ചാത്തന്‍ കുട്ടിക്ക് നഷ്ടപ്പെടുന്നത് കൂലിപ്പണിയെടുത്തു നിര്‍മിച്ച വീട്‌

തേഞ്ഞിപ്പലം: കൂലിപ്പണിയെടുത്ത് ഉണ്ടാക്കിയ കൂര ദേശീയ പാത വികസനത്തിലൂടെ നഷ്ടപ്പെടുമ്പോള്‍ പെരുവഴിയിലാവുമെന്ന ആധിയിലാണ് വൃദ്ധരായ പടിക്കല്‍ കോഴി പറമ്പത്ത് ചാത്തന്‍ കുട്ടിയും ഭാര്യ ചക്കിക്കുട്ടിയും. അമ്പത് വര്‍ഷത്തിലധികമായി ഇവര്‍ ഇവിടെ താമസിക്കുന്നു. അധ്വാനിച്ചുണ്ടാക്കിയ വീടും സ്ഥലവും നഷ്ടപ്പെടുമെന്നറിഞ്ഞതോടെ ഉറക്കമില്ലെന്ന് ഇവര്‍ പറയുന്നു. ബുദ്ധിമാന്ദ്യമുള്ള മകളും അരയ്ക്ക് താഴെ തളര്‍ന്ന മകനും നൊമ്പര കാഴ്ചയാണ്.
മറ്റൊരു മകനും ഭാര്യയും വിവാഹ മോചിതയായ മകളും സഹോദരിയും അവരുടെ മകനുമടങ്ങുന്ന കുടുംബമാണ് ഈ കൊച്ചു വീട്ടില്‍ താമസിക്കുന്നത്. ജീവിതം തന്നെ ഞെരുങ്ങിയാണ് കഴിച്ചുകൂട്ടുന്നത്. ജോലിക്കൊന്നും പോവാന്‍ കഴിയാത്ത ചാത്തന്‍ കുട്ടിയുടെ ഇളയ മകന്‍ രഞ്ജിത്തിന്റെ ചികില്‍സാ ചെലവ് തന്നെ ഭാരിച്ചതാണ്. ദേശീയപാത വികസനത്തിന്റെ പേരില്‍ വീടും സ്ഥലവും നഷ്ടപ്പെടുന്നത് കൂടുതല്‍ ഇരുട്ടടിയായി. തളര്‍ന്ന് കിടക്കുന്ന മകനെയും വൈകല്യമുള്ള മകളുമായി എങ്ങോട്ട് പോവുമെന്ന് ചാത്തന്‍ കുട്ടിയും ഭാര്യ കൊറ്റിക്കുട്ടിയും ചോദിക്കുമ്പോള്‍ ആര്‍ക്കും ഉത്തരമില്ല. നഷ്ടപരിഹാരമായി ലഭിക്കുന്ന കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടാനുമില്ല. ഇനിയെന്ത് ചെയ്യുമെന്നറിയാതെ കൈമലര്‍ത്തുകയാണ് ഈ കുടുംബം.

RELATED STORIES

Share it
Top