ചാരക്കേസിനു പിന്നിലെ അദൃശ്യ കരങ്ങള്‍

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിരപരാധികളായ ബഹിരാകാശ ശാസ്ത്രജ്ഞരെയും മാലിക്കാരികളായ രണ്ടു സ്ത്രീകളെയും മുന്‍നിര്‍ത്തി കേരള പോലിസിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും ചില ഉദ്യോഗസ്ഥര്‍ നടത്തിയ ഹീനമായ നീക്കങ്ങള്‍ ഇപ്പോള്‍ പകല്‍ പോലെ വ്യക്തം. അന്വേഷണ ഉദ്യോഗസ്ഥരായ വ്യക്തികളുടെ സ്വകാര്യ താല്‍പര്യങ്ങളും അധികാര മല്‍സരത്തില്‍ മുഖ്യമന്ത്രി കെ കരുണാകരനെ വീഴ്ത്താനായി കോണ്‍ഗ്രസ്സിലെയും പ്രതിപക്ഷത്തെയും ചില ശക്തികള്‍ നടത്തിയ നീക്കങ്ങളും ഇന്നു സുവ്യക്തം. രാഷ്ട്രീയത്തിലെ കറുത്ത ശക്തികള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടാന്‍ സാധിച്ചുവെന്നതു സത്യം. കെ കരുണാകരന്‍ എന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതത്തെ തകര്‍ക്കാന്‍ എതിരാളികള്‍ക്കു കിട്ടിയ അവസരമായി കേസ് മാറുകയും ചെയ്തു.
പക്ഷേ, അതിനപ്പുറം ഗുരുതരമായ പരിശോധന അര്‍ഹിക്കുന്ന വിഷയമാണ് ചാരക്കേസിനു പിന്നില്‍ പ്രവര്‍ത്തിച്ച അദൃശ്യമായ വിദേശ കരങ്ങളുടെ സാന്നിധ്യത്തിന്റെ പ്രശ്‌നം. 1990കളില്‍ ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യക്കു ശക്തമായ മേല്‍ക്കൈ നേടിത്തരാന്‍ സഹായകമായ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന ഐഎസ്ആര്‍ഒ സംഘത്തിലെ പ്രമുഖരെയാണ് കെണിയില്‍പ്പെടുത്തി തകര്‍ത്തത്. ഈ സവിശേഷ സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കുന്നത് റഷ്യന്‍ സഹകരണത്തോടെയായിരുന്നു. റഷ്യ ഇന്ത്യക്ക് സാങ്കേതിക സഹായം നല്‍കുന്നതു തടയാന്‍ മുന്നിട്ടിറങ്ങിയത് അമേരിക്കയാണ്. രണ്ടു രാജ്യങ്ങളുടെ മേലും വ്യാപാര ഉപരോധം പ്രഖ്യാപിച്ചുകൊണ്ടാണ് അന്നു ബഹിരാകാശ മേഖലയിലെ തങ്ങളുടെ ആധിപത്യം ചോദ്യം ചെയ്യുന്ന ഇന്ത്യന്‍ നീക്കങ്ങളെ അമേരിക്ക നേരിട്ടത്. ചാരക്കേസ് ഉയര്‍ന്നുവന്നതോടെ ഈ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റം ചുരുങ്ങിയത് ഒരു ദശാബ്ദക്കാലത്തേക്കെങ്കിലും തടയുന്നതില്‍ തല്‍പരകക്ഷികള്‍ വിജയിച്ചുവെന്ന് ഇപ്പോള്‍ എല്ലാവരും സമ്മതിക്കുന്നുണ്ട്.
ഇന്ത്യയിലെ സുപ്രധാന അന്വേഷണ ഏജന്‍സികളിലെ പ്രമുഖരും കേരള പോലിസിലെ അഞ്ചാംപത്തികളും ഈ രാജ്യദ്രോഹകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ കൂട്ടുനിന്നിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. എന്താണ് അവരെ അതിനു പ്രേരിപ്പിച്ചത്? എന്തെല്ലാം നേട്ടങ്ങളാണ് അതിലൂടെ അവര്‍ ഉണ്ടാക്കിയെടുത്തത്? ഇത്തരം ചോദ്യങ്ങള്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ഡി കെ ജെയിന്‍ അന്വേഷണ സമിതി പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അത്തരമൊരു അന്വേഷണം ചാരക്കേസിനു പിന്നില്‍ മറഞ്ഞിരിക്കുന്ന വൈദേശിക ശക്തികളുടെ ഗൂഢതന്ത്രങ്ങളും രാജ്യവിരുദ്ധ നീക്കങ്ങളും പുറത്തുകൊണ്ടുവരും എന്നാണ് ജനങ്ങളുടെ പ്രതീക്ഷ. കാരണം, ഇതൊരു സാധാരണ കേസോ രാഷ്ട്രീയ വിവാദമോ മാത്രമായിരുന്നില്ല. അതിന്റെ അന്വേഷണത്തിലും നടപടികളിലും ഏകപക്ഷീയമായും നീതിരഹിതമായും ഇടപെട്ട മാന്യദേഹങ്ങള്‍ക്ക് തങ്ങള്‍ ചെയ്യുന്നത് എന്തെന്ന് അറിയാമായിരുന്നു എന്നുതന്നെ വേണം കരുതാന്‍.
കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അവരില്‍ ചിലരെങ്കിലും ഇപ്പോഴും ഉന്നത പദവികള്‍ വഹിക്കുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ സിബി മാത്യൂസ് അടക്കമുള്ളവര്‍ തങ്ങളുടെ പദവികളില്‍ നിന്നു മാറിനില്‍ക്കുന്നതാണ് മാന്യത.

RELATED STORIES

Share it
Top