ചവറയില്‍ വീണ്ടും ബൈക്കുകള്‍ തീയിട്ട് നശിപ്പിച്ചു

ചവറ: ചവറയില്‍ രാത്രിയുടെ മറവില്‍ വാഹനങ്ങള്‍ നശിപ്പിക്കുന്നത് തുടര്‍ക്കഥയാവുന്നു. ചൊവ്വാഴ്ചക്ക് പുറമേ  ഇന്നലെ അര്‍ധ രാത്രിയിലും രണ്ട് ബൈക്കുകള്‍ കത്തിച്ചു. തേവലക്കര പടിഞ്ഞാറ്റക്കര വടശ്ശേരി തെക്കതില്‍ ഷാഹുല്‍ ഹമീദിന്റെ വീട്ടുമുറ്റത്തിരുന്ന പള്‍സര്‍, പ്ലാറ്റിന ബൈക്കുകളാണ് ഇന്നലെ അര്‍ദ്ധ രാത്രി 12:30 ഓടെ അഗ്‌നിക്കിരയാക്കിയത്. മൂന്നാമത്തെ ബൈക്കും കത്തിക്കാനുള്ള അക്രമിയുടെ ശ്രമത്തിനിടയില്‍ വീട്ടുകാര്‍ ഉണര്‍ന്നതോടെ ശ്രമം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയും തെക്കുംഭാഗം സ്‌റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്ളതുമായ വടശ്ശേരി പടിഞ്ഞാറ്റതില്‍ റഷീദ്, റംലത്ത് ദമ്പതികളുടെ മകന്‍ ജാരിസാണ് അക്രമിയെന്ന് തെക്കുംഭാഗം പോലിസിന് കൊടുത്ത പരാതിയില്‍ പറയുന്നു. തെക്കുംഭാഗം, ചവറ പോലിസും ഫോറന്‍സിക്, ഫിംഗര്‍പ്രിന്റ്, ഡോഗ് സ്‌ക്വാഡും സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. പ്രതിയായ ജാരിസിനെ പിടികൂടാന്‍ പോലീസ് ശ്രമിച്ചെങ്കിലും പോലീസിനെ കബളിപ്പിച്ച് ജാരീസ് രക്ഷപ്പെട്ടു.   കഴിഞ്ഞ ദിവസം മറ്റൊരു സംഭവത്തില്‍ ചവറ ഭരണിക്കാവ് കുന്നുപറമ്പില്‍ മാത്യുവിന്റെ ബൈക്ക് അര്‍ദ്ധരാത്രിയില്‍ കത്തിച്ചിരുന്നു. അന്നേ ദിവസം തന്നെയാണ് തേവലക്കര പാലക്കല്‍ തെക്ക് വയലില്‍ വീട്ടില്‍ നാസറുദ്ധീന്‍ കുഞ്ഞിന്റെ ക്വാളിസ് കാറും ഹോസ് പൈപ്പും കത്തിച്ചത്.

RELATED STORIES

Share it
Top