ചാണകക്കുണ്ടില്‍ കൈയിട്ടു വാരുമ്പോള്‍

ഗ്രീന്‍നോട്്‌സ്്്       ജി  എ  ജി  അജയമോഹന്‍

ഈയിടെയായി രാജ്യത്ത് ഏതു പ്രശ്‌നവും പരിഹരിക്കാന്‍ ആദ്യം സമീപിക്കുന്നത് പശുവിനെയാണെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും. പശു ഓക്‌സിജന്‍ പുറത്തുവിടുന്നു എന്നും ഒരുനുള്ള് പശുവിന്‍ നെയ്യ് തീയിലിട്ടാല്‍ ടണ്‍കണക്കിന് ഓക്‌സിജന്‍ കുമുകുമാന്ന് വമിക്കുമെന്നുമൊക്കെയുള്ള സന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഓടിനടക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇത്തരം വാര്‍ത്തകളില്‍ സത്യമേത്, വ്യാജമേത് എന്നു തിരിച്ചറിയാന്‍പോലും വിഷമമാണ്.
ഇന്ത്യന്‍ റെയില്‍വേക്ക് 42 കോടി രൂപയുടെ ചാണകം ഈ വര്‍ഷം ആവശ്യമായി വരുമെന്ന് ഈയിടെ പുറത്തുവന്ന വാര്‍ത്ത അത്തരത്തിലൊന്നാണ്. ട്രെയിനുകളില്‍ സ്ഥാപിച്ചിട്ടുള്ള ജൈവശൗചാലയം- ബയോടോയ്‌ലറ്റ്- സംവിധാനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ടിയാണത്രേ ഇത്രയും ചാണകം ആവശ്യമായിവരുന്നത്. ഓക്‌സിജന്‍ കഥപോലെയല്ല ഈ വാര്‍ത്ത. വസ്തുതയുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ തുറന്ന കക്കൂസ് എന്ന ചീത്തപ്പേര് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തെ ട്രെയിനുകളില്‍ ജൈവശൗചാലയങ്ങള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചത്. 2016-17 വര്‍ഷത്തില്‍ 20,000 ജൈവശൗചാലയങ്ങള്‍ സ്ഥാപിക്കുമെന്നായിരുന്നു റെയില്‍മന്ത്രാലയത്തിന്റെ പ്രഖ്യാപനം. നിലവിലുള്ള ശൗചാലയങ്ങള്‍ ജൈവരീതിയിലേക്കു മാറ്റുകയാണു ചെയ്തത്. എന്നാല്‍, ഇത്തരത്തില്‍ സ്ഥാപിക്കപ്പെട്ട ബയോടോയ്‌ലറ്റുകളെപ്പറ്റി വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്. പരസ്യത്തില്‍ പറയുന്നതുപോലെ ശരിക്കും ശോചനാലയങ്ങള്‍!
വിസര്‍ജ്യവസ്തുക്കളെ ബാക്റ്റീരിയയുടെ സഹായത്താല്‍ ദഹിപ്പിച്ച് ബയോഗ്യാസും വെള്ളവുമായി മാറ്റുന്ന സംവിധാനമാണ് ബയോടോയ്‌ലറ്റുകളിലുള്ളത്. ടോയ്‌ലറ്റില്‍ ഘടിപ്പിച്ച പ്രത്യേക അറയിലുള്ള സൂക്ഷ്മജീവികളാണ് മാലിന്യങ്ങളെ വിഘടിപ്പിച്ച് പുറന്തള്ളാവുന്ന വസ്തുക്കളാക്കിമാറ്റുന്നത്. ഈ സംവിധാനം ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങണമെങ്കില്‍ ആദ്യം കുറച്ച് സൂക്ഷ്മ ജീവികളെ നിക്ഷേപിക്കണം. ഇനോക്യുലം എന്നാണ് ഇതിനു പറയുക. 60 ലിറ്ററോളം ചാണകവെള്ളം കലര്‍ത്തിയാണ് ഓരോ ടോയ്‌ലറ്റിലും ഇനോക്യുലം നിറയ്ക്കുക.
എന്നാല്‍, നടപ്പാക്കിത്തുടങ്ങിയതോടെ ബയോടോയ്‌ലറ്റുകള്‍ പലപ്പോഴും നാറ്റക്കേസായി മാറി. ടോയ്‌ലറ്റുകള്‍ അടഞ്ഞുപോവുന്നതു തന്നെ പ്രധാന പ്രശ്‌നം. ഇതിലും ഭേദം പഴയ തുറന്ന കക്കൂസ് തന്നെയെന്ന്് യാത്രക്കാര്‍ പറഞ്ഞുതുടങ്ങി.
