലായും ചെയ്യുന്നത്.
കഴിഞ്ഞ മാര്‍ച്ച് മാസമാണ് അടിപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. ഇതിനിടെ രണ്ട് തവണ നിര്‍മാണം നിലച്ചു. കരാര്‍ കമ്പനി അടിപ്പാത നിര്‍മാണം ഉപകരാറുകാരെയാണ് ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണം ആരംഭിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തികള്‍ നിലച്ചു. തുടര്‍ന്ന് ബി ഡി ദേവസ്സി എംഎല്‍എയുടെ ഇടപെടല്‍ മൂലം വകുപ്പ് മന്ത്രി ബന്ധപ്പെട്ടവരെ വിളിച്ച്‌ചേര്‍ത്ത് നടത്തിയ യോഗത്തില്‍ നിര്‍മ്മാണം പുനരാരംഭിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന് നിര്‍മാണം വീണ്ടും ആരംഭിക്കുകയായിരുന്നു.
ഇതിന്റെ ഭാഗമായി അടിപ്പാതക്കായി സര്‍വീസ് റോഡില്‍ കുഴിയെടുക്കല്‍ പ്രവര്‍ത്തികള്‍ വീണ്ടും ആരംഭിച്ചു. എന്നാല്‍ ജൂലൈ മാസത്തിലെ കനത്ത മഴയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടതോടെ നിര്‍മാണം വീണ്ടും നിലച്ചു. ഇത് പരിഹരിച്ച് പ്രവര്‍ത്തികള്‍ ആരംഭിക്കാനിരിക്കെയാണ് പ്രളയം വന്നെത്തിയത്. പ്രളയത്തിന്റെ പ്രശ്‌നങ്ങള്‍ മാറിയതോടെയാണ് പ്രവര്‍ത്തികള്‍ പുനരാരംഭിച്ചത്. എന്നാല്‍ ഒച്ചിന്റെ വേഗതയിലാണ് ഇപ്പോള്‍ പ്രവര്‍ത്തികള്‍ നടക്കുന്നത്. ഒരു മാസം മുമ്പ് അടിപ്പാത നിര്‍മ്മാണത്തിനായി കുറച്ച് ലോഡ് ഇരുമ്പ് കമ്പികള്‍ കൊണ്ടുവന്നിട്ടതല്ലാതെ മറ്റൊരു പ്രവര്‍ത്തിയും നടന്നിട്ടില്ല.
റോഡില്‍ വിള്ളല്‍ രൂപപ്പെട്ട ഭാഗത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തൃശൂര്‍ ഭാഗത്തേക്ക് ഒറ്റവരിയാക്കിയാണ് ഇപ്പോള്‍ ദേശീയപാതയിലെ ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. നാലുവരിപാത വന്നതോടെ മുനിസിപ്പല്‍ ജങ്ഷന്‍ അടഞ്ഞ്‌പോവുമെന്ന ഘട്ടമെത്തി. ഇതോടെ ഇവിടെ ബദല്‍ സംവിധാനം വേണമെന്ന ആവശ്യമുയര്‍ന്നു. മുനിസിപ്പല്‍ ജംഗ്ഷനില്‍ അടിപ്പാത വേണമെന്ന ആവശ്യമായി ഒരു വിഭാഗവും എന്നാല്‍ മേല്‍പാലമാണ് വേണ്ടെതെന്ന ആവശ്യവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തി.
ഇതിനായി ഇരുവിഭാഗങ്ങളുടേയും നേതൃത്വത്തില്‍ ആഴ്ചകളോളം നീണ്ടുനിന്ന സമരങ്ങളും അരങ്ങേറി. ബദല്‍ സംവിധാനത്തിനായി ഒരു വിഭാഗം ശയനപ്രദിക്ഷണം നടത്തിയപ്പോള്‍ മറുവിഭാഗം മനുഷ്യചങ്ങല തീര്‍ത്തു. എന്നാല്‍ അധികൃതര്‍ ഇവിടെ സിഗ്‌നല്‍ സംവിധാനം ഒരുക്കി പ്രശ്‌നം പരിഹരിച്ചു. അശാസ്ത്രീയമായ സിഗ്‌നല്‍ സംവിധാനത്തില്‍ അകപ്പെട്ട് നിരവധി പേരുടെ ജീവനുകള്‍ ഇവിടെ പൊലിഞ്ഞു. ഇതോടെ ബദല്‍ സംവിധാനം ആവശ്യപ്പെട്ട് വീണ്ടും നാട്ടുകാര്‍ രംഗത്തെത്തി. തുടര്‍ന്നാണ് കോടതി ജങ്ഷനില്‍ ഡിവൈന്‍ മോഡല്‍ അടിപ്പാതക്ക് അനുമതിയായത്. ഈ അടിപ്പാതയുടെ പ്രവര്‍ത്തികളാണ് ഇപ്പോള്‍ ഇഴഞ്ഞ് നീങ്ങുന്നത്.

RELATED STORIES

Share it
Top