ചരിത്രത്തിലേക്ക് കാഴ്ച തുറന്ന് 1921 ഇന്‍ മലബാര്‍

കെ പി മുനീര്‍

കോഴിക്കോട്: ജീവിതത്തിരക്കില്‍ സ്വന്തം ദേശത്തിന്റെ ചരിത്രം പോലും മറന്നുപോവുന്നവര്‍ക്ക് ഒരോര്‍മപ്പെടുത്തലായി ബുസൂരി അല്‍ത്തൗസിയുടെ ചിത്രപ്രദര്‍ശനം. ‘1921 ഇന്‍ മലബാര്‍’ എന്ന ശീര്‍ഷകത്തില്‍ ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയിലാണ് പ്രദര്‍ശനം. 1921 ലെ മലബാറിലെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തിലേക്ക് കാഴ്ചക്കാരനെ കൂട്ടിക്കൊണ്ട് പോവുന്ന 10 ഓളം മനോഹര ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
നാമെറെ കേട്ട് പരിചയിച്ച വാഗണ്‍ ട്രാജഡിയും മലബാര്‍ ലഹളക്കാലത്തെ പീഠനകേന്ദ്രങ്ങളിലൊന്നായ ഹജൂര്‍ കച്ചേരി പോലിസ് സ്റ്റേഷനുമെല്ലാം ചിത്രകാരന്റെ ഭാവനയില്‍ എണ്ണഛായം പുരട്ടിയ കാന്‍വാസില്‍ പുനര്‍ജനിക്കുന്നു.
നൂറ്റാണ്ട്കള്‍ക്ക് മുമ്പ് ബ്രിട്ടിഷുകാരുടെ അതിക്രമങ്ങള്‍ക്ക് സാക്ഷിയായ  കോഴിക്കോട് കുറ്റിച്ചിറയിലെ മിശ്കാല്‍ പള്ളിയും തളിക്ഷേത്രവുമെല്ലാം ചരിത്രപുസ്തകങ്ങളില്‍ നിന്നും രേഖകളില്‍ നിന്നും സ്വന്തമാക്കിയ അറിവിന്റെ അടിസ്ഥാനത്തില്‍  1921 കാലത്ത് എങ്ങനെയായിരുന്നുവെന്ന് ബുസൂരി മനോഹര ചിത്രങ്ങളാക്കി കാണിച്ചു തരുന്നു.
1921 ആഗസ്റ്റ് 20 ന് മലബാര്‍ ബ്രിട്ടീഷ് പോലിസിനെ സഹായിക്കാനായി ഊട്ടിയില്‍ നിന്നെത്തിയ പട്ടാള സംഘത്തിലെ സെക്കന്റ് ലെഫ്റ്റനന്റ്  വില്യം റൂഥര്‍ഫോര്‍ഡ് ജോണ്‍സ്റ്റന്‍ തന്റെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ തിരുരങ്ങാടിയിലെ മാപ്പിളമാരുടെ കല്ലേറ് കൊണ്ട് കൊല്ലപ്പെടുന്ന ദൃശ്യം ചിത്രകാരന്‍ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. 1921 ആഗസ്റ്റ് 31 ന് ബ്രിട്ടീഷ് പോലിസ് മേധാവി ആമു സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആലി മുസ്‌ല്യാരെ അറസ്റ്റ് ചെയ്യാനായി തിരൂരങ്ങാടി വലിയ പള്ളിയിലേക്ക് വെടിവെക്കുന്ന കാഴ്ചയും കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ നിന്നും സമരക്കാരെ നേരിടാനായി പരപ്പനങ്ങാടിയിലേക്ക് ബ്രിട്ടീഷ് പട്ടാളം യാത്ര പുറപ്പെടുന്ന രംഗവുമെല്ലാം നന്നായി വരച്ച്് വച്ചിട്ടുണ്ട്്.
മൈസൂര്‍ യൂനിവേഴ്‌സ്റ്റിയില്‍ നിന്നും ബിഎസ്‌സി ഗ്രാഫ്ക്‌സ് ആന്റ് ആനിമേഷന്‍ പൂര്‍ത്തിയാക്കിയ ബുസൂരി കോഴിക്കോട് സ്വദേശിയാണ്. നാലു വയസു മുതലെ ചിത്രകലാ രംഗത്തുള്ള 23 കാരനായ അദ്ദേഹം കേരള സ്‌കൂള്‍ കലോത്സവത്തിലുള്‍പ്പടെ അനേകം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. യുവതലമുറയെ നാടിന്റെയും പൂര്‍വ്വികരുടെയും ചരിത്രത്തെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ചരിത്രം കാന്‍വാസിലേക്ക് പകര്‍ത്തുന്നതെന്ന് ബുസൂരി പറഞ്ഞു. ഇന്നലെ വൈകിട്ട് സിറ്റി പോലീസ് കമ്മീഷണര്‍ എസ് കാളീരാജ് മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം 15 ന് അവസാനിക്കും.

RELATED STORIES

Share it
Top