ചലച്ചിത്രമേളയ്ക്ക് ബദലായി 'കാഴ്ച'

തിരുവനന്തപുരം: സ്വതന്ത്ര സിനിമകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്ന ആരോപണവുമായി രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് ബദലായി കാഴ്ച ഇന്‍ഡി ഫിലിം ഫെസ്റ്റിവല്‍ (കിഫ്) എന്നപേരില്‍ സിനിമാ പ്രദര്‍ശനം നടന്നു. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ നേതൃത്വത്തില്‍ ലെനിന്‍ ബാലവാടിയില്‍ ആരംഭിച്ച പ്രദര്‍ശനം ചലച്ചിത്ര സംവിധായകന്‍ ആനന്ദ് ഗാന്ധി ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയെ ആക്ഷേപഹാസ്യത്തിലൂടെ ചര്‍ച്ചചെയ്യുന്ന മലയാള ചലച്ചിത്രം കരി'ആയിരുന്നു ഉദ്ഘാടനചിത്രം. കരിയുടെ സംവിധായകനുമായുള്ള ചോദ്യോത്തരവേളയും പ്രദര്‍ശനത്തിനു ശേഷം നടന്നു. സ്വതന്ത്ര സിനിമകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാത്ത ഒരു സാഹചര്യമാണു നിലനില്‍ക്കുന്നതെന്നും അതാണ് കിഫ് പോലുള്ള ഒരു സ്വതന്ത്ര ചലച്ചിത്രമേള ആരംഭിക്കുന്നതിനുള്ള പ്രചോദനം ആയത് എന്നും സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. വരുംവര്‍ഷങ്ങളില്‍ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു വലിയ ചലച്ചിത്ര മേള എന്ന നിലയിലേക്ക് കിഫിനെ മാറ്റുകയാണ് ഉദ്ദേശിക്കുന്നത്. സ്വതന്ത്ര സിനിമകള്‍ക്ക് ആവശ്യമായ പരിഗണന നല്‍കാത്ത ദേശീയ അന്തര്‍ദേശീയ ചലച്ചിത്രമേളകള്‍ക്ക് ഒരു തിരുത്ത് ആകും കിഫ് എന്നും അദ്ദേഹം പറഞ്ഞു. ആരംഭിച്ച ചലച്ചിത്രോല്‍സവത്തില്‍ നാലു ദിവസങ്ങളിലായി 14 ചലച്ചിത്രങ്ങളും നാലു ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

RELATED STORIES

Share it
Top