ചാരക്കേസ് ഉമ്മന്‍ചാണ്ടി മാപ്പു പറയണം: ടി എച്ച് മുസ്തഫ

കൊച്ചി: ചാരക്കേസില്‍ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി ഉള്‍െപ്പടെയുള്ള നേതാക്കള്‍ ജനങ്ങളോട് മാപ്പു പറയണമെന്നും കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ രാജിവയ്ക്കണമെന്നും മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കെ കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു സ്ഥാനഭ്രഷ്ടനാക്കാനും രാഷ്ട്രീയമായി തകര്‍ക്കാനും വേണ്ടി മനഃപൂര്‍വം ഗൂഢാലോചന നടത്തിയതും കെട്ടിച്ചമച്ചതുമാണ് ചാരക്കേസ്.
ജീവിച്ചിരിക്കുന്ന കുറ്റവാളികളുടെ പങ്ക് പറയാതെ മരിച്ചവരുടെ തലയില്‍ വച്ചുകെട്ടാന്‍ കെ മുരളീധരന്‍ നടത്തുന്ന ശ്രമം ലജ്ജാകരവും അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗവുമാണ്. ഭാവിയില്‍ എന്തെങ്കിലും കിട്ടാന്‍ താല്‍പര്യമുള്ളവര്‍ ആരെയും പിണക്കാതിരിക്കാന്‍ ശ്രമിക്കും.
പത്മജ പറയുന്നപോലെ കേരളത്തിലെ അഞ്ചു നേതാക്കള്‍ മാത്രമായിരുന്നില്ല ചാരക്കേസിന്റെ ഗൂഢാലോചനയുടെ പിന്നിലുള്ളത്്. 11 എംഎല്‍എമാര്‍ ഒഴികെ എല്ലാവരും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ കെ കരുണാകരനെതിരേ ചാരക്കേസില്‍ ഭാഗഭാക്കായി മാറി.
കരുണാകരനെതിരേ ഗൂഢാലോചന നടത്തിയവരെയും പിന്നില്‍ നിന്നു കുത്തിയവരുടെയും പേര് ഇപ്പോള്‍ പറയുന്നില്ല. കരുണാകരനോട് ചെയ്തത് കടുത്ത അനീതിയും ഐഎസ്ആര്‍ഒ പോലുള്ള ഉന്നത സ്ഥാപനത്തെ കള്ളക്കഥയില്‍ പങ്കാളിയാക്കിയ നടപടി രാജ്യദ്രോഹവുമാണ്. ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് കത്ത് അയക്കുമെന്നും മുസ്തഫ പറഞ്ഞു.
ചാരക്കേസില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍. കേസില്‍ സുപ്രിംകോടതി വിധി വന്നത് മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും നമ്പി നാരായണനും വൈകി കിട്ടിയ നീതിയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

RELATED STORIES

Share it
Top