ചര്‍ച്ച പരാജയം; അനിശ്ചിതകാല സത്യഗ്രഹം തുടരും: 12ന് കുറുവയിലേക്ക് ബഹുജന മാര്‍ച്ച്

മാനന്തവാടി: കുറുവാദ്വീപിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹം തുടരും. ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ ഇന്നലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 12ന് ബഹുജനങ്ങളെ അണിനിരത്തി കുറുവാദ്വീപിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.
അന്നേ ദിവസം നിയന്ത്രണങ്ങള്‍ മുഴുവന്‍ ഭേദിച്ച് പ്രവര്‍ത്തകര്‍ ദ്വീപില്‍ പ്രവേശിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു. നിയന്ത്രണങ്ങള്‍ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വേണമെന്നാണ് തങ്ങളുടെ ആവശ്യം. കുറുവയില്‍ നിയന്തണമേര്‍പ്പെടുത്തിയതു മറ്റുചില താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇതുസംബന്ധിച്ച് മാനന്തവാടി, കല്‍പ്പറ്റ എംഎല്‍എമാര്‍ വനംകുപ്പിന്റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുമായി മാര്‍ച്ച് മൂന്നിന് ചര്‍ച്ച നടത്തുകയും ദിവസം ആയിരം പേരെ വീതം പ്രവേശിപ്പിക്കാനും 15 ദിവസത്തിനകം ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പുറപ്പെടുവിക്കാമെന്നു തീരുമാനിക്കുകയും ചെയ്തതാണ്.
എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും വനംവകുപ്പ് പ്രസ്തുത തീരമാനത്തെക്കുറിച്ച് മിണ്ടുന്നില്ല. ജില്ലയിലെ എംഎല്‍എമാരോട് പോലും ഇതുവരെ അക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ വനംവകുപ്പ് തയ്യാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top