ചാന്ദ്രയാന്‍ രണ്ട് ഏപ്രില്‍ രണ്ടിന് വിക്ഷേപിക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ പദ്ധതിയുടെ രണ്ടാം ഘട്ടമായ ചാന്ദ്രയാന്‍ രണ്ട് ഏപ്രിലില്‍ വിക്ഷേപിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങാണ് ഇതുസംബന്ധിച്ച അറിയിപ്പ് നടത്തിയത്. ചന്ദ്രനിലിറങ്ങി പര്യവേക്ഷണം നടത്തുന്ന റോവര്‍ ഉള്‍പ്പെടെ അടങ്ങുന്നതാണ് ചാന്ദ്രയാന്‍ രണ്ട്. 800 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇത്. റോവറിനെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാനാണു പദ്ധതിയിട്ടിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു.
ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ റോവര്‍ ഇറക്കി പര്യവേക്ഷണം നടത്തുന്ന ഐഎസ്ആര്‍ഒയുടെ ആദ്യത്തെ പദ്ധതിയാണ് ചാന്ദ്രയാന്‍ രണ്ട്. വിക്ഷേപണത്തിന് നിശ്ചയിച്ചിരിക്കുന്നത് എപ്രിലാണെങ്കിലും എന്തെങ്കിലും കാരണത്താല്‍ ഇതു നീട്ടിവയ്‌ക്കേണ്ടിവന്നാല്‍ നവംബറിലാവും വിക്ഷേപണം നടക്കുകയെന്നും വിശദീകരിച്ച കെ ശിവന്‍ ചന്ദ്രന്റെ ദക്ഷിണധ്രുവം കുഴപ്പംപിടിച്ച പ്രദേശമാണെന്നും അവിടെയുള്ള പാറകള്‍ വളരെയധികം പ്രായമുള്ളവയാണെന്നും അതിനാലാണ് ദക്ഷിണ ധ്രുവത്തില്‍ റോവറിനെ ഇറക്കാന്‍ പദ്ധതിയിട്ടതും. ഇവിടെ പര്യവേക്ഷണം നടത്തിയാല്‍ പ്രപഞ്ചോല്‍പ്പത്തിയേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ചന്ദ്രനെ ഭ്രമണംചെയ്യുന്ന പേടകം, റോവര്‍, ഇതിനെ ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നീ മൂന്നു ഘട്ടങ്ങളാണ് ചാന്ദ്രയാന്‍ രണ്ടിലുള്ളത്. ഭാരം 3,290 കിലോ. പേടകം ചന്ദ്രന്റെ നിന്ന് 100 കിലോമീറ്റര്‍ അടുത്തെത്തുമ്പോള്‍ ഇതില്‍ നിന്ന് റോവറും അതിനെ ഇറക്കാനുള്ള ലാന്‍ഡറും വേര്‍പെട്ട് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

RELATED STORIES

Share it
Top