ചരിത്രത്താളുകളില്‍ ഇടംനേടി ചേനത്തുനാട്ടിലെ കാഞ്ഞാട്ടുമന

ലിജോ കാഞ്ഞിരത്തിങ്കല്‍

ചാലക്കുടി: രണ്ട് മഹാപ്രളയങ്ങള്‍ക്ക് സാക്ഷിയായി കാഞ്ഞാട്ടുമന. 1924ലേയും 2018ലേയും മഹാപ്രളയങ്ങള്‍ക്ക് മൂകസാക്ഷിയായി മാറുകയാണ് ചേനത്തുനാട്ടിലെ കാഞ്ഞാട്ടുമന. നൂറ്റിയെഴുപത്തിയഞ്ച് വര്‍ഷത്തെ പഴക്കം കാഞ്ഞാട്ടുമനക്കുണ്ടെന്ന് ഇപ്പോഴത്തെ അവകാശിയായ വാസുദേവന്‍ നമ്പൂതിരി പറഞ്ഞു. വാസുദേവന്‍ നമ്പൂതിരി, ഭാര്യ രാധ എന്നിവര്‍ക്ക് പുറമെ ബന്ധുവായ ഹരിനാരായണനും ഭാര്യയും രണ്ട് കുട്ടികള്‍ക്കുമാണ് ഇക്കഴിഞ്ഞ പ്രളയത്തില്‍ കാഞ്ഞാട്ടുമന അഭയം നല്‍കിയത്. ആഗസ്ത് 16മുതല്‍ 18വരെയുള്ള രാത്രിയും പകലും ഈ രണ്ടു കുടുംബങ്ങളും മനയുടെ തട്ടിന്‍പുറത്ത് തങ്ങി. ചാലക്കുടിപുഴയില്‍ നിന്ന് മനയുടെ രണ്ട് വശത്തുംകൂടി വെള്ളം ഒഴുകിയെത്തി. വീടിനകത്ത് ആറടിയോളം ഉയരത്തിലാണ് വെള്ളം കയറിയത്. പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് ഉറപ്പായതോടെ ഓട് നീക്കി തട്ടിന്‍പുറത്ത് നിന്നും രക്ഷപ്പെടാന്‍ മറ്റു മാര്‍ഗം തേടിയെന്നും വാസുദേവന്‍ നമ്പൂതിരി പറയുന്നു. ഇതിനിടെ ഇതുവഴി കടന്നുപോയ ഹെലികോപ്റ്ററുകളുടേയും വഞ്ചികളുടേയും ശ്രദ്ധ പിടിക്കാനും ശ്രമം നടത്തി. ഒച്ചവച്ചും വടിയില്‍ ചുറ്റിയ തുണികള്‍ ഉയര്‍ത്തി കാട്ടിയും നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. പൂജയ്ക്കായി തട്ടിന്‍പുറത്ത് കരുതിവെച്ചിരുന്ന കദളിപഴം ഭക്ഷണമാക്കി. ഇതിനിടെ അടുക്കളയിലെ അലമാരിയില്‍ ബിസ്‌ക്കറ്റ് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ബക്കറ്റ് വെള്ളത്തില്‍ ഉയര്‍ന്നുവന്നു. ഇത് കോലുകൊണ്ട് തോണ്ടിയെടുത്ത് വിശപ്പകറ്റി. വെളിച്ചത്തിനായി തട്ടിന്‍പുറത്ത് നിലവിളക്ക് കത്തിച്ചുവെച്ചു. 18ന് നേരം പുലര്‍ന്നതോടെ വെള്ളം ഇറങ്ങിപോയതോടെ ഇവര്‍ പുറത്തിറങ്ങി.1924ലെ പ്രളയത്തില്‍ മനയിലെ സ്ത്രീകള്‍ അഭയം തേടിയും ഈ തട്ടിന്‍പുറത്തായിരുന്നു. വാസുദേവന്‍ നമ്പൂതിരിയുടെ മുതുമുത്തച്ഛന്റെ ചെറുപ്പകാലത്താണ് മന നിര്‍മ്മിച്ചതത്രെ. ഓലമേഞ്ഞിരുന്ന മന 1064ല്‍ ഓടിട്ട് നവീകരിച്ചു. കോനൂര്‍ കോട്ടമുറി ഭാഗത്തായിരുന്നു പണ്ട് കാഞ്ഞാട്ടുമനയുടെ ആസ്ഥാനം. ടിപ്പുവിന്റെ പടയോട്ടകാലത്ത് മന നാമവശേഷമായി. തുടര്‍ന്നാണ് ഇവര്‍ ചാലക്കുടിയിലെത്തുന്നത്. കൊച്ചിരാജാവിന്റേയും കോടശ്ശേരി കര്‍ത്താക്കളുടേയും സഹായത്തിലാണ് മുതുമുത്തച്ഛന്‍മാരുടെ കാലത്ത് ചേനത്തുനാട്ടില്‍ നാലര ഏക്കര്‍ സ്ഥലത്ത് മന നിര്‍മ്മിച്ചത്. 1924ലെ പ്രളയത്തേക്കാള്‍ ഒരു പടി കൂടി ഉയരത്തിലാണ് ഇത്തവണ വെള്ളം കയറിയിരിക്കുന്നതെന്ന് ഇവിടത്തെ രേഖകള്‍ തെളിയിക്കുന്നു. വെള്ളം ഇപ്പോള്‍ പൂര്‍ണ്ണമായും ഇറങ്ങി കഴിഞ്ഞു. വീടിനകത്തും പുറത്തും ചെളി നിറഞ്ഞതൊഴിച്ചാല്‍ മനക്ക് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. രണ്ട് മഹാപ്രളയങ്ങളേയും അതിജീവിച്ച കാഞ്ഞാട്ടുമന ചരിത്രത്തിന്റെ ഭാഗമാവുകയാണ്.

RELATED STORIES

Share it
Top