ചര്‍ച്ച വിജയിച്ചു; കാട്ടുകൊമ്പനെ മയക്കുവെടി വച്ച് പിടികൂടും

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് കാട്ടാന ശല്യവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉന്നതോദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം കണ്ടു. പത്തുദിവസത്തിനകം ശല്യക്കാരനായ കാട്ടുകൊമ്പനെ മയക്കുവെടി വച്ച് പിടികൂടി മാറ്റുമെന്നു വനംമന്ത്രി ഉറപ്പ് നല്‍കി. ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചവര്‍ക്കെതിരേ കേസെടുക്കേണ്ടെന്നും തീരുമാനിച്ചു.
എം ഐ ഷാനവാസ് എംപി, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, കെ എല്‍ പൗലോസ്, വി വി ബേബി, ടി മുഹമ്മദ്, സമരസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ ടി സാജനുമായാണ് ചര്‍ച്ച നടത്തിയത്. കാട്ടാനയെ പ്രദേശത്തുനിന്ന് തുരത്താന്‍ നടപടിയെടുക്കണമെന്നായിരുന്നു പ്രധാന ആവശ്യം. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ കുത്തിയിരിപ്പ് സമരമാരംഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രാത്രി ചര്‍ച്ച നടത്തിയത്. സമരം വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

RELATED STORIES

Share it
Top