ചാക്കിനു മേല്‍ ലേബല്‍ പതിച്ച് സര്‍ക്കാരും കൃഷിവകുപ്പും പറ്റിക്കുന്നു: കെ ശിവദാസന്‍ നായര്‍പത്തനംതിട്ട: ആറന്മുള അരി എന്ന പേരില്‍ ചാക്കിന്റെ മുകളില്‍ ലേബല്‍ പതിച്ച് സര്‍ക്കാരും കൃഷിവകുപ്പും ജനങ്ങളെ പറ്റിക്കുകയാണെന്ന് മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ കുറ്റപ്പെടുത്തി. ആറന്മുള വിമാനത്താവള പദ്ധതി അട്ടിമറിച്ചതിനെ ന്യായീകരിക്കാന്‍ നടത്തുന്ന വൃഥാ വ്യായാമമാണ് ആറന്മുള ബ്രാന്‍ഡ് അരി. വിമാനത്താവള പദ്ധതി പ്രദേശത്തോ കെജിഎസ് കമ്പനിയുടെ കൈവശമുണ്ടായിരുന്ന സ്ഥലത്തോ ഒരു മണി നെല്ലുപോലും കൃഷി ചെയ്തിട്ടില്ല. മറിച്ചുള്ള പ്രചാരണം വാസ്തവവിരുദ്ധമാണ്. ആറന്മുള എന്‍ജിനീയറിങ് കോളിനു മുന്‍വശം സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മുഖ്യമന്ത്രിയെത്തി വിത്തെറിഞ്ഞത്. അവിടെ എത്ര ഏക്കറില്‍ കൃഷി നടത്തിയെന്നും എത്ര നെല്ല് കിട്ടിയെന്നും ചെലവെത്രയെന്നും കൃഷിവകുപ്പ് വ്യക്തമാക്കണം. വസ്തു ഉടമസ്ഥന് ഉല്‍പാദനത്തിന്റെ പങ്ക് നല്‍കിയിട്ടില്ലെന്നും പരാതിയുണ്ട്. വിമാനത്താവള പദ്ധതി പ്രദേശത്തിനു പുന്നയ്ക്കാട്, നീര്‍വിളാകം പാടശേഖരങ്ങളിലാണ് ഈവര്‍ഷം കൃഷി നടത്തിയത്. അവിടെ കൃഷി ചെയ്യുന്നതിനു ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് ഉല്‍പാദിപ്പിച്ച നെല്ലാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ഓരോ പാടശേഖരത്തിനും കൃഷിയിറക്കുന്നതിന് എത്ര രൂപ ചെലവഴിച്ചുവെന്നും എന്തു വരുമാനം ലഭിച്ചുവെന്നും ജനങ്ങളെ അറിയിക്കാനുള്ള ബാധ്യതയും കൃഷിവകുപ്പിനുണ്ടെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു. ആറന്മുള അരിയെന്ന പേരില്‍ വില്‍ക്കുന്ന അരി എവിടെ ഉല്‍പാദിപ്പിച്ചതാണെന്ന് അന്വേഷിക്കണം. വിമാനത്താവളം പദ്ധതി പ്രദേശത്ത് ഔദ്യോഗിക സംരക്ഷണത്തോടെ വന്‍തോതില്‍ മണ്ണുകച്ചവടം നടക്കുന്നതായും ശിവദാസന്‍ നായര്‍ കുറ്റപ്പെടുത്തി. കൃഷിയുടെയും തോടിന്റെയും പേരില്‍ നടക്കുന്ന കൊള്ളയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top