ചരിത്രം കുറിച്ച് ഉന്‍-ഇന്‍ കൂടിക്കാഴ്ച

പാന്‍മുന്‍ജോങ്: പതിറ്റാണ്ടുകളായി ശത്രുതയില്‍ കഴിയുന്ന ഉത്തര-ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ തുറന്നത് ചരിത്രത്തിലേക്കൊരു പുതിയ അധ്യായം.
ലോകത്തെ ഏറ്റവും സുരക്ഷിതമായ അതിര്‍ത്തിയായ പാന്‍മുന്‍ജോങിലായിരുന്നു ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച. മൊബൈല്‍ ഫോണുകള്‍ക്കു റേഞ്ച് പോലും ലഭിക്കാത്തവിധം അതീവ സുരക്ഷിതമായ മേഖലയിലാണ് ശത്രുത അവസാനിപ്പിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ നേതാവ് മൂണ്‍ ജെ ഇന്നും ചരിത്രം തിരുത്തിയത്.
രാവിലെ ആറിന് ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലെത്തിയ കിം ജോങ് ഉന്‍ അടക്കമുള്ള ഒമ്പതംഗ സംഘത്തെ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ നേരിട്ടെത്തി സ്വീകരിച്ചു. ചര്‍ച്ച തുടങ്ങുന്നതിനു മുമ്പ് ഇരുനേതാക്കളും തമ്മില്‍ കൈപിടിച്ച് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ അങ്ങോട്ടും ഇങ്ങോട്ടും കടന്നു. ശേഷം അനൗദ്യോഗിക കൂടിക്കാഴ്ച. 10.30നാണ് പാന്‍മുന്‍ജോങിലെ “സമാധാന ഭവന’ത്തില്‍ ഔദ്യോഗിക ചര്‍ച്ച ആരംഭിച്ചത്. പിന്നീട് ഉച്ചഭക്ഷണത്തിനായി കിമ്മും ഒമ്പതംഗ സംഘവും അതിര്‍ത്തികടന്ന് ഉത്തര കൊറിയയിലെത്തി.  ഉച്ചഭക്ഷണത്തിനായി അതിര്‍ത്തിയിലൂടെ സഞ്ചരിക്കുന്ന കിമ്മിന്റെ കാറിന് ചുറ്റും 12 ബോഡിഗാഡുകള്‍ ഓടുന്നുണ്ടായിരുന്നു.
ഭക്ഷണശേഷം തിരിച്ചെത്തിയ ഇരുനേതാക്കളും ഐശ്വര്യത്തിന്റെ പ്രതീകമായി പൈന്‍ മരം നട്ടു. ഇരുരാജ്യത്തിലെയും മണ്ണും വെള്ളവും ഉപയോഗിച്ച് ഇരു നേതാക്കളും സംയുക്തമായാണ് മരം നട്ടത്. സമാധാനവും അഭിവൃദ്ധിയും പുലരട്ടെ എന്ന് ആലേഖനം ചെയ്ത ശിലാഫലകവും ഇതിനു സമീപം സ്ഥാപിച്ചു. ഇരുനേതാക്കളുടെയും പേരും ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ചടങ്ങിനു ശേഷം സമീപത്തെ നീല പാലത്തിന്റെ അറ്റത്തു സജ്ജീകരിച്ച ഇരിപ്പിടത്തില്‍ ഇരുനേതാക്കളും അഭിമുഖമായി ഇരുന്ന് 30 മിനിറ്റ് ചര്‍ച്ച നടത്തി. പിന്നീട് സമാധാന കരാറുകളില്‍ ഒപ്പിട്ടു.
ഇരുകൊറിയകളും തമ്മിലുള്ള ഉച്ചകോടിയെ ലോക നേതാക്കള്‍ പുകഴ്ത്തി. കൊറിയന്‍ യുദ്ധം അവസാനിക്കുന്നുവെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.  മേഖലയെ ആണവമുക്തമാക്കാന്‍ കിം ജോങ് ഉന്നും മൂണ്‍ ജെ ഇന്നും ധാരണയിലെത്തിയ ശേഷമായിരുന്നു ട്രംപിന്റെ ട്വീറ്റ്.

RELATED STORIES

Share it
Top