ചവിട്ടിപ്പുറത്താക്കിയവര്‍ക്ക് ചുവപ്പു പരവതാനി

മധ്യമാര്‍ഗം - പരമു
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണത്തിനു പ്രകടമായ രണ്ട് കുറവുകള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. അതു പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തി മടുത്തിരിക്കുകയുമാണ്. കുറവ് കുറവു തന്നെയായി തുടരുന്നതുകൊണ്ട് മുന്നണിക്കും ഭരണത്തിനും ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്ഷീണം വിവരണാതീതവും. ഒടുവില്‍ കമ്മ്യൂണിസ്റ്റുകളുടെ തന്ത്രങ്ങളിലെ മുമ്പനെ തന്നെ ആശ്രയിക്കേണ്ടിവന്നു. ഗത്യന്തരമില്ലാതെ, ആപല്‍ഘട്ടങ്ങളില്‍ മാത്രം പുറത്തെടുക്കുന്ന ലെനിനിസ്റ്റ് സംഘടനാതത്ത്വം!
പാര്‍ട്ടി കണ്ടെത്തിയ കുറവുകള്‍ എന്താണെന്നു നോക്കാം. മുന്നണി ഭരണം കേമമാണ്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരുന്നുണ്ട്. എന്നാല്‍, ഭരണത്തിനു ജനാധിപത്യ പിന്തുണയും പത്ര-ദൃശ്യ മാധ്യമങ്ങളുടെ സഹകരണവും വേണ്ടത്ര ലഭിക്കുന്നില്ല. ഈ രണ്ടു കുറവുകളാണ് ഒറ്റയടിക്ക് വലിയൊരളവില്‍ പരിഹരിക്കാന്‍ സാധിച്ചത്. ഈ കുറവുകളുടെ വിഷമം മുന്നണിയെ നയിക്കുന്ന പാര്‍ട്ടിക്കു മാത്രമേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് ഭരണത്തിനു ചുക്കാന്‍പിടിക്കുന്ന പാര്‍ട്ടി തന്നെ അതിന്റെ പരിഹാരവും കണ്ടെത്തി.
കോഴിക്കോട് ലോക്‌സഭാ സീറ്റിനെ ചൊല്ലി ചവിട്ടിപ്പുറത്താക്കിയ എം പി വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയപ്പാര്‍ട്ടിയെ തിരികെ കൊണ്ടുവന്നതോടെയാണു മേല്‍ കുറവുകള്‍ പരിഹരിക്കപ്പെട്ടത്. എട്ടുവര്‍ഷം മുമ്പാണ് ഈ പാര്‍ട്ടിയെ മറുകണ്ടം ചാടിച്ചത്. ഒഴിഞ്ഞുപോയത് വെറുമൊരു രാഷ്ട്രീയപ്പാര്‍ട്ടി ആയിരുന്നില്ല. അവരോടൊപ്പം നല്ല അളവില്‍ ജനാധിപത്യവും പോയി. ദേശീയ-അന്തര്‍ദേശീയ വര്‍ത്തമാനങ്ങളൊക്കെ പറയുമെങ്കിലും പാര്‍ട്ടിക്ക് സംസ്ഥാനത്ത് തിണ്ണബലം കുറവാണ്. പക്ഷേ, ജനപിന്തുണയുള്ള ഒരു പത്രവും ചാനലും അധീനതയിലുണ്ട്. പാര്‍ട്ടിയുടെ പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ തലയെടുപ്പും പ്രഭാഷണവും എഴുത്തും തന്ത്രജ്ഞതയും മുതല്‍ക്കൂട്ടാണ്. ഓര്‍ക്കാപ്പുറത്ത് അതും കൈവിട്ടുപോയി. കണ്ണു പോയാലെ കണ്ണിന്റെ വില അറിയൂ എന്നു പറഞ്ഞതുപോലെ ഈ കൊച്ചു പാര്‍ട്ടി എതിര്‍മുന്നണിയിലേക്കു മാറിയപ്പോഴാണ് അവരുടെ മഹാശക്തി മനസ്സിലാക്കുന്നത്.
