ചാംപ്യന്‍മാര്‍ക്ക് ഇന്ന് ജീവന്‍മരണ പോരാട്ടം; കൊറിയന്‍ കോട്ട തകര്‍ത്താല്‍ അകത്ത്മോസ്‌കോ: ഗ്രൂപ്പ് എഫിലെ അവസാന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി ഇന്ന് ഏഷ്യന്‍ കരുത്തരായ ദക്ഷിണ കൊറിയയെ നേരിടാനിറങ്ങുമ്പോള്‍ ജര്‍മന്‍ ആരാധക മനസ്സിലും ആശങ്കയാണുള്ളത്.  ഇന്ന് പരാജയപ്പെടുകയും ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ സ്വീഡന്‍ മെക്‌സിക്കോയെ അട്ടിമറിക്കുകയും ചെയ്താല്‍ ജോച്ചിം ലോയ്ക്കും സംഘത്തിനും നാട്ടിലേക്കു മടങ്ങാം. എന്നാല്‍, ഈ ഫലം വളരെ വിരളമായാണ് സംഭവിക്കുകയെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മുന്‍ ലോക ചാംപ്യന്‍മാരായ ഇറ്റലിയുടെ ലോകകപ്പ് സ്വപ്‌നം ഊതിക്കെടുത്തിയാണ് സ്വീഡന്‍ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കിയെന്നതിനാല്‍ ജര്‍മന്‍ പടയുടെ നെഞ്ചിടിപ്പ് കൂടും. ഗ്രൂപ്പ് എഫില്‍ ജര്‍മന്‍ ടീമിനെ അട്ടിമറിച്ച മല്‍സരമടക്കം ആദ്യ രണ്ടു കളിയും വെന്നിക്കൊടി നാട്ടിയ മെക്‌സിക്കോ ഗ്രൂപ്പില്‍ ആറു പോയിന്റോടെ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും അവരും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടില്ല. ഇന്നു നടക്കുന്ന മല്‍സരത്തില്‍ ജര്‍മനിയും സ്വീഡനും രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ മെക്‌സിക്കോയും ലോകകപ്പില്‍ നിന്നു പുറത്താവും. മൂന്നു പോയിന്റ് വീതമുള്ള ജര്‍മനിയും സ്വീഡനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗോള്‍ ശരാശരിയില്‍ ഇരു ടീമും 2:2ല്‍ നില്‍ക്കുന്നുണ്ടെങ്കിലും ഗ്രൂപ്പില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ വിജയിച്ചതിന്റെ പിന്‍ബലത്തിലാണ് ജര്‍മനി രണ്ടാമത് നില്‍ക്കുന്നത്.
കളിച്ച രണ്ടു മല്‍സരങ്ങളും പരാജയപ്പെട്ട കൊറിയക്കെതിരേ വന്‍ മാര്‍ജിനില്‍ ജയിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരാവാനുറച്ചാവും ജര്‍മനി ഇന്നു കളത്തിലിറങ്ങുക. ടോട്ടനം താരം ഹ്യുങ് മിന്‍ സണിന്റെ പെനല്‍റ്റി ഗോളാണ് കൊറിയക്ക് ആശ്വാസമെന്നു പറയാനുള്ളത്. മൂന്നു ഗോളുകള്‍ അവര്‍ വഴങ്ങിയിട്ടുമുണ്ട്. മെക്‌സിക്കോയോട് 1-0ന്റെ ആഘാതവുമായി ആദ്യ മല്‍സരം അവസാനിപ്പിക്കേണ്ടി വന്ന ചാംപ്യന്‍മാര്‍ മികച്ച തിരിച്ചുവരവാണ് രണ്ടാം റൗണ്ടില്‍ നടത്തിയത്. സമനിലയില്‍ പിരിയേണ്ട സ്വീഡനെതിരായ മല്‍സരം തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ജര്‍മന്‍ സൂപ്പര്‍ താരം ടോണി ക്രൂസിന്റെ അവിസ്മരണീയ ഗോളിന്റെ പിന്‍ബലത്തില്‍ അവര്‍ നിര്‍ണായകമായ മൂന്നു പോയിന്റും അക്കൗണ്ടിലാക്കി. ഉയിര്‍െത്തഴുന്നേല്‍പ്പിന്റെ വക്കിലെത്തിയ ജര്‍മന്‍ പടയെ കീഴ്‌പ്പെടുത്താന്‍ ഇനി ഏഷ്യന്‍ കരുത്തര്‍ പതിനെട്ടടവും പയറ്റേണ്ടി വരുമെന്നാണ് ഈ മല്‍സരം സൂചിപ്പിക്കുന്നത്. ലോകകപ്പില്‍ ഇരുടീമും രണ്ടു തവണ മുഖാമുഖമെത്തിയപ്പോള്‍ രണ്ടിലും ജയം ജര്‍മനിക്കൊപ്പമാണെന്ന ചരിത്രം തിരുത്താന്‍ കൊറിയ ഇന്നിറങ്ങുമ്പോള്‍ ആ ചരിത്രത്തിനു വീണ്ടും ആയുസ്സ് നീട്ടാനുള്ള പടപ്പുറപ്പാടിലാണ് ലോക ചാംപ്യര്‍.

RELATED STORIES

Share it
Top