ചരിത്രത്തിലേക്ക് ചുവടുവച്ച് നേപ്പാള്‍: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സീറ്റുറപ്പിച്ചു
വിന്റോക്ക് (നമീബിയ): കാനഡയെ ഒരു വിക്കറ്റിന് തോല്‍പ്പിച്ച് ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റിലേക്ക് ടിക്കറ്റെടുത്ത് നേപ്പാള്‍. കൈവിട്ടെന്നു കരുതിയ വിജയം അവസാന വിക്കറ്റിലെ തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ നേടിയെടുത്താണ് നേപ്പാള്‍ ലോകകപ്പ് യോഗ്യത ടൂര്‍ണമെന്റില്‍ സീറ്റുറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാനഡ 50 ഓവറില്‍ എട്ട് വിക്കറ്റിന് 194 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നേപ്പാള്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റിന് 195 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന വിക്കറ്റില്‍ കെസി കരണും (42*) ലാമിച്ചാനെയും (5*) ചേര്‍ന്ന് പടുത്തുയര്‍ത്തിയ 54 റണ്‍സ് കൂട്ടുകെട്ടാണ് നേപ്പാളിന് ചരിത്ര ജയം സമ്മാനിച്ചത്. ദിലിപ് നാഥ് (41), ആരിഫ് ഷെയ്ക് (26), രോഹിത് കുമാര്‍ (27) എന്നിവരും നേപ്പാള്‍ നിരയില്‍ തിളങ്ങി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കാനഡയ്ക്ക് കരുത്തായത് ഓപണര്‍ ശ്രീമന്ത വിജെരത്‌നെയുടെ (103) സെഞ്ച്വറിയാണ്. പുതിയ സീസണിലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെത്തിയ കൗമാര താരം സന്ദീപ് ലാമിച്ചാനെ കാനഡയ്ക്കു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തി. ഈ വിജയത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ തനിക്കു വാക്കുകള്‍ കിട്ടുന്നില്ലെന്നു നേപ്പാള്‍ ക്യാപ്റ്റന്‍ പരസ് ഖട്ക പറഞ്ഞു. വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിച്ചതെന്നും ഖട്ക കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top