ചാംപ്യന്‍മാരെ വീഴ്ത്തി ഐസോള്‍ സൂപ്പര്‍ കപ്പ് ക്വാര്‍ട്ടറില്‍
ഭൂവനേശ്വര്‍: നിലവിലെ ഹീറോ സൂപ്പര്‍ കപ്പിന്റെ ആദ്യ പ്രീക്വാര്‍ട്ടറില്‍ ഐഎസ്എല്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് പരാജയപ്പെടുത്തി മുന്‍ ഐലീഗ് ചാംപ്യന്‍മാരായ ഐസോള്‍ എഫ്‌സി ക്വാര്‍ട്ടറില്‍ കടന്നു. മല്‍സരം 1-1നും പിന്നീട് എക്‌സ്ട്രാ ടൈമില്‍ 2-2നും സമനിലയില്‍ കലാശിച്ച ശേഷം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. റൊമാനിയന്‍ താരം ആന്ദ്രേ അയണസ്‌കുവിന്റെ ഇരട്ടഗോളാണ് ഐസോളിന് വിജയം നല്‍കിയത്. ചെന്നൈയിന് വേണ്ടി മെയ്ല്‍സന്‍ ആല്‍വ്‌സ് ചെന്നൈയുടെ ഏകഗോള്‍ കണ്ടെത്തി. കളി തുടങ്ങി 22ാം മിനിറ്റില്‍ അയണസ്‌കുവിലൂടെ ഐസോള്‍ എഫ്‌സി ആദ്യ അക്കൗണ്ട് സ്വന്തമാക്കി. എന്നാല്‍ മികച്ച പ്രതിരോധത്തിലൂന്നിക്കളിച്ച ഐസോളിനെതിരേ ഗോള്‍ കണ്ടെത്താന്‍ ചെന്നൈയിന്‍ വിഷമിച്ചെങ്കിലും മല്‍സരം  അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ 89ാം മിനിറ്റില്‍ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ മെയില്‍സന്‍ ചെന്നൈയിന് സമനില സമ്മാനിച്ചു. പിന്നീട് ഇരു ടീമുള്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ മല്‍സരം എക്‌സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമിലെ ആദ്യ മിനിറ്റില്‍(91) തന്നെ അയണസ്‌കുവിന്റെ രണ്ടാം ഗോളിലൂടെ ഐസോള്‍ വീണ്ടും മുന്നിലെത്തി. വീണ്ടും സമനിലയ്ക്ക് വേണ്ടി വിയര്‍ത്തുകളിച്ച ചെന്നൈയിന് 114ാം മിനിറ്റില്‍ ധനചന്ദ്ര സിങ് 2-2ന്റെ സമനില നല്‍കി. വീണ്ടും വിജയഗോളിന് വേണ്ടി ഇരുടീമും കളിമെനഞ്ഞെങ്കിലും മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ 2-3ന് നിലവിലെ ഐഎസ്എല്‍ ചാംപ്യന്‍മാരെ വീഴ്ത്തി ഐസോള്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top