ചരിത്രത്തിലേക്കു ചുവടുവച്ച തിരുവാതിരക്കളികൊച്ചി: കിഴക്കമ്പലത്ത് അരങ്ങേറിയ 6,582 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിരക്കളി ഗിന്നസ് റെക്കോഡ് കരസ്ഥമാക്കി ചരിത്രത്തില്‍ ഇടംനേടി. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും പാര്‍വണേന്ദു സ്‌കൂള്‍ ഓഫ് തിരുവാതിരയുടെയും സഹകരണത്തോടെ  കിഴക്കമ്പലം ട്വന്റി20 ആണ് വിപുലമായ രീതിയില്‍ തിരുവാതിരക്കളി സംഘടിപ്പിച്ചത്. 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള നര്‍ത്തകര്‍ ചുവടുകള്‍വച്ച മഹാ നടനത്തില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമായി ആയിരക്കണക്കിനു പേര്‍ പങ്കെടുത്തു. ഒമ്പതു പ്രധാന വൃത്തങ്ങള്‍ക്കകത്ത് ഓരോന്നിലും 15 ചെറിയ വൃത്തങ്ങളായി നിന്നുകൊണ്ടാണ് നൃത്തച്ചുവടുകള്‍ വച്ചത്. 10 വയസ്സു മുതല്‍ 75 വയസ്സു വരെ പ്രായമുള്ളവര്‍ പങ്കെടുത്തു. കസവു പുടവയും ഉടുത്ത് ആഭരണങ്ങളണിഞ്ഞ് ദശപുഷ്പങ്ങളും ചൂടി പാരമ്പര്യ രീതിയിലുള്ള തിരുവാതിരപ്പാട്ടിന്റെ ഈണത്തിനനുസരിച്ചു തനിമ ഒരുതരിപോലും ചോരാതെയാണു തിരുവാതിരക്കളി അവതരിപ്പിച്ചത്. 7000ഓളം ആള്‍ക്കാരെ ഏകീകരിച്ചു പരിശീലനത്തിനു നേതൃത്വം നല്‍കിയത് പാര്‍വണേന്ദു നൃത്തവിദ്യാലയം സ്ഥാപകയും ഡയറക്ടറുമായ മാലതി ജി മേനോന്‍ ആണ്. തുടക്കത്തില്‍ ഒരു പ്രത്യേക ഗ്രൂപ്പിനെ പരിശീലിപ്പിക്കുകയും ആ ഗ്രൂപ്പിലെ ഓരോരുത്തരെയും പിന്നീട് ടീം ലീഡേഴ്‌സായി നിയമിച്ചുകൊണ്ടു കിഴക്കമ്പലം പ്രദേശത്തെ 4,500ലധികം വനിതകളെ പരിശീലിപ്പിക്കാനായി ഏര്‍പ്പെടുത്തി. ആദ്യം പരിശീലനം നല്‍കിയ ഗ്രൂപ്പിന്റെ വേഷവിധാനങ്ങളോടെയുള്ള ചുവടുകള്‍ സിഡിയില്‍ പകര്‍ത്തിനല്‍കിയാണ് അന്യദേശങ്ങളിലുള്ളവരെ പരിശീലിപ്പിച്ചത്.മകളുടെയും കൊച്ചുമകളുടെയും കൂടെ തിരുവാതിര കളിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും അഭിമാനമാണെന്നും കിഴക്കമ്പലം സ്വദേശിയായ 64കാരി ഇന്ദിര ബാലകൃഷ്ണന്‍ പറഞ്ഞു. മരുമകളുടെയും കൊച്ചുമകളുടെയും കൂടെയാണ് ഇന്ദിര ചുവടുകള്‍ വച്ചത്. അമ്മയുടെയും അമ്മൂമ്മയുടെയും കൂടെ തിരുവാതിര കളിച്ചത് തന്റെ നൃത്ത ജീവിതത്തിലെ വ്യത്യസ്തവും മറക്കാനാവാത്തതുമായ അനുഭവമായി മാറിയെന്നു കൊച്ചുമകളും നര്‍ത്തകിയുമായ അഖില സന്ദീപ് പറഞ്ഞു. നര്‍ത്തകിമാര്‍ക്കു ചൂടുവാനായി 8,000 മുഴം മുല്ലപ്പൂവാണ് സംഘാടകര്‍ ഒരുക്കിയത്.

RELATED STORIES

Share it
Top