ചരിത്രം അര്‍ജന്റീനയ്‌ക്കൊപ്പം; മിശിഹായും സംഘവും ജീവന്‍മരണ പോരാട്ടത്തിന്


മോസ്‌കോ: നെഞ്ചിടിപ്പോടെയാണു ലോകമെമ്പാടുമുള്ള അര്‍ജന്റീനയുടെ ആരാധകര്‍ ഇന്നു സെന്റ്പീറ്റേഴ്‌സ് ബര്‍ഗിലേക്ക് ഉറ്റുനോക്കുന്നത്. മെസ്സിയുടെ നേതൃത്വത്തിലുള്ള കിരീട ഫേവറിറ്റുകള്‍ വാഴുമോ, അതോ വീഴുമോ എന്നറിയണമെങ്കില്‍ ഇന്നു ജയിച്ചാല്‍ മാത്രം പോര.  ഇന്നു നടക്കുന്ന രണ്ടു കളികളെയും ആശ്രയിക്കേണ്ട അവസ്ഥയാണ് മുന്‍ ലോക ചാംപ്യന്‍മാര്‍ക്കുള്ളത്.
2002നു ശേഷം നടന്ന ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറിലെല്ലാം കാലെടുത്തു വച്ച അര്‍ജന്റീനയ്ക്ക് ആ തുടര്‍ച്ച ഉണ്ടാവുമോ എന്നു നൈജീരിയക്കെതിരായ മല്‍സര ശേഷം കണ്ടറിയാം. ഇന്ന് നൈജീരിയക്കെതിരേ അവര്‍ വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രം പോര. ക്രൊയേഷ്യയും ഐസ്‌ലന്‍ഡും തമ്മിലുള്ള മറ്റൊരു മല്‍സരത്തില്‍ ക്രൊയേഷ്യ ഐസ്‌ലന്‍ഡിനെ തോല്‍പിക്കുകയും വേണം. ഗ്രൂപ്പ് ഡിയില്‍ രണ്ട് കളികളില്‍ നിന്ന് ആറു പോയിന്റുള്ള ക്രൊയേഷ്യ ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ടാംസ്ഥാനം ലഭിക്കാനാണ് ഇന്ന് അര്‍ജന്റീന ഉള്‍പ്പെടെയുള്ള മറ്റു മൂന്നു ടീമുകളും കളത്തിലിറങ്ങുന്നത്. ഗ്രൂപ്പില്‍ മൂന്ന് പോയിന്റുള്ള നൈജീരിയക്ക് അര്‍ജന്റീനയോട് സമനിലയെങ്കിലും വഴങ്ങിയാല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കുതിക്കാം. എന്നാല്‍ മറുവശത്ത് ക്രൊയേഷ്യ ഐസ്‌ലന്‍ഡിനെ സമനിലയില്‍ തളയ്ക്കുകയോ, പരാജയപ്പെടുത്തുകയോ വേണം. എന്നാല്‍ രണ്ടോ അതിലധികം ഗോളുകള്‍ക്കോ ഐസ്‌ലന്‍ഡ് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാല്‍ നൈജീരിയയെ പിന്തള്ളി കന്നി ലോകകപ്പ് കളിക്കാനെത്തിയ ഐസ്‌ലന്‍ഡ് ചരിത്രത്തിലാദ്യമായി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറും. രണ്ട് മല്‍സരങ്ങളില്‍ ഓരോ സമനില വഴങ്ങിയ അര്‍ജന്റീനയ്ക്കും ഐസ്‌ലന്‍ഡിനും ഒരു പോയിന്റ് വീതമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അര്‍ജന്റീനയാണ് അവസാന സ്ഥാനത്ത്. രണ്ടു കളികളില്‍ ആദ്യം ഐസ്‌ലന്‍ഡിനെതിരേ അഗ്യുറോയുടെ ഒരു ഗോളാശ്വാസം കണ്ട അര്‍ജന്റീന ക്രൊയേഷ്യക്കെതിരേ മൂന്ന് ഗോളുകളാണ് വഴങ്ങിയിട്ടുള്ളത്. ചരിത്രത്തില്‍ ക്രൊയേഷ്യക്കെതിരേ അര്‍ജന്റീനയുടെ ആദ്യ തോല്‍വിയും കൂടിയായിരുന്നു ഇത്.
നൈജീരിയയുമായുള്ള ചരിത്രക്കണക്കുകള്‍ അര്‍ജന്റീനന്‍ ടീമിന് ആശ്വാസമാണു നല്‍കുന്നതെങ്കിലും നിലവിലെ പ്രകടനത്തില്‍ ടീം തൃപ്തരല്ല. ഇരു ടീമും ഒമ്പതു മല്‍സരങ്ങളില്‍ മുഖാമുഖമെത്തിയപ്പോള്‍ അഞ്ച് മല്‍സരങ്ങളില്‍ അര്‍ജന്റീന വിജയതീരമണിഞ്ഞിരുന്നു. ആഫ്രിക്കന്‍ കുതിരകളാവട്ടെ മൂന്നെണ്ണത്തിലും ജയിച്ചപ്പോള്‍ ഒരു മല്‍സരം സമനിലയില്‍ കലാശിച്ചു. എങ്കിലും അവസാനമായി കഴിഞ്ഞവര്‍ഷം നവംബറില്‍ ഇരു ടീമും നേരിട്ടു കൊമ്പുകോര്‍ത്തപ്പോള്‍ അന്ന് 4-2ന് ആഫ്രിക്കന്‍ ചാംപ്യന്‍മാരോടു പൊരുതിത്തോല്‍ക്കാനായിരുന്നു മുന്‍ ലോക ചാംപ്യന്‍മാരുടെ വിധി. തുടര്‍ന്നാണു സാംപോളിയുടെ ടീം ക്രൊയേഷ്യയോട് പരാജയപ്പെട്ടത്. ഇന്നു കൂടി പരാജയപ്പെട്ട് ടീം നാലാം സ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ചാല്‍ 1958നു ശേഷം ആദ്യമായി ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന സ്ഥാനത്തു ഫിനിഷ് ചെയ്യുന്ന അര്‍ജന്റീനന്‍ ടീമെന്ന ചീത്തപ്പേര് മെസ്സിപ്പടയെ അലട്ടും. രണ്ടു മല്‍സരങ്ങള്‍ അവസാനിച്ചിട്ടും അര്‍ജന്റീനന്‍ ടീം കൂടുതലായി ആശ്രയിക്കുന്ന ഇതിഹാസ താരം ലയണല്‍ മെസ്സി ഫോം കണ്ടെത്താത്തതാണു ടീമിന് തലവേദന സൃഷ്ടിക്കുന്നത്. കഴിഞ്ഞ രണ്ടു മല്‍സരങ്ങള്‍ക്ക് മുമ്പും താരം ഇറങ്ങുമ്പോള്‍ ലോക ഫുട്‌ബോള്‍ ആരാധകര്‍ വന്‍ പ്രതീക്ഷയിലായിരുന്നു.

RELATED STORIES

Share it
Top