ചവാനെ പ്രോസിക്യൂട്ട് ചെയ്യുന്നത് തടഞ്ഞു

മുംബൈ:  മുംബൈയിലെ ആദര്‍ശ് ഫഌറ്റ് കുംഭകോണ കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു നല്‍കിയ അനുമതി ബോംബെ ഹൈക്കോടതി റദ്ദാക്കി. ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഫെബ്രുവരിയിലാണ് അശോക് ചവാനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐക്ക് ഗവര്‍ണര്‍ അനുമതി നില്‍കിയത്. ഗവര്‍ണറുടെ അനുമതിയെ ചോദ്യം ചെയ്ത് ചവാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നടപടി. കേസന്വേഷിച്ച സിബിഐ പുതുതായി ഒരു തെളിവുപോലും സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നും കോടതി വ്യക്തമാക്കി. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമായി മുംബൈ കൊളാബയില്‍ നിര്‍മിച്ചതാണ് ആദര്‍ശ് ഫഌറ്റ് സൊസൈറ്റി.  മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് അനധികൃതമായി ഫഌറ്റുകള്‍ നല്‍കി. എന്നാണ് കേസ്. കേസില്‍ ചവാനടക്കം ഫഌറ്റ് അനുവദിച്ചതില്‍ അഴിമതി നടത്തിയെന്നാണ് അശോക് ചവാനെതിരേ ഉയര്‍ന്ന ആരോപണം. 31 നിലകളുള്ള ആദര്‍ശ് ഫഌറ്റ് സൊസൈറ്റിയില്‍ ചവാന്റെ മൂന്ന് ബന്ധുക്കള്‍ക്ക് ഫഌറ്റുകളുണ്ട്. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചവാനെതിരേ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി സിബിഐ തേടിയത്. മുഖ്യമന്ത്രിയായിരിക്കേ അശോക് ചവാന്റെ രാജിക്കുവരെ  ആദര്‍ശ് ഫഌറ്റ് അഴിമതി കാരണമായിരുന്നു. ഇക്കാര്യം അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിടം പൊളിച്ചു നീക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കൂടാതെ കെട്ടിടത്തിന് തീരദേശ നിയമം (സിആര്‍സെഡ്) പ്രകാരം അനുമതി ലഭിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അതേമയം, ഹൈക്കോടതി ഉത്തരവ് ജുഡീഷ്യറിയില്‍ തനിക്കുള്ള വിശ്വാസം വര്‍ധിപ്പിച്ചെന്ന് ആശോക് ചവാന്‍ പ്രതികരിച്ചു. ആരോപണം അടിസ്ഥാന രഹിതമാണ്. തനിക്കെതിരേ ഉയര്‍ന്ന ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top