ചരല്‍പ്പറമ്പ് റോഡ് കോണ്‍ക്രീറ്റിങ്: 12 ലക്ഷം അനുവദിച്ചതായി അനില്‍ അക്കര എംഎല്‍എ

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ പ്രധാനപ്പെട്ട റോഡായ റെയില്‍വേ സ്‌റ്റേഷന്‍ ചരല്‍പ്പറമ്പ് റോഡിലെ വനമേഖലയിലൂടെ കടന്നു പോകുന്ന 260 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിന് 2018-2019 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ അനുവദിച്ചിതായി അനില്‍ അക്കര എംഎല്‍എ അറിയിച്ചു.
50 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ റോഡിന്റെ പ്രസ്തുത പ്രദേശമൊഴികെയുള്ള സ്ഥലം വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയിട്ടുള്ളതാണ്. എന്നാല്‍ വനമേഖലയിലെ ഈ 260 മീറ്റര്‍ കരിങ്കല്ല് പാകി ഗതാഗതയോഗ്യമാക്കിയതാണെങ്കിലും ഇപ്പോള്‍ കാല്‍നട പോലും അസാധ്യമാണ്. നൂറ് കണക്കിന് പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ താമസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ നിരവധി കാലമായുള്ള ആവശ്യമാണ് പൂര്‍ത്തീകരിക്കുന്നത്. 260 മീറ്റര്‍ ദൂരം ഗതാഗതയോഗ്യമാക്കുന്നതിന് തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.എല്‍.എ ആവശ്യപ്പെട്ടതുപ്രകാരം റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനുള്ള അനുമതി നല്‍കിയതോടുകൂടിയാണ് പ്രശ്‌നത്തിന് പരിഹാരമായത്.പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് തൃശൂര്‍ ഡിഎഫ്ഒ നല്‍കിയ ഉത്തരവ് അനുസരിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. എം. എ ല്‍.എ ഫണ്ട് ഉപയോഗിച്ച് കൊണ്ട് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് നഗരസഭാ സെക്രട്ടറിയും അനുമതി നല്‍കിയിരുന്നു.

RELATED STORIES

Share it
Top