ചാരത്തില്‍ നിന്നുയരാന്‍ വയല്‍ക്കിളികള്‍

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: നെല്‍വയലിനും തണ്ണീര്‍ത്തടത്തിനും വേണ്ടി പോരടിക്കുന്നവരും വികസനവിരോധികളെന്ന പതിവുപല്ലവി തിരുത്തിക്കുറിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സിപിഎമ്മും കൈകളിലേന്തിയത് ചെങ്കൊടികള്‍. നന്തിഗ്രാമില്‍ കമ്മ്യൂണിസ്റ്റ് കൊടി പിഴുതെറിയപ്പെട്ട അതേ നാളില്‍ കീഴാറ്റൂരില്‍ ഉയര്‍ന്നത് സമരസഖാക്കളുടെ നിലയ്ക്കാത്ത ശബ്ദം. ഇതിനിടെ നേതൃത്വത്തിന്റെ നിര്‍ദേശാനുസരണം വയലിലിറങ്ങിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരപ്പന്തലിനു തീയിടുന്ന കാഴ്ചയും കണ്ടു.
എങ്കിലും സിരകളില്‍ ചെഞ്ചോരയൊഴുകുന്നവരും ചുവപ്പിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചവരുമായ വയല്‍ക്കിളികള്‍ ചാരത്തില്‍ നിന്നുയര്‍ന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ പറക്കാനൊരുങ്ങുകയാണ്. ആദ്യഘട്ടത്തില്‍ സമരത്തില്‍ ഉറച്ചുനിന്ന പാര്‍ട്ടി അംഗങ്ങളെ മോഹവില നല്‍കിയും അച്ചടക്കവാള്‍ കാട്ടിയും സമരത്തിന്റെ ചിറകരിയാന്‍ തന്നെയാണ് സിപിഎമ്മിന്റെ തീരുമാനം.
മഹാരാഷ്ട്രയിലെ ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച അതേ കര്‍ഷകരും സഖാക്കളും ഇവിടെ വയല്‍ കാവലിനു വേണ്ടി കെട്ടിയുയര്‍ത്തിയ കിളിക്കൂടിനു തീയിടുകയായിരുന്നു. വരാനിരിക്കുന്ന നാളുകള്‍ ഇനിയും ഇരുപക്ഷത്തിനും സങ്കീര്‍ണം തന്നെയായിരിക്കും.
സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തിയവരില്‍ സിപിഐ മുതല്‍ മാവോവാദികളെന്നും തീവ്രവാദികളെന്നും സിപിഎം വിശേഷിപ്പിക്കുന്നവര്‍ക്കുമപ്പുറം ഹിന്ദുത്വ അജണ്ട വിളയിച്ചെടുക്കുന്ന സംഘപരിവാര ശക്തികള്‍ വരെയുണ്ട്. ഏക്കറുകള്‍ നീണ്ടുകിടക്കുന്ന പാടവരമ്പത്ത് സിപിഎമ്മിനു പ്രതിരോധിക്കേണ്ടിവരുന്നത് കുലംകുത്തികളെ മാത്രമല്ലെന്നു സാരം. പോലിസിന്റെ സഹായത്തോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
എങ്കിലും കഴിഞ്ഞ ദിവസം നടന്ന സമരത്തിലും കുട്ടികളും വീട്ടമ്മമാരും ഉള്‍പ്പെടെയുള്ളവര്‍ ആത്മഹത്യാ ഭീഷണി വരെ ഉയര്‍ത്തുന്ന വിധത്തിലേക്ക് സമരത്തെ എത്തിക്കാന്‍ വയല്‍ക്കിളികള്‍ക്ക് ഇപ്പോഴും കഴിയുന്നുണ്ട്. സമരത്തില്‍ പങ്കെടുത്തതിനു 11 പ്രവര്‍ത്തകരെ സിപിഎം പുറത്താക്കിയിട്ടും വാക്‌പോരിനു മാത്രമല്ല, നേരിട്ടുള്ള പോരിനും തങ്ങള്‍ക്കു ശേഷിയുണ്ടെന്നാണ് വയല്‍ക്കിളികള്‍ പ്രഖ്യാപിക്കുന്നത്.
മുതലെടുപ്പു ശ്രമത്തിനായി ബിജെപിയുടെ പരിസ്ഥിതികാര്യ സമിതി ഈ മാസം കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിക്കുന്നുണ്ട്. മാത്രമല്ല, സിപിഎം ഭരണമല്ലെങ്കില്‍ പാര്‍ട്ടിയുടെ നയം എന്തായിരിക്കുമെന്നതും ചര്‍ച്ചയാവുന്നുണ്ട്.

RELATED STORIES

Share it
Top