ചരിത്രം രചിക്കാന്‍ കേരളം, തടുത്തിടാന്‍ ബംഗാള്‍


ഷിയാമി തൊടുപുഴ

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ന് കലാശക്കൊട്ട്. കാല്‍പന്തുകളിയുടെ തമ്പുരാക്കന്‍മാരായ കേരളവും പശ്ചിമ ബംഗാളും പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍ ആരാധകര്‍ക്കത് ആവേശ നിമിഷം. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 2.30 മുതലാണ് മല്‍സരം. ആറാം കിരീടമോഹവുമായി കേരളത്തിന്റെ ചുണക്കുട്ടികള്‍ ബൂട്ടണിയുമ്പോള്‍ 32 കിരീടങ്ങള്‍ അലമാരയിലെത്തിച്ച കളിക്കരുത്തുമായാണ് പശ്ചിമ ബംഗാള്‍ പോരിനിറങ്ങുന്നത്. കേരളത്തിനോട് ഏറ്റ തോല്‍വി ഒഴിച്ചു നിര്‍ത്തിയാല്‍ മികച്ച പ്രകടനം നടത്തിയാണ് വംഗദേശം കലാശപ്പോരിന് യോഗ്യത നേടിയത്. ലക്ഷ്യബോധത്തോടെ പന്തുതട്ടുന്ന മുന്നേറ്റ മധ്യനിരയും പ്രതിരോധത്തിന്റെ വിള്ളല്‍ വീഴാത്ത ഉരുക്കുകോട്ടയുമാണ് കേരളത്തിന്റെ ശക്തി. എതിരാളികളുടെ ഗോള്‍ പോസ്റ്റില്‍ 16 ഗോള്‍ അടിച്ചുകയറ്റിയ കേരളം ഒരു ഗോള്‍ മാത്രം വഴങ്ങിയാണ് കലാശക്കളിക്കിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മുഖാമുഖം വന്ന മല്‍സരത്തില്‍ ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തകര്‍ത്തത്. വി കെ അഫ്ദല്‍ തന്നെയാവും കേരളത്തിന്റെ ആക്രമണനിരയെ നയിക്കുക. മധ്യനിരയില്‍ കളിനിയന്ത്രിച്ച് എസ് സീസണും വിങുകളിലൂടെ ആക്രമിച്ചു കയറുന്ന എം എസ് ജിതിനും കെ പി രാഹുലും കേരളത്തിന്റെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നു. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ രാഹുല്‍ വി രാജും എസ് ലിജോയും ജി ശ്രീരാഗും വിബിന്‍ തോമസും കേരളനിരയില്‍ ബൂട്ടണിയും. ചോരാത്ത കൈകളുമായി വി മിധുന്‍ തന്നെയാവും കേരളത്തിന് വേണ്ടി വലകാക്കുക. പരിക്കേറ്റ മുന്നേറ്റ നിരതാരം സജിത് പൗലോസിന് പകരം ശ്രീക്കുട്ടന്‍ കേരള നിരയിലിറങ്ങും. പകരക്കാരുടെ ബെഞ്ചും സുശക്തമാണ്. മുഹമ്മദ് പാറേക്കാട്ടിലും ബി എല്‍ ശംനാസും ജിയാദ് ഹസനും ജസ്റ്റിന്‍ ജോര്‍ജും ഉള്‍പ്പെട്ട നിര ഏതുനിമിഷവും കളത്തിലിറങ്ങാന്‍ സജ്ജരാണ്.1994ല്‍ കട്ടക്കില്‍ വച്ചാണ് കേരളവും ബംഗാളും അവസാനമായി ഫൈനലില്‍ ഏറ്റുമുട്ടിയത്. അന്ന് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിനായിരുന്നു ജയം. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ 14ാമത്തെ ഫൈനലാണിത്. ഇതില്‍ അഞ്ചുതവണ കിരീടം കേരളത്തിനൊപ്പം നിന്നപ്പോള്‍ എട്ടു തവണ റണ്ണറപ്പുകളുമായി. 1973, 91, 92, 2000, 2004 വര്‍ഷങ്ങളിലായിരുന്നു കേരളം ചാംപ്യന്‍മാരായത്.കണക്കിന്റെ കരുത്തില്‍ ബംഗാള്‍സ്വന്തം കാണികളുടെ പിന്തുണയാണ് ബംഗാളിന്റെ കരുത്ത്. സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമെന്ന ബഹുമതിയുമായാണ് ബംഗാള്‍ കേരളത്തിനെതിരേ പോരിനിറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളത്തിനോട് തോല്‍വി വഴങ്ങിയതിന് കണക്കു സഹിതം പകരം വീട്ടാനുറച്ചാവും ബംഗാള്‍ നിരയിറങ്ങുന്നത്. മധ്യനിര താരം ബിദ്യാസാഗര്‍ സിങാണ് ബംഗാളിന്റെ പ്രതീക്ഷകളെ നയിക്കുന്നത്. കൂട്ടായി ജിതന്‍ മുര്‍മുവും സുജയ് ദത്തയുമുണ്ട്. അങ്കിത് മുഖര്‍ജിയും സൗരവ് ഗുപ്തയും പ്രതിരോധത്തിലെ കരുത്തര്‍. ഗോള്‍ കീപ്പര്‍ രണജിത് മജുംദാറും മോശക്കാരനല്ല.

RELATED STORIES

Share it
Top