ചര്‍ച്ചയില്ലാതെ രണ്ടു ബില്ലുകള്‍ പാസാക്കി

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളും ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലങ്കാന രാഷ്ട്ര സമിതിയും (ടിആര്‍എസ്) തെലുഗുദേശം പാര്‍ട്ടിയും (ടിഡിപി) ഇന്നലെയും പ്രതിഷേധം തുടര്‍ന്നതോടെ തുടര്‍ച്ചയായ ഒമ്പതാം ദിവസവും ലോക്‌സഭയും രാജ്യസഭയും നേരത്തേ പിരിഞ്ഞു. ഇരു വിഷയങ്ങളും ഉന്നയിച്ച് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഇരുസഭകളും ഇന്നത്തേക്കു പിരിഞ്ഞത്.
ഇന്നലെ സഭ സമ്മേളിച്ചതു മുതല്‍ തന്നെ ലോക്‌സഭയില്‍ ബഹളം ആരംഭിക്കുകയായിരുന്നു. ഇതോടെ, രണ്ടു തവണ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചെങ്കിലും ഉച്ചയോടെ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ലോക്‌സഭയില്‍ ചോ—ദ്യോത്തര വേളയുടെ ആരംഭത്തില്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലേക്കിറങ്ങിയിരുന്നു. അതേസമയം, പ്രതിപക്ഷ ബഹളത്തിനിടെ പേമെന്റ് ഓഫ് ഗ്രാറ്റിവിറ്റി ഭേദഗതി ബില്ലും സ്‌പെസിഫിക് റിലീഫ് ഭേദഗതി ബില്ലും സര്‍ക്കാര്‍ ശബ്ദവോട്ടൊടെ ലോക്‌സഭയില്‍ പാസാക്കി. ബില്ലുകളിന്മേല്‍ ചര്‍ച്ച വേണമെന്നു കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടെങ്കിലും ബഹളം തുടര്‍ന്ന സാഹചര്യത്തില്‍ ബില്ല് പാസാക്കാനുള്ള നടപടികളുമായി സ്പീക്കര്‍ മുന്നോട്ടു പോവുകയായിരുന്നു.
പ്രസവാവധിക്കാലം സര്‍വീസിന്റെ തുടര്‍ച്ചയായി ചേര്‍ക്കണമെന്നു വ്യവസ്ഥ ചെയ്യുന്നതും നിയമഭേദഗതിയില്ലാതെ തന്നെ ഗ്രാറ്റിവിറ്റിയില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതുമാണ് പാസാക്കിയ ബില്ലുകളിലൊന്ന്. ബില്ല് വനിതാ ജീവനക്കാര്‍ക്ക് ഗുണം ചെയ്യുന്നതാണെന്ന് തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്‌വാര്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top