ചാരക്കേസ്: രാഷ്ട്രീയ ഗൂഢാലോചകര്‍ പുറത്തുതന്നെ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഉന്നതരുടെ വീഴ്ചകള്‍ക്കും വാഴ്ചകള്‍ക്കും സാഹചര്യമുണ്ടാക്കിയ ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രിംകോടതി വിധി വന്നതോടെ കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര രാഷ്ട്രീയം കൂടുതല്‍ കലുഷിതമാവും.
24 വര്‍ഷത്തിനു ശേഷം കേസ് അന്വേഷണത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കാനുള്ള വിധിക്കപ്പുറം രാഷ്ട്രീയ മാനങ്ങളുണ്ട്. രാ്രഷ്ടീയ ഗൂഢാലോചന അന്വേഷണ പരിധിയില്‍ വരുന്നതോടെ കെ കരുണാകരന്‍ മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് ഇറങ്ങാന്‍ കാരണമായ ഗ്രൂപ്പ് സംഘര്‍ഷങ്ങളുടെ ഉള്ളറകള്‍ പുറത്തേക്കെടുക്കുന്നത് പുതിയ ഗ്രൂപ്പ് സമവാക്യങ്ങളുടെ കാലത്ത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. രാ്രഷ്ടീയ ഗൂഢാലോചന അന്വേഷിക്കണമെന്ന പത്മജ വേണുഗോപാലിന്റെ പ്രസ്താവന അതിന്റെ തെളിവാണ്. ചാരക്കേസില്‍ കരുണാകരനെ സ്ഥാനഭ്രഷ്ടനാക്കിയ എ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയൊഴിച്ചുള്ള നേതാക്കള്‍ ഐ ഗ്രൂപ്പുമായി ഇപ്പോള്‍ സഹകരണത്തിലാണ്. കരുണാകരനെതിരേ എ ഗ്രൂപ്പ് നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ അടുത്തിടെ കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ തന്നെ ഏറ്റുപറഞ്ഞിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കിങ് മേക്കര്‍ ആയിരുന്ന കെ കരുണാകരന്റെ രാഷ്ട്രീയപതനം കൂടിയായിരുന്നു ചാരക്കേസ്. കൃത്യമായ പദ്ധതികളോടെ നടപ്പാക്കിയതായിരുന്നു എ കെ ആന്റണിയുടെ പിന്തുണയില്‍ ഉമ്മന്‍ചാണ്ടിയുടെ കാര്‍മികത്വത്തില്‍ എ ഗ്രൂപ്പ് ഉയര്‍ത്തിയ ആക്രമണം. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ബംഗളൂരു കേന്ദ്രത്തില്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി ആന്റ് പ്ലാനിങ് ഡയറക്ടറായിരുന്ന ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും ബഹിരാകാശ പദ്ധതിയുടെ ക്രയോജനിക് സാങ്കേതികവിദ്യാ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നായിരുന്നു ആരോപണം.
ഇവര്‍ക്കുപുറമെ കെ ചന്ദ്രശേഖരന്‍, സുധീര്‍കുമാര്‍ ശര്‍മ എന്നിവരും മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും അറസ്റ്റിലായി. വഞ്ചിയൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 1994 ഒക്ടോബര്‍ എട്ട് മുതല്‍ നടപടികള്‍ തുടങ്ങി. നവംബറില്‍ നമ്പി നാരായണനെ അറസ്റ്റ് ചെയ്തു. തൊട്ടടടുത്ത ദിവസങ്ങളില്‍ മറ്റുള്ളവരുടെ അറസ്റ്റും നടന്നു. കരുണാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഐജി രമണ്‍ ശ്രീവാസ്തവയിലേക്ക് ആരോപണത്തിന്റെ മുന നീണ്ടപ്പോഴാണ് ചാരക്കേസിനു രാഷ്ട്രീയ മാനം വരുന്നത്. കെ കരുണാകരന്‍ ശ്രീവാവസ്തവയെ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമായി. ശ്രീവാസ്തവയെ തള്ളിപ്പറയാന്‍ കരുണാകരന്‍ തയ്യാറായില്ല. ക്രൈംബ്രാഞ്ച് ഡിഐജി സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി കെ കെ ജോഷ്വ, സ്മാര്‍ട്ട് വിജയന്‍ എന്നറിയപ്പെട്ട എസ് വിജയന്‍ എന്നിവരായിരുന്നു അന്വേഷണ സംഘം.
കരുണാകരനെതിരേ എ ഗ്രൂപ്പ് നേതാക്കള്‍ പരസ്യപ്രതികരണം നടത്തി. ധനമന്ത്രി സ്ഥാനം രാജിവച്ച ഉമ്മന്‍ചാണ്ടി സമ്മര്‍ദം ശക്തമാക്കി. രാഷ്ട്രീയത്തേക്കാള്‍ പ്രധാനം രാജ്യസുരക്ഷയാണെന്നു സുധീരന്‍ വാദമുയര്‍ത്തി. നരസിംഹറാവുവിന് കരുണാകരനെ തുണയ്ക്കാനായില്ല. ഗത്യന്തരമില്ലാതെ 1995 മാര്‍ച്ച് 16ന് കെ കരുണാകരന്‍ രാജിവച്ച് എ കെ ആന്റണി മുഖ്യമന്ത്രിയായി ചുമതലയേറ്റു. വിഷയം അന്നത്തെ പ്രതിപക്ഷവും തെരുവില്‍ ഏറ്റെടുത്തിരുന്നു. നമ്പി നാരായണനെ രാജ്യദ്രോഹിയായി അവതരിപ്പിച്ചായിരുന്നു ഇടതു യുവജന സംഘടനകളുടെ പ്രതിഷേധം. പത്രമാധ്യമങ്ങളുടെ നിലപാടും കേസില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ കാരണമായി. മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും ചാര വനിതകളായാണ് മുദ്രകുത്തപ്പെട്ടത്. ഇവരുടെ സാന്നിധ്യമാണ് അപസര്‍പ്പകകഥകളെ വെല്ലുംവിധത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പത്രങ്ങളില്‍ നിറയാന്‍ ഇടയാക്കിയത്. ഭീഷണിപ്പെടുത്തി പേരു പറയിച്ചതാണെന്നു പോലിസ് വാഹനത്തില്‍ വച്ചു മറിയം റഷീദ പറഞ്ഞതായി നമ്പി നാരായണന്‍ ആത്മകഥയില്‍ പറയുന്നുണ്ട്. നമ്പി നാരായണന്‍ എന്ന പേരു വ്യക്തമായി പറയാന്‍ പോലും കഴിഞ്ഞില്ലെന്നും കുറ്റസമ്മത വീഡിയോ പകര്‍ത്തുന്നതിനിടെ പേര് എഴുതിക്കാണിച്ചു വായിപ്പിക്കുകയായിരുന്നെന്നും മറിയം പറഞ്ഞതായി പുസ്തകത്തിലുണ്ട്.

RELATED STORIES

Share it
Top