കുറവുകള്‍ നികത്താന്‍, പോയവരെ തിരികെ കൊണ്ടുവരാന്‍ പലപല പദ്ധതികളും ആസൂത്രണം ചെയ്‌തെങ്കിലും പരാജയപ്പെടുകയായിരുന്നു. ചവിട്ടിപ്പുറത്താക്കിയതുകൊണ്ട് വീരന്‍ പാര്‍ട്ടിക്ക് മടങ്ങിവരാന്‍ വല്ലാത്ത നാണം! അപ്പോഴേക്കും വീരന് പേരിന്റെ മുമ്പിലെ പോലെ പിന്നിലും എംപി എന്ന രണ്ടക്ഷരം അപൂര്‍വ ബഹുമതിയായി ലഭിച്ചു! ഇടതുപക്ഷ ഭരണത്തിലെ രണ്ടാംകക്ഷിയായ സിപിഐ ചില്ലറ ശല്യങ്ങള്‍ തുടങ്ങിയതോടെ ഏതുവിധേനയും വീരനെയും കൂട്ടരെയും സ്വന്തം പാളയത്തിലെത്തിക്കാന്‍ സിപിഎം ഭഗീരഥ പരിശ്രമങ്ങള്‍ തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ അനുകൂലമായ ചില ഘടകങ്ങള്‍ പൊന്തിവന്നത് വളരെ സഹായകമായി. ഇതിനുവേണ്ടി മഴയ്ക്കു മുമ്പു തന്നെ ഉഴിച്ചില്‍ തുടങ്ങിയിരുന്നു. അന്നു ചവിട്ടിയപ്പോള്‍ ക്ഷതമേറ്റ ഭാഗങ്ങളിലൊക്കെ അമര്‍ത്തി ഉഴിച്ചില്‍. പരിക്ക് അല്‍പം സാരമുള്ളതായതിനാല്‍ ഉഴിച്ചില്‍ കുറച്ച് നീണ്ടുപോയി. പാര്‍ട്ടി സമ്മേളനം തുടങ്ങുന്നതിനു മുമ്പു തന്നെ ലെനിനിസ്റ്റ് സംഘടനാതത്ത്വ പ്രകാരമുള്ള ഉഴിച്ചില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പാര്‍ട്ടി സമ്മേളനം തുടങ്ങുന്നതിനു മുമ്പു തന്നെ വീരന്റെ പാര്‍ട്ടിക്ക് നാണം തീര്‍ന്നുകിട്ടി. ഉടനെ ഭാരമായി മാറിയ എംപി പദവി ഉപേക്ഷിക്കുകയും ചെയ്തു. നാണവും എംപി സ്ഥാനവും പോയപ്പോള്‍ കച്ചവടം ഉറപ്പിക്കാന്‍ പാര്‍ട്ടിക്ക് എളുപ്പവുമായി.
ലെനിനിസ്റ്റ് തത്ത്വപ്രകാരം എതിരാളികളുടെ ലക്ഷ്യവും മാര്‍ഗവും മനസ്സിലിരിപ്പും നന്നായി അറിയണമെന്നുണ്ട്. എന്തൊക്കെയാ വേണ്ടത് എന്നു ചോദിച്ചപ്പോള്‍ മറുപടി ഒരു കടലാസില്‍ എഴുതിക്കാട്ടി. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകര സീറ്റ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറു സീറ്റുകള്‍. രണ്ട് കോര്‍പറേഷന്‍ ചെയര്‍മാന്‍ പദവി. നിയമസഭാ സീറ്റുകള്‍ ഏതൊക്കെയാണ് ഉദ്ദേശിക്കുന്നതെന്നു മയത്തില്‍ ഇവിടന്ന് അങ്ങോട്ട് ചോദിച്ചു. തിരുവനന്തപുരം- 1, പാലക്കാട്- 1, കോഴിക്കോട്- 2, വയനാട്-1, കണ്ണൂര്‍-1.
ചോദ്യം: സീറ്റില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലേ?
മറുപടി: രണ്ട് സീറ്റില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല.
ചോദ്യം: അത് ഏതൊക്കെയാണ്?
മറുപടി: കെ പി മോഹനനും മനയത്ത് ചന്ദ്രനും മല്‍സരിച്ച സീറ്റില്‍.
ചോദ്യം: അത് ഞങ്ങളുടെ സിറ്റിങ് സീറ്റ് അല്ലേ?
മറുപടി: ശരിയാണ്. സീറ്റില്‍ ഉറപ്പില്ലെങ്കില്‍ അവരും കൂടെ കുറച്ച് ജനാധിപത്യവും പോവും. വമ്പിച്ച നഷ്ടം സംഭവിക്കും.
ചോദ്യം: അതിനെന്താ ഒരു വഴി?
മറുപടി: സീറ്റില്‍ ഉറപ്പ്.
എന്നാല്‍ ശരി. പൂര്‍ണ സമ്മതം. വീരന്റെ വിശ്വസ്തരായ പാര്‍ട്ടി നേതാക്കള്‍ എകെജി സെന്ററിന്റെ പടിയിറങ്ങി. എല്ലാം ശുഭം. ഇടതുസര്‍ക്കാര്‍ ജനാധിപത്യത്തില്‍ തുള്ളിത്തുളുമ്പാന്‍ പോവുന്നു. ഒരു പത്രവും ടിവിയും സര്‍ക്കാരിനെയും വിശിഷ്യാ മുഖ്യമന്ത്രിയെയും വാഴ്ത്തുന്നു!             ി

RELATED STORIES

Share it
Top