ചരിത്രം സൃഷ്ടിച്ച് റോക്കറ്റ് ഭൂമിയില്‍ തിരിച്ചിറങ്ങി

വാഷിങ്ടണ്‍: ബഹിരാകാശ വിക്ഷേപണരംഗത്ത് പുതുചരിത്രം സൃഷ്ടിച്ച് ഭ്രമണപഥത്തിലെത്തിയ റോക്കറ്റിനെ വീണ്ടും തിരിച്ചിറക്കി. യുഎസ് സ്വകാര്യ കമ്പനിയായ സ്‌പേസ് എക്‌സാണ് ഫാല്‍ക്കണ്‍-9 എന്നു പേരായ ആളില്ലാ റോക്കറ്റ് ദൗത്യത്തിനുശേഷം സുരക്ഷിതമായി ഭൂമിയിലിറക്കിയത്.
കാലഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് എക്‌സ് പ്രസിഡന്റ് എലന്‍ മുസ്‌കിന്റെ നേതൃത്വത്തിലാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. ഫ്‌ളോറിഡയിലെ കേപ് കാനവറലില്‍ നിന്ന് തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് 11 ഉപഗ്രഹങ്ങളുമായി റോക്കറ്റ് പറന്നുയര്‍ന്നത്. ഇവ ഭ്രമണപഥത്തിലെത്തിച്ചശേഷം അതേ ദിശയില്‍ തന്നെ സഞ്ചരിച്ച് റോക്കറ്റ് ഭൂമിയിലേക്ക് തിരിച്ചിറങ്ങുകയായിരുന്നു.
കഴിഞ്ഞ മാസം ടെക്‌സസില്‍ ചെറു റോക്കറ്റ് ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുെന്നങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് ഇപ്പോള്‍ വിക്ഷേപിച്ച മാതൃകയിലുള്ള റോക്കറ്റ് ഉപയോഗിച്ച് പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍, തിരിച്ചിറങ്ങലിന്റെ ശക്തി കൂടിയതിനാല്‍ റോക്കറ്റ് ഉപയോഗശൂന്യമാവുകയായിരുന്നു.
ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാന്‍ ഉപയോഗിക്കുന്ന റോക്കറ്റുകള്‍ ദൗത്യശേഷം കത്തിത്തീരുകയാണ് പതിവ്. ഓരോ വിക്ഷേപണത്തിനും വ്യത്യസ്ഥ റോക്കറ്റുകള്‍ ഉപയോഗിക്കേണ്ടിവരുന്നതുമൂലം ഉണ്ടായിരുന്ന അധികച്ചെലവാണ് പുതിയ കണ്ടുപിടിത്തത്തോടെ ഇല്ലാതാവുന്നത്.

RELATED STORIES

Share it
Top