ചളിയും മണ്ണും നീക്കും; ചുള്ളിയാറും മംഗലം ഡാമും ഇനി നിറയും

പാലക്കാട്: ചുള്ളിയാര്‍ഡാമിന്റെ സംഭരണ ശേഷി ഉയര്‍ത്തലുമായി ബന്ധപ്പെട്ട ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ പരിശോധനക്ക് തുടക്കമായി. ഡാമുകളുടെ സംഭരണ ശേഷി ഉയര്‍ത്തുന്നതിന് ഡാമുകളില്‍ അടിഞ്ഞിട്ടുള്ള മണ്ണ്, മണല്‍, ചെളി എന്നിവ നീക്കം ചെയ്യാന്‍ ജലസേചന വകുപ്പ് തീരുമാനിച്ചിരുന്നു. പദ്ധതിക്കായി മംഗലം, ചുള്ളിയാര്‍ ഡാമുകളെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.  ഡാമുകളുടെ സംഭരണ ശേഷി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെ ബാബു എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടിയായി ഡാമുകളിലെ മണ്ണ്, മണല്‍, ചെളി മറ്റ് അവശിഷ്ടങ്ങള്‍ എന്നിവ നീക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസ് നിയമ സഭയെ അറിയിച്ചിരുന്നു. അറുപതുകളില്‍ നിര്‍മിച്ച ചുള്ളിയാര്‍ഡാമില്‍ അടിഞ്ഞിരിക്കുന്ന മണ്ണും മണലും നീക്കം ചെയ്ത് ഡാമിന്റെ സംഭരണശേഷി ഉയര്‍ത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 13.7 ദശലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയുള്ള ചുള്ളിയാറില്‍ 0.5 ദശലക്ഷം ഘനമീറ്ററില്‍ താഴെ മണ്ണും മണലും അടഞ്ഞിട്ടുണ്ടെന്നാണു മന്ത്രി സഭയില്‍ വ്യക്തമാക്കിയത്. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രം തോണിയില്‍ പ്ലാറ്റ്‌ഫോം നിര്‍മിച്ചു പൈപ്പ് ഉപയോഗിച്ചുള്ള കോര്‍ സാമ്പിളിങ് രീതിയില്‍ ചുള്ളിയാര്‍, മംഗലം ഡാമുകളില്‍ നിന്നും 1800 സാമ്പിളുകള്‍ ശേഖരിക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന സാമ്പിളുകള്‍ വഴി എത്ര അളവില്‍ മണ്ണ്, മണല്‍, ചെളി, മറ്റ് അവശിഷ്ടങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നു കണ്ടെത്തി അതിന്റെ റിപ്പോര്‍ട്ട് ജലസേചന വകുപ്പിനു കൈമാറും. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞന്‍ ഡോ. റെജി ശ്രീനിവാസന്‍, സാങ്കേതിക വിദഗ്ധരായ എം കെ ശ്രീരാജ്, എം കെ റഫീക്ക്, കെ എല്‍ദോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് ചുള്ളിയാര്‍, മംഗലം ഡാമുകളിലെ പരിശോധന നടത്തുന്നത്.

RELATED STORIES

Share it
Top