ചവര്‍പാടത്തെ കൊയ്ത്തുത്സവം ആഘോഷമാക്കി നാട്ടുകാര്‍

ആലുവ: ചൂര്‍ണിക്കര ഗ്രാമപ്പഞ്ചായത്തും കൃഷിഭവനും അടയാളം പുരുഷ സ്വയം സഹായ സംഘവും സംയുക്തമായി 30 ഏക്കറില്‍ നടത്തിയ കൊയ്ത്തുത്സവം നാടിന്റെ ഉത്സവമായി മാറി. ആലുവ  എംഎല്‍എ അന്‍വര്‍ സാദത്ത് കൊയ്ത്തുത്സവം ഉല്‍ഘാടനം ചെയ്തു.
മെട്രോ യാര്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ചവര്‍ പാടം പാടശേഖരത്തിലെ 20 വര്‍ഷത്തോളം തരിശായിക്കിടന്ന 15 ഏക്കറോളം സ്ഥലത്ത് ആത്മ പദ്ധതി പ്രകാരവും കഴിഞ്ഞ വര്‍ഷം കൃഷി ഇറക്കിയ  15 ഏക്കര്‍ സ്ഥലത്തു ജനകീയാസൂത്രണ പദ്ധതി പ്രകാരവുമാണ് ഈ വര്‍ഷം കൃഷി ഇറക്കിയത്.
മാത്രമല്ല ചവര്‍ പാടത്തിന് ചുറ്റും കൃഷിവകുപ്പിന്റെ  റൈസ് ഇന്നോവേഷന്‍ പദ്ധതി പ്രകാരം 2 കിലോമീറ്റര്‍ നീളത്തില്‍ ബന്ദിപ്പൂ കൃഷി, കുറ്റിപ്പയര്‍  കൃഷി എന്നിവ നട്ട് പാരിസ്ഥിതിക എന്‍ജിനീറിങ്ങിലൂടെ നെല്‍കൃഷിയെ ആക്രമിക്കുന്ന കീടങ്ങളില്‍ നിന്നും സംരക്ഷണമേകാന്‍ കഴിഞ്ഞത് കീടനാശിനിയെ പൂര്‍ണമായും ഒഴിവാക്കാന്‍ മാത്രമല്ല പൊതുജനങ്ങളെ വളരെയധികം പാടത്തേക്ക് ആകര്‍ഷിക്കുന്നതിനും ഇടയാക്കി.
വൈകുന്നേരങ്ങളില്‍ ധാരാളംപേര്‍ ഒത്തു കൂടുന്നിടമായി ഇവിടം മാറി. അങ്കണവാടി കുട്ടികള്‍ മുതല്‍ വിദേശികള്‍ വരെ വിവിധ തുറകളിലെ  വ്യക്തികളുടെ സന്ദര്‍ശനം ചവര്‍പാടത്തെ മുഖ്യ ആകര്‍ഷക കേന്ദ്രമാക്കിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ പി ഉദയകുമാര്‍ പറഞ്ഞു. മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള നല്ല “വിള പരിപാലന മുറകള്‍” (ഏീീറ അഴൃശരൗഹൗേൃമഹ ജൃമരശേരല) ആണ് ഇവിടത്തെ വിജയത്തിന് പിന്നിലെന്ന് കൃഷി ഓഫിസര്‍ ജോണ്‍ ഷെറി പറഞ്ഞു.
സംസ്ഥാനത്തിന്റെ ശരാശരി നെല്ലുല്‍പാദനം  ഹെക്ടറിന് 2.55 ടണ്‍ ആണ്. എന്നാല്‍ ചവര്‍പാടത്ത് ഹെക്ടറിന് 10 ടണ്ണിലേറെ വിളവാണ് ലഭിച്ചത്. കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഉമ നെല്ലിനം ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.  കൃഷിഭവന്റെ ചിട്ടയായ പരിചരണ മുറകള്‍ കൃത്യസമയത് നല്‍കാന്‍ പാമ്പാക്കുട ഗ്രീന്‍ ആര്‍മിയുടെ തൊഴിലാളികളുടെ സഹകരണത്തോടെ കഴിഞ്ഞുവെന്ന് അടയാളം പുരുഷ സ്വയം സഹായ സംഘത്തിന്റെ രക്ഷാധികാരി അന്‍സാര്‍ ടി എം പറഞ്ഞു.
യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അലി, കൃഷി ഓഫിസര്‍ ജോണ്‍ ഷെറി, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, അസ്‌ലഫ് പാറേക്കാടന്‍, രമേശ്, പി കെ സതീഷ്‌കുമാര്‍, സി കെ ജലീല്‍, സി പി നൗഷാദ്, സജിനി ആര്‍ നായര്‍, കെ എ അലിയാര്‍, എം എം അബ്ദുല്‍ അസീസ്, അന്‍സാര്‍ ടി എം, പഞ്ചായത്ത് സെക്രട്ടറി ഡെന്നിസ് കൊറയ സംസാരിച്ചു.

RELATED STORIES

Share it
Top