ചാലക്കുടി ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഇന്റര്‍ നാഷനല്‍ സ്‌കൂളാക്കുന്നതിന്റെ ഒന്നാംഘട്ട നിര്‍മാണോദ്ഘാടനം 27ന്

ചാലക്കുടി: ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഇന്റര്‍നാഷ്ണല്‍ സ്‌കൂളായി ഉയര്‍ത്തുന്നതിന്റെ ഒന്നാംഘട്ടം നിര്‍മ്മാണോത്ഘാടനവും എംഎല്‍എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ള പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനവും 27ന് നടത്താന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
27ന് രാവിലെ 10ന് വിദ്യഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്യും. എന്നാല്‍ ഉത്ഘാടന ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌ക്കരിക്കും. മാസ്റ്റര്‍ പ്ലാനില്‍ വ്യക്തത വരുത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മാസ്റ്റര്‍ പ്ലാനില്‍ വ്യക്തത വരുത്തി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തതിന് ശേഷം ഉത്ഘാടനം നടത്താമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പുതിയ ഗ്രൗണ്ടില്‍ സ്‌കൂള്‍ കെട്ടിടം പണിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ മാസ്റ്റര്‍ പ്ലാനില്‍ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നിവ നിലവിലുള്ള സ്ഥലത്തും വി.എച്ച്.എസ്.ഇ, ടി.ടി.ഐ, എല്‍.പി. എന്നിവ പുതിയ ഗ്രൗണ്ടിലുമാണ് നിര്‍മ്മിക്കുന്നത്.
നിലവിലുള്ള സ്‌കൂള്‍ ഭൂമിയില്‍ കെട്ടിട നിര്‍മ്മാണത്തിന് പുറമെ കുറഞ്ഞത് ആറ് ട്രാക്കോടു കൂടിയ ഫുട്‌ബോള്‍ ഗ്രൗണ്ടും ഒരുക്കും. പ്രശസ്ത ആര്‍ക്കിടെക് ശങ്കറാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമെ ഉത്ഘാടനം നടത്തേണ്ടതുള്ളൂവെന്ന് പ്രതിപക്ഷത്തെ ഷിബു വാലപ്പന്‍ ആവശ്യപ്പെട്ടു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് നല്ല വിദ്യഭ്യാസം ലഭിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളില്‍ പഠിക്കാനുള്ള സാഹചര്യം വരുമ്പോള്‍ അത് തടസ്സപ്പെടുത്താനുള്ള പരിപാടിയാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ഭരണപക്ഷത്തെ വി ജെ ജോജി പറഞ്ഞു.
സ്വകാര്യ സ്‌കൂളുകളുടെ അച്ചാരം കൈപറ്റി സര്‍ക്കാര്‍ സ്‌കൂളുകളെ തകര്‍ക്കാനുള്ള നീക്കമാണ് ഉത്ഘാടനം തടസ്സപെടുത്തുന്നതിന് പിന്നിലെന്ന് ഭരണപക്ഷത്തെ എം.എം.ജിജനും ആരോപിച്ചു. ഇതോടെ യോഗം ബഹളമയമായി. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ 27ന് ഉത്ഘാടനം നടത്താന്‍ യോഗം തീരുമാനിച്ചു. നോര്‍ത്ത് ബസ്സ് സ്റ്റാന്റ് പരിസരത്തെ മരം മുറിച്ച് മാറ്റിയത് സംബന്ധിച്ചും മാര്‍ക്കറ്റിലെ മാലിന്യപ്രശ്‌നം സംബന്ധിച്ചും ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അവസാന അജണ്ടയായാണ് ഉല്‍പ്പെടുത്തിയിരുന്നത്.
പത്ത് മിനിറ്റോളം ഇത് സംബന്ധിച്ച ചര്‍ച്ച നടന്നെങ്കിലും ആറു മണിയായതോടെ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ പിരിച്ചുവിട്ടു. ഇതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി പുറത്തേക്ക് പോയി. ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, പി.എം.ശ്രീധരന്‍, യു.വി.മാര്‍ട്ടിന്‍, വി.ഒ.പൈലപ്പന്‍. ഷിബു വാലപ്പന്‍, ബിജു ചിറയത്ത്, ആലീസ് ഷിബു സംസാരിച്ചു.

RELATED STORIES

Share it
Top