ചലച്ചിത്രമേളയുടെ കാര്യത്തില്‍ ആശങ്ക വേണ്ട

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ഭാടങ്ങളില്ലാതെ മേള നടത്താനാവുമെന്നു സംഘാടകര്‍ അറിയിച്ചിരുന്നു. ഒരു ഭാഗത്തു കൂടി സംഭാവന സ്വീകരിക്കുമ്പോള്‍ ഇതുപോലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിനു പരിമിതിയുണ്ട്.
സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തി പ്രതിസന്ധി പരിഹരിക്കുമെന്നാണു പ്രതീക്ഷ. മേള നടത്തിപ്പിനായി പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി അനുവദിക്കുന്നതു സംബന്ധിച്ച് പിന്നീട് ചര്‍ച്ച നടത്തും. നേരത്തെയുള്ള പോലെ ഫണ്ട് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് വൈകിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ പോലിസ് പോലിസിന്റെ സമയമാണ് എടുത്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സ്വഭാവിക പരിസ്ഥിതിയും ഭംഗിയും നശിപ്പിക്കുന്ന നിര്‍മാണങ്ങള്‍ ഇനി അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. കേരള ടൂറിസം മാര്‍ട്ട് ബോള്‍ഗാട്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയും ജനതാല്‍പര്യവും മനസ്സിലാക്കിയേ പദ്ധതികള്‍ നടപ്പാക്കൂ. ഹരിത പ്രോട്ടോകോള്‍ പാലിക്കുന്ന പദ്ധതികള്‍ക്കാണു കേരളം മുന്‍ഗണന നല്‍കുന്നത്. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് പരിസ്ഥിതിലോല പ്രദേശങ്ങളിലാണ്. അത്തരം സ്ഥലങ്ങളില്‍ കൈയേറ്റവും അശാസ്ത്രീയമായ നിര്‍മാണവും അനുവദിക്കില്ല. സ്വഭാവികമായ ഭംഗി നഷ്ടമായാല്‍ അവിടേക്ക് സഞ്ചാരികള്‍ വരാത്ത സ്ഥിതിയുണ്ടാവും. ടൂറിസത്തിന്റെയും പരിസ്ഥിതിയുടെയും നിലനില്‍പ് തകര്‍ക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന ഓര്‍മിപ്പിക്കല്‍ കൂടിയാണ് കഴിഞ്ഞു പോയ പ്രളയം.
സഞ്ചാരികളെ വരവേല്‍ക്കാന്‍ കേരളം സജ്ജമാണെന്ന സന്ദേശം കൂടിയാണു കേരള ട്രാവല്‍ മാര്‍ട്ട് നല്‍കുന്നത്. കേരള ടൂറിസത്തെ ആഗോള ടൂറിസം ഭൂപടത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മലബാര്‍ മേഖലയിലെ ഒമ്പത് നദികള്‍ കേന്ദ്രീകരിച്ച് പൈതൃക ടൂറിസം പദ്ധതികള്‍ തയ്യാറാക്കിവരികയാണ്. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മലബാറിലെ വിനോദസഞ്ചാര കൂടുതല്‍ ഊര്‍ജസ്വലമാവുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തി. പ്രഫ. കെ വി തോമസ് എംപി, എംഎല്‍എമാരായ ഹൈബി ഈഡന്‍, തോമസ് ചാണ്ടി, ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലി, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സംസാരിച്ചു.

RELATED STORIES

Share it
Top