ചരിത്രം എഴുതുന്നത് കമ്മിറ്റികളല്ല

റൊമീല  ഥാപ്പര്‍
പ്രശസ്ത ചരിത്രകാരിയായ ഡോ. റൊമീല ഥാപ്പറുമായി ദ ഹിന്ദു പത്രത്തിന്റെ ലേഖകരായ വികാസ് പഥകും അനുരാധ രാമനും നടത്തിയ അഭിമുഖത്തില്‍ നിന്ന്:

ഇതിഹാസ ഗ്രന്ഥങ്ങളായ മഹാഭാരതത്തിലും രാമായണത്തിലും വിവരിക്കുന്ന കാര്യങ്ങള്‍ പ്രാചീന ഇന്ത്യാ ചരിത്രത്തിന്റെ ഭാഗമായി കാണണമെന്നു കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പറയുന്നു. എങ്ങനെയാണ് അതിനോട് പ്രതികരിക്കുന്നത്?
ചരിത്രം സാധാരണയായി രചിക്കുന്നത് കമ്മിറ്റികളല്ല; ചരിത്രകാരന്‍മാര്‍ വ്യക്തികള്‍ എന്ന നിലയിലാണ് അതു ചെയ്യുന്നത്. ഒരു ചരിത്രകാരന്‍ എഴുതിയത് പരിശോധിക്കുന്നതിനു വേണ്ടി വിദഗ്ധരുടെ സമിതികളെ നിയോഗിക്കുന്ന പതിവുണ്ട്. മഹാഭാരതവും രാമായണവും പോലുള്ള ഇതിഹാസ ഗ്രന്ഥങ്ങളുടെ രചനാകാലം നിര്‍ണയിക്കുന്നതുതന്നെ എളുപ്പമുള്ളതല്ല. കാരണം, ഇത്തരം ഇതിഹാസ കൃതികള്‍ ഒരു പ്രത്യേക കാലഘട്ടത്തില്‍ രചിക്കപ്പെടുന്നതല്ല. അവ ദീര്‍ഘകാലം കൊണ്ട് വികസിച്ചുവരുന്നതാണ്. സംസ്‌കൃത പണ്ഡിതനായ വി എസ് സൂക്തങ്കര്‍ പറയുന്നത്, മഹാഭാരതം ഇന്നത്തെ നിലയില്‍ രചിക്കപ്പെട്ടത് ക്രിമു. 400നും ക്രി.ശേ. 400നും ഇടയിലായിരിക്കണം എന്നാണ്. അതിനാല്‍ കാലഗണന തന്നെ പ്രശ്‌നഭരിതമാണ്.
'പബ്ലിക് ഇന്റലക്ച്വല്‍' നമ്മള്‍ ജീവിക്കുന്ന കാലത്ത് സുപ്രധാനമായ ചുമതലകള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്ന് താങ്കള്‍ ഒരു പുസ്തകത്തില്‍ പറയുന്നു. നമ്മള്‍ ജീവിക്കുന്ന കാലം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
പൊതുവില്‍ കഴിഞ്ഞ ഒരു കാല്‍നൂറ്റാണ്ടു കാലത്തെയാണ് ഞാന്‍ അതില്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, കൃത്യമായി കഴിഞ്ഞ നാലു വര്‍ഷങ്ങള്‍. കാരണം, ഈ കാലത്താണ് ചോദ്യങ്ങള്‍ ചോദിക്കുന്നത് വലിയ പ്രശ്‌നമായി മാറിയത്. എന്താണ് ശരി, എന്താണ് തെറ്റ് എന്നതിനെക്കുറിച്ച് ഇപ്പോള്‍ നമ്മളോട് നിര്‍ദേശിക്കപ്പെടുകയാണ്. ഇപ്പോള്‍ സര്‍ക്കാരും സര്‍ക്കാരിന്റെ ഏജന്‍സികളുമാണ് ഇതിലെല്ലാം അവസാന വാക്ക് പറയാന്‍ കെല്‍പുള്ളവരായി അവരോധിക്കപ്പെടുന്നത്. അവരോട് വിയോജിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നവരെ ആക്രമിക്കുകയാണ്.
