ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെടും: മറിയം റഷീദ

തിരുവനന്തപുരം: ഐഎസ്ആര്‍ഒ കേസില്‍ ചാരവനിതയായി ചിത്രീകരിച്ച് കള്ളക്കേസില്‍ കുടുക്കിയ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്ന് കേസില്‍ പ്രതിയായി ശിക്ഷ അനുഭവിച്ച മാലദ്വീപ് സ്വദേശി മറിയം റഷീദ. കേസില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും റഷീദ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
നമ്പി നാരായണന്റെ പേരു പറഞ്ഞ് കസ്റ്റഡിയില്‍ വച്ച് ക്രൂരമര്‍ദനത്തിന് ഇരയാക്കി. തനിക്ക് അപമാനമുണ്ടായി. താന്‍ അവരെ വെറുതെ വിടില്ലെന്നു റഷീദ പറഞ്ഞതായും റിപോര്‍ട്ടില്‍ പറയുന്നു. തന്നെ കേസില്‍ ഉള്‍പ്പെടുത്തിയ അന്വേഷണസംഘത്തലവന്‍ സിബി മാത്യൂസ്, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് വിജയന്‍ എന്നിവരെ പേരെടുത്തു പറഞ്ഞ്, അവര്‍ക്കെതിരേ തന്റെ അഭിഭാഷകര്‍ ഉടനെ കോടതിയെ സമീപിക്കുമെന്നും റഷീദ പറഞ്ഞു.
മാലദ്വീപില്‍ പ്ലേഗ് ബാധ കാരണം തനിക്ക് തിരികെ പോവാന്‍ സാധിക്കില്ലെന്ന് അറിയിക്കാന്‍ ഇന്‍സ്‌പെക്ടര്‍ വിജയനെ കണ്ടപ്പോള്‍ തന്റെ പാസ്‌പോര്‍ട്ട് 18 ദിവസം അദ്ദേഹം കസ്റ്റഡിയില്‍ വച്ചു. പിന്നീട് വിസ കഴിഞ്ഞിട്ടും തിരികെ പോയില്ലെന്നു പറഞ്ഞ് തന്നെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദിച്ചു. ചാരക്കേസ് നിര്‍മിച്ചതിലൂടെ സ്ഥാനക്കയറ്റം കിട്ടുമെന്ന് വിജയന്‍ മോഹിച്ചു. ഐബിയിലെ ചില ഉദ്യോഗസ്ഥരും തന്നെ മര്‍ദിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ പേരുകള്‍ തനിക്ക് അറിയില്ലെന്നും റഷീദ പറഞ്ഞു.
താന്‍ ഇന്ത്യയിലേക്കു വരില്ല. ഇന്ത്യ തന്നെ ഭയപ്പെടുത്തുന്നു. സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ജെയിന്‍ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കുന്നതിനെ കുറിച്ച് നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുമെന്നും റഷീദ പറഞ്ഞു.

RELATED STORIES

Share it
Top