ചായയും അധികാരവും

കടുപ്പത്തിലൊരു ചായ കുടിച്ചാല്‍ കിട്ടുന്ന ഉഷാറിന്റെ ബലത്തിലാണ് ലോകത്തുടനീളം മഹാഭൂരിപക്ഷം പേരും കഴിഞ്ഞുകൂടുന്നത്. ചായയെപ്പോലൊരു ഉപചാരപാനീയം വേറെയില്ല. ചൈനക്കാരാണ് ചായ കണ്ടുപിടിച്ചതെങ്കിലും അതിനെ ആഗോളവല്‍ക്കരിച്ചത് ബ്രിട്ടിഷുകാരാണ്. കിഴക്കിന്റെ ഈ വിളയെ അവര്‍ കോളനിവല്‍ക്കരണത്തിനുള്ള ഉപാധിയാക്കി, അധികാരമല്‍സരത്തിന്റെ ആയുധമാക്കി. അസമിലാണ് ബ്രിട്ടിഷുകാര്‍ ആദ്യമായി ചായത്തോട്ടങ്ങള്‍ നട്ടുവളര്‍ത്തിയത്. സിംഗ്‌പോ എന്ന പ്രാദേശിക ഗോത്രവര്‍ഗക്കാരുമായി ചേര്‍ന്നായിരുന്നു ആദ്യം കൃഷി. ഈ കൃഷി പില്‍ക്കാലത്ത് ചൈനക്കാരുമായും ബര്‍മക്കാരുമായും പ്രാദേശിക നിവാസികളുമായുള്ള അധികാരമല്‍സരത്തിലെത്തിച്ചേര്‍ന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു കൂലിത്തൊഴിലാളികളെ അസമിലേക്ക് ഇറക്കുമതി ചെയ്താണ് ബ്രിട്ടിഷുകാര്‍ തേയിലത്തോട്ടങ്ങള്‍ പിന്നീട് നടത്തിപ്പോന്നത്. 'അസം പണിക്കാരുടെ' പ്രശ്‌നങ്ങള്‍ പില്‍ക്കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വംശീയകലാപങ്ങളായി പരിണമിച്ചു എന്നത് ചരിത്രം. പ്രലോഭിപ്പിച്ചും പേടിപ്പിച്ചും ബ്രിട്ടിഷ് ഭരണാധികാരികള്‍ ഇന്ത്യക്കാരെ ചായകുടിക്കാന്‍ പഠിപ്പിച്ചു. ചായകുടിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് അടിയായിരുന്നു ശിക്ഷ. ബ്രിട്ടിഷ് ഭരണകൂടം നടപ്പില്‍വരുത്തിയ തൊഴിലാളികള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ ഇന്ത്യയുടെ വ്യവസായവല്‍ക്കരണത്തെ തളര്‍ത്തുമെന്നായിരുന്നു ഇവിടത്തെ ദേശീയനേതാക്കളുടെ കാഴ്ചപ്പാട്. ഇന്ത്യക്കാരായിരുന്നുവല്ലോ വ്യവസായികള്‍. അതേസമയം, ചായത്തോട്ടങ്ങള്‍ ബ്രിട്ടിഷ് ഉടമസ്ഥതയിലായിരുന്നതിനാല്‍ ദേശീയനേതാക്കള്‍ തൊഴിലാളികളുടെ ഭാഗത്താണു നിലകൊണ്ടത് എന്ന വൈരുധ്യവും ചായയുമായി ബന്ധപ്പെട്ട് ഉണ്ട്.

RELATED STORIES

Share it
Top