ഭരണഘടനയുടെ ഭാഗമാണ് നമ്മുടെ നാട്ടില്‍ മതേതരത്വം. എന്നാല്‍, മതേതരത്വത്തെക്കുറിച്ചു ചര്‍ച്ച വേണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. അത് ചര്‍ച്ചയിലൂടെ പുനഃപരിശോധിക്കേണ്ട കാര്യമാണോ?
ഇതൊരു വലിയ ചോദ്യമാണ്. മതേതരത്വം എന്നത് നമ്മുടെ ജീവിതത്തില്‍ നിന്ന് അന്യമായ ഒരു കാര്യമല്ല. അതിനാല്‍, നാം ഇച്ഛിക്കുന്ന നേരത്ത് അതു വേണ്ടെന്നുവയ്ക്കാന്‍ നമുക്ക് സാധ്യമല്ല. മറ്റു മനുഷ്യരോടുള്ള നമ്മുടെ മനോഭാവത്തെയാണ് മതേതരത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണ നിലയില്‍ സമൂഹത്തിന് ഉള്‍ക്കൊള്ളാവുന്ന ഒരു മനോഭാവം. അതിനാല്‍, മതേതരത്വത്തെ ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ മറ്റു മനുഷ്യരോടുള്ള മനോഭാവത്തില്‍ എവിടെയാണ് തകരാറ് എന്നാണ് നാം പരിശോധിക്കേണ്ടത്. കാരണം, മതേതരത്വം സമൂഹത്തിലെ പരസ്പര സമ്പര്‍ക്കത്തിന്റെ അനിവാര്യമായ ഘടകമാണ്. ഒരു തലത്തില്‍, മതങ്ങളുടെ യോജിപ്പോടെയുള്ള നിലനില്‍പാണ് മതേതരത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനാല്‍, എല്ലാ മതങ്ങള്‍ക്കും തുല്യപദവി അത് ഉറപ്പാക്കാന്‍ ശ്രമിക്കുന്നു.
എന്നാല്‍, തങ്ങളുടെ മതം മറ്റുള്ളവരുടേതിനേക്കാള്‍ പ്രധാനമാണെന്നു കരുതുന്നവര്‍ തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും അധികാരങ്ങളും ആവശ്യപ്പെടുന്നു. സമൂഹത്തില്‍ മേധാവിത്വമുള്ള മതക്കാരാണ് അങ്ങനെ ചെയ്യുന്നത്. എന്നാല്‍, മതേതരത്വം മതത്തിനപ്പുറത്ത് സമൂഹത്തിന്റെ കൂടി ഭാഗമാണ്. എല്ലാ മനുഷ്യര്‍ക്കും തുല്യാവകാശമുള്ള ഒരു സമൂഹത്തെ കൂടിയാണ് മതേതരത്വ സങ്കല്‍പം പ്രതിനിധാനം ചെയ്യുന്നത്. അതിനാല്‍, ഹിന്ദുക്കള്‍ക്ക് സവിശേഷ അവകാശങ്ങളുള്ള ഒരു ഹിന്ദു രാഷ്ട്രസങ്കല്‍പത്തെ അതിന് അംഗീകരിക്കാനാവില്ല. പൗരന്‍മാര്‍ക്ക് തുല്യാവകാശങ്ങള്‍ ഉണ്ടായിരിക്കണം.
