ചരിത്ര പുസ്തകങ്ങളില്‍ വാഴ്ത്തപ്പെടാത്ത മരിയോ

എം എം സലാം
കാല്‍പ്പന്തിന്റെ ഗ്ലാമര്‍ ലോകത്ത് അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവര്‍ എക്കാലവുമുണ്ടായിരുന്നു. മായാത്ത മുദ്രകള്‍ പതിപ്പിച്ചെങ്കിലും അവരെക്കുറിച്ച് കൊട്ടിഘോഷിക്കാനോ വാഴ്ത്തിപ്പാടാനോ ആരുമുണ്ടായില്ലെന്നതാണ് സത്യം. ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ അങ്ങനെ വലിച്ചെറിയപ്പെട്ടവരില്‍ ബ്രസീലുകാരന്‍ മരിയോ അമേരിക്കോയുമുണ്ട്.
ബ്രസീലിന്റെ അഞ്ചു ലോകകപ്പ് കിരീടനേട്ടങ്ങളില്‍ മൂന്നെണ്ണത്തിലും ഈ കറുത്തിരുണ്ട ബലിഷ്ഠന്റെ വിയര്‍പ്പുകണങ്ങള്‍ ഉണ്ടായിരുന്നു. 1950 മുതല്‍ 75 വരെയുള്ള നീണ്ട 25 വര്‍ഷക്കാലം മരിയോ ബ്രസീല്‍ ടീമിന്റെ എല്ലാമെല്ലാമായിരുന്നു. ടീം ഫിസിയോതെറാപ്പിസ്റ്റ് എന്നതായിരുന്നു മരിയോയുടെ യഥാര്‍ഥ ചുമതല. എന്നാല്‍, പരിക്കിനുള്ള ശുശ്രൂഷ മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്.
എതിരാളികളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കി ബ്രസീല്‍ ടീമിന്റെ തന്ത്രം മെനയുന്നതിലും ടീം ഫോര്‍മേഷനില്‍ പോലും കോച്ചിനൊപ്പം മരിയോ നിലകൊണ്ടു. കളിക്കിടയില്‍ കോച്ച് മെനഞ്ഞ തന്ത്രം താരങ്ങളുടെ ശുശ്രൂഷയ്ക്കായി ഗ്രൗണ്ടിലേക്ക് ഓടിയെത്തുന്ന സമയത്ത് അവരുടെ ചെവിയില്‍ എത്തിക്കുന്ന ദൂതനായും മരിയോ പ്രവര്‍ത്തിച്ചു. അതിനാല്‍ 'സന്ദേശവാഹകനായ മാടപ്രാവ്' എന്നായിരുന്നു അക്കാലത്ത് അദ്ദേഹത്തെ ഫുട്‌ബോള്‍ ലോകം വിശേഷിപ്പിച്ചത്.
1958, 62, 70, 74 വര്‍ഷങ്ങളിലെ ലോകകപ്പ് കിരീടത്തില്‍ ബ്രസീല്‍ മുത്തമിട്ടപ്പോള്‍ ടീമിനൊപ്പം തലയുയര്‍ത്തിനില്‍ക്കാന്‍ മരിയോയും ഉണ്ടായിരുന്നു. ഈ കിരീടനേട്ടങ്ങളിലെല്ലാം മരിയോയുടെ സേവനവും എടുത്തുപറയേണ്ടതാണ്. 1954 സ്വിറ്റ്‌സര്‍ലന്‍ഡ് ലോകകപ്പിലാണ് ഫിസിയോയുടെ റോളില്‍ മരിയോ ആദ്യമായി ബ്രസീല്‍ ടീമിനൊപ്പം ചേരുന്നത്. അന്നത്തെ ഫേവറിറ്റുകളായ ഹംഗറി ടീമിന്റെ ക്യാംപില്‍ രഹസ്യമായെത്തിയ മരിയോ ടീം അംഗങ്ങളുടെ  ജിംനാസ്റ്റിക് വ്യായാമങ്ങള്‍ നിരീക്ഷിച്ചു. തുടര്‍ന്ന് മരിയോ കോച്ച് സെസെ മൊറെയ്‌റക്ക് ഈ വിവരങ്ങള്‍ കൈമാറി. അന്നു മുതലാണ് മല്‍സരത്തിനു