ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി

കോട്ടയം: വൈക്കം എഴുമാംതുരുത്ത് മുണ്ടാറില്‍ വെള്ളപ്പൊക്കക്കെടുതി റിപോര്‍ട്ട് ചെയ്തു മടങ്ങിയ മാതൃഭൂമി ന്യൂസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി രണ്ടുപേരെ കാണാതായി. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തി. മാതൃഭൂമിയുടെ തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ബിപിന്‍ (26), കടുത്തുരുത്തി മാതൃഭൂമി പ്രാദേശികലേഖകന്‍ സജി മെഗാസ് (47) എന്നിവരെയാണ് കാണാതായത്.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മുണ്ടാര്‍പാറ കോളനിയുടെ സമീപം കരിയാറിന്റെ മനക്കച്ചിറ ഒമ്പതാം നമ്പറിലായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മാതൃഭൂമി ന്യൂസ് കോട്ടയം ബ്യൂറോയിലെ റിപോര്‍ട്ടര്‍ തൃശൂര്‍ കൂടപ്പുഴമന ഭാസ്‌കരന്‍ നമ്പൂതിരിയുടെ മകന്‍ കെ ബി ശ്രീധരനെ(28)യും തിരുവല്ല ബ്യൂറോയിലെ കാമറാമാന്‍ ചിറക്കടവ് തടിച്ചുമാക്കില്‍ അഭിലാഷി(29)നെയുമാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍പാറയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാംപ് റിപോര്‍ട്ട് ചെയ്ത് മടങ്ങവെയാണ് അപകടമുണ്ടായത്. വള്ളം മറിഞ്ഞ ഉടന്‍ വള്ളം തുഴഞ്ഞിരുന്ന മുണ്ടാര്‍പാറയില്‍ അഭിലാഷ് നാലുപേരെയും രക്ഷിച്ച് മറിഞ്ഞ വള്ളത്തില്‍ പിടിച്ചുകിടന്നു. ബഹളംകേട്ട് സമീപത്ത് പുല്ലുചെത്തിയിരുന്നവര്‍ മറ്റൊരു വള്ളത്തിലെത്തി ശ്രീധരനെയും അഭിലാഷിനെയും രക്ഷപ്പെടുത്തി. ഇതിനിടെ മറ്റു രണ്ടുപേര്‍ കൈവിട്ട് ആറിലേക്ക് മുങ്ങിത്താഴുകയായിരുന്നു.
കാണാതായവര്‍ക്കായി അഗ്‌നിശമന സേന, സ്‌കൂബ ഡൈവേഴ്‌സ് എന്നിവരും നാട്ടുകാരുമാണ് തിരച്ചില്‍ നടത്തുന്നത്. രാത്രി ഏഴരയോടെ തിരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. കൊച്ചിയില്‍ നിന്ന് നേവിയുടെ മുങ്ങല്‍വിദഗ്ധര്‍ എത്തിയശേഷം ഇന്ന് തിരച്ചില്‍ പുനരാരംഭിക്കും.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top