ചാണകശാസ്ത്രം എവിടെയാണു പിഴയ്ക്കുന്നതെന്ന്് വിദഗ്ധര്‍ പരിശോധിച്ചുവരുന്നതേയുള്ളൂ. എങ്കിലും ഒരു പഴയ സംഭവം ശ്രദ്ധയില്‍പ്പെടുത്തുകയാണ്. ആലപ്പുഴ നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഒരു വലിയ സംരംഭത്തിന്റെ ഭാഗമായി നിരവധി ബയോഗ്യാസ്് പ്ലാന്റുകള്‍ സ്ഥാപിക്കുകയുണ്ടായി. ഓരോ പ്ലാന്റിലും തുടക്കത്തില്‍ ചാണകവെള്ളം നിറയ്ക്കും, സൂക്ഷ്മജീവികളെ നിക്ഷേപിക്കുന്നതിനായി. ചാണകവെള്ളത്തിലെ സൂക്ഷ്മജീവികള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ പ്ലാന്റിലെ വാതക അറ ഉയരും. അതോടെ മാലിന്യങ്ങള്‍ നിക്ഷേപിച്ചുതുടങ്ങാം. എന്നാല്‍, ചാണകവെള്ളം നിറച്ച്് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഒരു പ്രശ്‌നമുയരുന്നത്. പ്ലാന്റിന് എവിടെയോ ഒരു 'ശേഷിക്കുറവ്'- വാതക അറ ഉയരുന്നില്ല.
എന്താണു പ്രശ്‌നമെന്നു വിദഗ്ധര്‍ വിശദമായി പരിശോധിച്ച് കണ്ടെത്തി. പ്രശ്‌നം ചാണകത്തിന്റേതാണ്. ഒരുദിവസം 15ഓളം പ്ലാന്റുകള്‍ വരെ സ്ഥാപിക്കുന്ന ബൃഹദ് പദ്ധതിയാണ്. ഓരോ പ്ലാന്റിലും 150 ലിറ്ററോളം ചാണകവെള്ളം വേണം. ഇത്രയേറെ ആവശ്യമുള്ളതിനാല്‍ സംഗതി ഒരു വലിയ കന്നുകാലി ഫാമില്‍ നിന്നാണു വാങ്ങിയത്്. വളരെ വൃത്തിയും വെടിപ്പുമുള്ള ആധുനിക ഫാമായിരിക്കാമത്. ദിവസവും ബ്ലീച്ചിങ് പൗഡറും അണുനാശിനിയുമൊക്കെ ഉപയോഗിച്ച് വൃത്തിയാക്കുന്ന ഫാമില്‍നിന്നുള്ള ചാണകത്തില്‍ സൂക്ഷ്മജീവികള്‍ കമ്മിയാണ്.
ഒടുവില്‍ ഒന്നും രണ്ടും പശുക്കളുള്ള ചെറുകിട കര്‍ഷകരില്‍ നിന്നു ചാണകം സംഭരിച്ച് ഉപയോഗിച്ചാണ് പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്.
ചാണകത്തിന്റെ ഈ സാങ്കേതികപ്രശ്‌നം തന്നെയാവുമോ റെയില്‍വേയുടെ ബയോടോയ്‌ലറ്റുകളെ ബാധിച്ചിരിക്കുന്ന പ്രതിസന്ധി എന്നു വ്യക്തമല്ല. ഈ വര്‍ഷം 97,761 ടോയ്‌ലറ്റുകള്‍ക്കു വേണ്ടി ലിറ്ററിന് 19 രൂപ നിരക്കിലാണ് ചാണകം വാങ്ങാന്‍ ഉദ്ദേശിക്കുന്നതത്രേ. കോടികളുടെ ഇടപാടാണ്. സ്വാഭാവികമായും കോര്‍പറേറ്റുകളും വന്‍കിട കരാറുകാരും വമ്പന്‍ ഫാമുകളുമൊക്കെ തന്നെയാവും പ്രധാന കളിക്കാര്‍.
ആലപ്പുഴയില്‍ പറ്റിയ അബദ്ധം സംഭവിക്കാതിരിക്കാന്‍ റെയില്‍വേ ചാണകത്തിന്റെ ഗുണമേന്മ- കീടങ്ങളും സൂക്ഷ്മജീവികളുമൊക്കെയുള്ള ശരിക്കും വൃത്തികെട്ട ചാണകം തന്നെയാണെന്ന്്- ഉറപ്പുവരുത്തേണ്ടതുണ്ട്്. ഇല്ലെങ്കില്‍ പണി വീണ്ടും പാളും, അക്ഷരാര്‍ഥത്തില്‍ നാറും, നാടാകെ.                                                   ി

RELATED STORIES

Share it
Top