മതേതര സമൂഹത്തില്‍ വ്യക്തിയുടെ ഐഡന്റിറ്റിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. പഴയ കാലത്ത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള സ്വത്വസങ്കല്‍പങ്ങളില്‍ നിന്ന് രാജ്യത്തെ പൗരന്‍ എന്ന സങ്കല്‍പത്തിലേക്ക്. ഇതു വളരെ പ്രധാനമായ മാറ്റമാണ്. എന്നാല്‍, വേണ്ട വിധം ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയവും. ഈ പുതിയ സ്വത്വസങ്കല്‍പം ദേശീയതയുമായി ബന്ധപ്പെട്ടാണ് വികസിച്ചുവരുന്നത്. ദേശീയതയെന്നത് ദേശാഭിമാനത്തെ സംബന്ധിച്ച മുദ്രാവാക്യം വിളി മാത്രമല്ല, മറിച്ച് മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന സമൂഹത്തെ സംബന്ധിച്ച സങ്കല്‍പങ്ങള്‍ കൂടി അതിന്റെ ഭാഗമാണ്.
ചരിത്രത്തെക്കുറിച്ചു പറയുമ്പോള്‍, എങ്ങനെയാണ് ചരിത്രം എഴുതപ്പെടുന്നതെന്ന വിഷയം താങ്കള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍, ആധുനിക കാലത്തും പ്രസ്ഥാനങ്ങളുടെ വികാസവുമായി ബന്ധപ്പെട്ട് പല തരം മിത്തുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിലും ദലിത് രാഷ്ട്രീയത്തിലുമൊക്കെ ഇതു കാണാം. ഇതിനോടൊക്കെ ചരിത്രകാരിയെന്ന നിലയില്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്?
മിത്തുകള്‍ എല്ലാ കാലത്തും സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ളതാണ്. പ്രധാന കാര്യം, വിദ്യാഭ്യാസപരമായി മുന്നോട്ടുപോകുമ്പോള്‍ ഇവയും വസ്തുതകളും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച കൃത്യമായ ധാരണകള്‍ ശക്തിപ്പെടും എന്നതാണ്. മിത്തുകള്‍ അവയുടെ സ്വന്തം നിലയില്‍ പല അറിവുകളും മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍, വിജ്ഞാനമെന്ന നിലയില്‍ നമ്മള്‍ പൊതുവില്‍ അംഗീകരിക്കുന്നതില്‍ നിന്നു വ്യത്യസ്തവുമാണ് അവ.
ചരിത്രത്തിന്റെ ഭാഗമായി വരുന്ന മിത്തുകളെ സംബന്ധിച്ച് ചരിത്രകാരന്‍ പരിശോധിക്കേണ്ടതാണ്. ചരിത്രവും സങ്കല്‍പവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പഠനങ്ങളിലൂടെ കണ്ടെത്തേണ്ടതാണ്. 19ാം നൂറ്റാണ്ടിലെ സമീപനരീതിയിലേക്ക് തിരിച്ചുപോവുകയല്ല ഞാന്‍. അന്നു ചരിത്രം സത്യം കണ്ടെത്തലാണ് എന്നായിരുന്നു അവകാശവാദം. കാരണം, സത്യം എന്തെന്ന് ആത്യന്തികമായി നമുക്ക് അറിയില്ല. കഴിഞ്ഞുപോയ കാലത്താണ് നാം പ്രവര്‍ത്തിക്കുന്നത്. ശാസ്ത്രം പോലെ കൃത്യമായ വേര്‍തിരിവോടെ കാര്യങ്ങള്‍ കണ്ടെത്തുക അസാധ്യമാണ്. പരീക്ഷണങ്ങളിലൂടെ ചരിത്രസത്യങ്ങളെ തെളിയിക്കാന്‍ സാധ്യമല്ലല്ലോ. അതിനാല്‍, കൂടുതല്‍ വിനയത്തോടെ ചരിത്രകാരന്‍ തന്റെ വാദങ്ങളെ മുന്നോട്ടുവയ്ക്കണം.
