ചരിത്രമുഹൂര്‍ത്തം; താവം മേല്‍പാലം തുറന്നു

പഴയങ്ങാടി: നീണ്ട കാത്തിരിപ്പിനൊടുവില്‍ നാട്ടുകാരുടെ ചിരകാലാഭിലാഷത്തിന് സാക്ഷാല്‍ക്കാരം. യാത്രത്തിരക്കേറിയ പിലാത്തറ-പഴയങ്ങാടി കെഎസ്ടിപി റോഡിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ നിര്‍മിച്ച താവം റെയില്‍വേ മേല്‍പാലം വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഔദ്യോഗിക ഉദ്ഘാടനം ഒഴിവാക്കിയെങ്കിലും ഉല്‍സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. സ്ഥലം എംഎല്‍എ ടി വി രാജേഷ്, പാലം സ്ഥിതിചെയ്യുന്ന സ്ഥലത്തെയും സമീപത്തെയും പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി. രാവിലെ ഒമ്പതിന് ടി വി രാജേഷ് എംഎല്‍എ നാടമുറിച്ച് മുന്നിലേക്ക് നടന്നപ്പോള്‍ ആഹ്ലാദാരവങ്ങളോടെ ജനങ്ങള്‍ അനുഗമിച്ചു. നാട്ടുകാരും യാത്രക്കാരും ഉള്‍പ്പെടെ ഇരുപുറവും പുരുഷാരം തിങ്ങിനിറഞ്ഞ പാലത്തിലൂടെ എംഎല്‍എയുടെ വാഹനം ആദ്യം നീങ്ങി. പിന്നാലെ അനേകം വാഹനങ്ങളും. ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയായ ജനാവലി സന്തോഷത്താല്‍ ഹര്‍ഷാരവം മുഴക്കി. മാടായി പഞ്ചായത്ത് പ്രസിഡന്റ് എ സുഹറാബി, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് പി കെ അസന്‍കുഞ്ഞി, ആര്‍ഡിഎസ് പ്രൊജക്റ്റ് മാനേജര്‍ കെ വി രഘുനാഥ്, കണ്‍സള്‍ട്ടന്റ് എന്‍ജിനീയര്‍ (ബ്രിഡ്ജസ്) കനികവേല്‍, കെഎസ്ടിപി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വി കെ ദിവാകരന്‍, ആര്‍ഡിഎസ് മാനേജര്‍ പി കെ രതീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഒ വി നാരായണന്‍, പി പി ദാമോദരന്‍, പി എം ഹനീഫ, എ പി ബദ്‌റുദ്ദീന്‍, കെ പത്മനാഭന്‍, കെ ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉത്തര മലബാറിന്റെ ഗതാഗത വികസനത്തിന് ചിറകുനല്‍കുന്ന പിലാത്തറ-പാപ്പിനിശേരി കെഎസ്ടിപി റോഡിലെ പ്രധാന മേല്‍പാലമാണ് താവത്തേത്. പാളം കുരുക്കിട്ട പാതയായ താവം റെയില്‍വേ ഗേറ്റില്‍ മേല്‍പാലത്തിന്റെ പ്രവൃത്തി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 118 കോടി രൂപ ചെലവില്‍ 2013 ഏപ്രിലിലാണ് നിര്‍മാണമാരംഭിച്ചത്. 24 മാസം കൊണ്ട് പൂര്‍ത്തിയാക്കാനായിരുന്നു കരാര്‍. എന്നാല്‍ പ്രവൃത്തി അനന്തമായി നീണ്ടതോടെ ജനരോഷം ശക്തമായി. തുടര്‍ന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പണി പൂര്‍ത്തിയാക്കിയത്. കെഎസ്ടിപി അധികൃതര്‍ പാലത്തില്‍ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി. ജനങ്ങളുടെ യാത്രാക്ലേശം മുന്‍നിര്‍ത്തി ഉദ്ഘാടനം ഒഴിവാക്കി പാലം തുറന്നുകൊടുക്കാനുള്ള പ്രത്യേകാനുമതി സര്‍ക്കാരില്‍നിന്ന് സ്ഥലം എംഎല്‍എ വാങ്ങിയിരുന്നു. കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയപാതയിലൂടെ കടന്നുപോവുന്ന വാഹനങ്ങള്‍ക്ക് എട്ടു കിലോമീറ്റര്‍ ദൂരക്കുറവില്‍ ഇതുവഴി യാത്ര ചെയ്യാം. കയറ്റിറക്കങ്ങള്‍ ഇല്ല. ദേശീയപാതയേക്കാള്‍ റോഡ് വീതി കൂടുതലുണ്ട് എന്നതും ഇതുവഴി യാത്ര സുഗമമാക്കും. 20 കിലോ മീറ്ററാണ് പാലത്തിലൂടെ അനുദിക്കപ്പെട്ട വേഗത.

RELATED STORIES

Share it
Top