ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ മുന്‍ ജീവനക്കാരിയും കുടുംബവും : വൈദികര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന്തൃശൂര്‍: ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി അവിടുത്തെ മുന്‍ ജീവനക്കാരിയും കുടുംബവും. ധ്യാനകേന്ദ്രത്തിലെ വൈദികര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമം നടത്തുകയാണെന്നും ഇതാവശ്യപ്പെട്ട് ഗുണ്ടകളുടെയും പോലിസിന്റെയും സഹായത്തോടെ ഭീഷണിപ്പെടുത്തുകയുമാണെന്ന ആരോപണവുമായി ചാലക്കുടി മേലൂര്‍ ശ്രീമാം വീട്ടില്‍ ഡി സതിമണിയാണ് ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്. ധ്യാനകേന്ദ്രത്തിലെ വൈദികരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ പീഡിപ്പിക്കാന്‍ പ്രത്യേക മുറികള്‍ ധ്യാനകേന്ദ്രത്തിലുണ്ടെന്നും നിരവധി ക്രിമിനലുകളെ ഇവിടെ സംരക്ഷിക്കുന്നുണ്ടെന്നും പരാതിയിലുണ്ട്. പരാതി നല്‍കി ആഴ്ചകളായിട്ടും നടപടികളൊന്നുമുണ്ടായിട്ടില്ല.
2004ല്‍ ആണ് സതിമണിയും കുടുംബവും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷയ്ക്കായി എത്തുന്നത്. വീടും സ്ഥലവും നല്‍കാമെന്ന ധ്യാനകേന്ദ്ര അധികൃതരുടെ വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഇവര്‍ ഇവിടെയെത്തിയത്. ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ കൈവശം ഉണ്ടായിരുന്ന നിലം നികത്തി 43 പേര്‍ക്ക് നാലുസെന്റ് ഭൂമി വീതം നല്‍കി 2009 മുതല്‍ ഇവിടെ താമസിപ്പിച്ചു. അന്നു വീടിന്റെ സ്റ്റ്രക്ച്ചര്‍ മാത്രം പൂര്‍ത്തിയാക്കിയാണ് താമസിപ്പിച്ചു തുടങ്ങിയത്. ഇതിന്റെ പേരില്‍ 15000 രൂപ വീതം ഓരോ വീട്ടുകാരോടും വാങ്ങിയിരുന്നു. പിന്നീടാണ് മതം മാറിയാല്‍ മാത്രമെ വീടും സ്ഥലവും സ്വന്തമായി നല്‍കാനാകൂ എന്ന നിലപാട് ധ്യാനകേന്ദ്രം അധികൃതര്‍ സ്വീകരിച്ചത്. മറ്റുള്ളവരൊക്കെ മതം മാറിയിട്ടും സതിമണിയും കുടുംബവും അതിന് തയ്യാറായില്ല. പിന്നീടാണ് പീഡനങ്ങളുടെ തുടക്കം. പലതരത്തിലുള്ള ഉപദ്രവവും ധ്യാനകേന്ദ്ര അധികൃതരുടെയും സമീപവാസികളുടെയും ഭാഗത്തുനിന്നുണ്ടായി. കഴിഞ്ഞ ഒക്ടോബര്‍ നാലിന് (2017 ഒക്ടോബര്‍ 4) കൊരട്ടി  പോലിസില്‍ പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നുമുണ്ടായില്ല. കഴിഞ്ഞ ഏപ്രില്‍ 22ന് കുടുംബമായി അമ്പലത്തില്‍ പോയി മടങ്ങും വഴി വീട്ടിലേക്കുള്ള വഴി വാഹനമിട്ട് തടസ്സപ്പെടുത്തിയും തങ്ങളെ ബുദ്ധിമുട്ടിലാക്കിയതായി ഇവര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഡിവൈന്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകാത്തതിന്റെ പേരില്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജാന്‍സണ്‍ കൊരട്ടി എസ്‌ഐയുമായെത്തി ഇവരെ ഭീഷണിപ്പെടുത്തി. പിന്നീട് ഏപ്രില്‍ 14ന് കൊരട്ടി എസ്‌ഐ സുബീഷ്‌മോന്‍ സിവില്‍ ഡ്രസിലും എഎസ്‌ഐ വര്‍ഗീസ് പോലിസ് വസ്ത്രത്തിലും വീട്ടിലെത്തി. മതംമാറണമെന്ന ആവശ്യമായിരുന്നു പോലിസും ഉന്നയിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. മതം മാറാത്ത നിങ്ങള്‍ വൈദികരുടെ ഔദാര്യത്തിലാണ് താമസിക്കുന്നതെന്നും എത്രയുംവേഗം ഒഴിഞ്ഞുപോയില്ലെങ്കില്‍ ഒഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സതിമണി പറയുന്നു. ഇതിനു പുറമെ വെള്ളം തടയല്‍, വഴി തടയല്‍, ഗുണ്ടകളെ വിട്ട് മര്‍ദ്ദനം എന്നിവ പതിവാണ്. നേരത്തെ തങ്ങളുടെത് പോലുമല്ലാത്ത സ്ഥലമാണ് ഡിവൈന്‍ അനധികൃതമായി നികത്തിയെടുത്ത് 15000 രൂപയ്ക്ക് വിറ്റത്.
ഇതിനു പുറമെ മറ്റ് ഗുരുതരമായ ആരോപണങ്ങളും സതിമണി ധ്യാനകേന്ദ്രത്തിനെതിരെ ഉന്നയിക്കുന്നുണ്ട്. ധ്യാനകേന്ദ്രത്തില്‍ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ജയിലുകള്‍ക്ക് സമാനമായ കേന്ദ്രങ്ങളുണ്ടെന്നും ഇവിടെ പലതരത്തിലുള്ള ആളുകളെ താമസിപ്പിക്കുന്നുണ്ടെന്നും സതിമണി പറയുന്നു. പല യുവതികളെയും അന്യായമായി താമസിപ്പിച്ചിട്ടുണ്ടെന്നും വൈദികരുടെ അനുമതിയോടെ വിവിഐപികള്‍ വരുമ്പോള്‍ ഇവരെ മുറികളിലേക്ക് പറഞ്ഞയക്കുന്നുവെന്നും അവര്‍ ആരോപിച്ചു.  മോശമായ പലതും അവിടെ നടക്കുന്നുണ്ട്. മനുഷ്യക്കടത്ത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെയുണ്ട്. ഫാ. മാത്യു തടത്തില്‍, ഫാ. ജാന്‍സണ്‍, പിആര്‍ഒ ജോസഫ്, നന്ദിനി എന്നിവരുടെ നേതൃത്വത്തിലാണ് ഇതെല്ലാം ഇവിടെ നടക്കുന്നത്. പരാതികള്‍ പല ഉദ്യോഗസ്ഥര്‍ക്കും മാറിമാറി നല്‍കിയിട്ടും നടപടികള്‍ ഒന്നുമില്ല- സതിമണി പരാതിയില്‍ പറയുന്നു

RELATED STORIES

Share it
Top