കഴിഞ്ഞ കാലത്ത് നടന്ന കാര്യങ്ങള്‍ മനസ്സിലാക്കാനും അവയെ വിശദീകരിക്കാനുമാണ് ചരിത്രത്തില്‍ ശ്രമം നടക്കുന്നത്. മിത്തോളജി പഴയ കാലങ്ങളെ സംബന്ധിച്ച ഒരു വിശദീകരണം തന്നെയാണ്. എന്നാല്‍, ചരിത്രകാരന്റെയും ഇതിഹാസകാരന്റെയും വിശദീകരണങ്ങള്‍ ഒരേ വിധത്തിലുള്ളതല്ല. ചരിത്രകാരനു സങ്കല്‍പങ്ങളെയും ഭാവനയെയും അടിസ്ഥാനപ്പെടുത്തി കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധ്യമല്ല. വിശ്വസനീയമായ തെളിവുകള്‍ കണ്ടെത്താന്‍ ചരിത്രകാരന്‍ ബാധ്യസ്ഥനാണ്. എന്നാല്‍, ഇതിഹാസങ്ങള്‍ സമൂഹത്തെ സംബന്ധിച്ച ഒരു ധാരണ നമുക്ക് നല്‍കുന്നുണ്ട്. ആ കാലത്തെ ആളുകളുടെ ജീവിതവും ചിന്തകളും സംബന്ധിച്ച ചില ധാരണകള്‍. അവ നമ്മള്‍ പരിശോധിക്കുകയും ചെയ്യുന്നു.
ഹിന്ദുത്വരുടെ ബ്രാഹ്മണാധിഷ്ഠിത സ്വഭാവത്തില്‍ മാറ്റം വരുന്നതായി പലരും പറയുന്നു. നരേന്ദ്ര മോദിയും ശിവരാജ് സിങ് ചൗഹാനും അടക്കമുള്ള പിന്നാക്ക സമുദായക്കാര്‍ ഉയര്‍ന്നുവരുന്നത് ഹിന്ദുത്വയുടെ സാമൂഹിക അടിത്തറ വിപുലമാവുന്നു എന്നതിന്റെ ഉദാഹരണമല്ലേ?
മുന്‍കാലത്ത് ബ്രാഹ്മണാധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയമാണ് പ്രധാനമായും നിലനിന്നിരുന്നത്. അതിന്റെ ആശയധാര തന്നെ ബ്രാഹ്മണാധിഷ്ഠിതമായിരുന്നു. ഇപ്പോള്‍ അവര്‍ ഒരു രാഷ്ട്രീയകക്ഷിയായി മാറിയിരിക്കുന്നതിനാല്‍ കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കേണ്ടിയിരിക്കുന്നു. അതിന് ഏറ്റവും എളുപ്പം വാഗ്ദാനങ്ങളുമായി സാധാരണ ജനങ്ങളെ സമീപിക്കുകയാണ്. അതാണ് ഇന്ന് ഹിന്ദുത്വ രാഷ്ട്രീയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ദലിത് സമുദായങ്ങളിലും വലിയ തോതിലുള്ള ഹിന്ദുത്വവല്‍ക്കരണം നടക്കുന്നതായി നാം മനസ്സിലാക്കണം. ഗുജറാത്ത് അതിനൊരു ഉദാഹരണമാണ്. എന്നാല്‍, ഈ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉറപ്പിക്കണമെങ്കില്‍ ഹിന്ദുത്വത്തിന് അതിന്റെ അടിസ്ഥാന ആശയഗതിയില്‍ ചില തിരുത്തലുകള്‍ വേണ്ടിവരും.
പിന്നാക്കവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അവരെ ആകര്‍ഷിക്കാന്‍ കുറേക്കൂടി എളുപ്പമാണ്. ഹിന്ദുത്വയുടെ ആശയങ്ങള്‍ അവര്‍ക്ക് ഹിതകരമായ മട്ടില്‍ വിശദീകരിക്കാന്‍ എളുപ്പമാണ്. അത്തരത്തിലുള്ള ഒരു പ്രതിഭാസം ഇപ്പോള്‍ നടക്കുന്നുണ്ട് എന്നുതന്നെയാണ് കരുതേണ്ടത്.                  ി

RELATED STORIES

Share it
Top