മുമ്പ് ബ്രസീല്‍ ടീം സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്തുതുടങ്ങിയത്. ക്വാര്‍ട്ടറില്‍ അന്നു ബ്രസീല്‍ ഹംഗറിയോട് 4-2നു പരാജയപ്പെട്ടു. എന്നാല്‍, അടുത്ത സ്വീഡന്‍ ലോകകപ്പില്‍ കോച്ച് വിന്‍സെന്റെ ഫിയോളയുടെ കീഴില്‍ ലോകകപ്പിന് എത്തിയ ബ്രസീല്‍ ടീമിലെ സൂപ്പര്‍ താരം പെലെ പരിക്കേറ്റുവീണു. ടീം ഡോക്ടറുടെ നിര്‍ദേശങ്ങള്‍ മറികടന്ന് മരിയോ സ്വന്തമായി പാകപ്പെടുത്തിയ നാട്ടുമരുന്നുകളിലൂടെ പെലെ കളിക്കളത്തിലേക്ക് മടങ്ങിയെത്തി. തന്നെയുമല്ല, സെമി ഫൈനലില്‍ മിന്നുന്ന ഹാട്രിക് നേടി തന്റെ ടീമിനെ കലാശപ്പോരാട്ടത്തിലേക്ക് നയിച്ചു. ആ വര്‍ഷം കിരീടം സ്വന്തമാക്കിയതിന്റെ എല്ലാ ക്രെഡിറ്റും മരിയോക്കായിരുന്നു.
1958ലെ ലോകകപ്പ് ജയത്തിനു ശേഷം ഫൈനലില്‍ ബ്രസീല്‍ എതിര്‍ പോസ്റ്റിലേക്കു പായിച്ച പന്തും നാട്ടിലേക്കു കൊണ്ടുപോകണമെന്ന ആഗ്രഹം കോച്ച് മരിയോയെ അറിയിച്ചു. കിരീടനേട്ടത്തിനു ശേഷം ടീമംഗങ്ങളും മാധ്യമങ്ങളും പെലെയ്ക്കു ചുറ്റും ആര്‍ത്തുവിളിച്ചുകൊണ്ടിരുന്നു. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും പെലെയില്‍ പതിഞ്ഞ തക്കം നോക്കി മരിയോ ഫ്രഞ്ച് റഫറി മൗറീസ് ഗ്വിഗെയുടെ പക്കല്‍ നിന്ന് പന്ത് റാഞ്ചി. പിന്നാലെ സുരക്ഷാ ജീവനക്കാരും. എന്നാല്‍, ഓടി ഡ്രസ്സിങ് റൂമിലെത്തി പന്ത് ഒളിപ്പിച്ച ശേഷം മറ്റൊരു പന്ത് ക്ഷമാപണത്തോടെ മരിയോ തിരികെ നല്‍കി.
നേട്ടങ്ങള്‍ ഒരുപാട് കൈവരിച്ചെങ്കിലും അര്‍ഹിച്ച പരിഗണന മരിയോക്ക് ലഭിച്ചില്ല. 'പെലെ: ബര്‍ത്ത് ഓഫ് എ ലെജന്‍ഡ്' എന്ന പേരില്‍ ഫുട്‌ബോളിലെ ഇതിഹാസ താരത്തിന്റെ ജീവിതം അഭ്രപാളിയിലെത്തിയപ്പോള്‍ അദ്ദേഹത്തെയും സംവിധായകന്‍ അനുസ്മരിച്ചിരുന്നു.
1974 ലോകകപ്പിനു ശേഷം മരിയോ രാഷ്ട്രീയത്തിലിറങ്ങി. സാവോപോളോയിലെ കൗണ്‍സിലര്‍ സ്ഥാനം അലങ്കരിച്ചു.  1990ല്‍ 77ാം വയസ്സില്‍ മരിയോ ഇഹലോക വാസം വെടിഞ്ഞു. താരങ്ങളെ ശുശ്രൂഷിക്കാനെത്തുമ്പോള്‍ മരിയോയുടെ കൈവശമുണ്ടാകാറുണ്ടായിരുന്ന കറുത്ത തുകല്‍ സഞ്ചി അദ്ദേഹത്തോടുള്ള ആദരവ് നിലനിര്‍ത്താന്‍ സൂറിച്ചിലെ ഫിഫ ഫുട്‌ബോള്‍ മ്യൂസിയത്തില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top