ചമയത്തിന്റെ അരനൂറ്റാണ്ട്

പി എ അബ്ദുല്‍ റഷീദ്

MAKEUPMAN

കൊച്ചുകുട്ടികള്‍ മുതല്‍ പ്രശസ്ത ചലച്ചിത്ര താരങ്ങള്‍ക്കു വരെ വിസ്മയകരമായ രൂപമാറ്റം വരുത്തിയ അനുഗൃഹീതനായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ബാബു പള്ളുരുത്തി. സിനിമാരംഗത്ത് അജയ്യനായി പില്‍ക്കാലത്തു മാറിയ തിലകനെ അദ്ദേഹത്തിന്റെ ആദ്യകാലത്ത് ഒട്ടുമിക്ക നാടകങ്ങളിലും വേഷം നല്‍കാന്‍ ബാബുവുമുണ്ടായിരുന്നു. നടി റാണിചന്ദ്ര, നര്‍ത്തകിയും നടിയുമായിരുന്ന രാഗിണി, ശാന്തകുമാരി, ആലുമ്മൂടന്‍, അടൂര്‍ പങ്കജം, ദിവ്യ ഉണ്ണി, പറവൂര്‍ ഭരതന്‍, തസ്‌നീം ഖാന്‍, ആശാ ശരത്, സീമ ജി നായര്‍ തുടങ്ങിയവര്‍ക്ക് വിവിധ അവസരങ്ങളില്‍ മേക്കപ്പ് നല്‍കിയിട്ടുണ്ട്. ഗുരു ഗോപിനാഥ്, കുയിലന്‍, മരട് ജോസഫ്, പടന്നയില്‍, ശ്രീനി, കലാമണ്ഡലം വസുമതി, നടന്‍ മോഹന്‍ലാലിന്റെ ആശാന്‍ നട്ടുവര്‍ പരമശിവം തുടങ്ങിയവരെല്ലാം ബാബു ഒരുക്കിയ വേഷത്തില്‍ അരങ്ങേറിയിട്ടുണ്ട്.
1969-70 കാലഘട്ടത്തില്‍ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമാരായ എം ഒ ദേവസ്യ, ഉദയദാമു തുടങ്ങിയവരുടെ സഹായിയായി പോയെങ്കിലും സിനിമയില്‍ തുടരാന്‍ ബാബുവിനു മനസ്സ് വന്നില്ല.
1949 ജനവരി 29ന് കൊച്ചി ഈരവേലിയില്‍ ജനിച്ച ബാബുവിന്റെ ഇനീഷ്യല്‍ എ പി എന്നാണ്. തന്റെ ബാല്യം കഴിച്ചുകൂട്ടിയ കൊച്ചങ്ങാടിയിലെ അഞ്ചരമുറി പറമ്പ് (എപി) ആണ് ഇനീഷ്യലിനായി ബാബു തിരഞ്ഞെടുത്തത്. മതസൗഹാര്‍ദത്തിനു പേരുകേട്ട, സാധാരണക്കാര്‍ വസിക്കുന്ന കൊച്ചു കൊച്ചു വീടുകളുള്ള സ്ഥലമായിരുന്നു ഇത്. ഇന്ന് വലിയ കെട്ടിടങ്ങളും പട്ടണ പരിഷ്‌കാരവും വന്നെത്തിയെങ്കിലും ചുരുക്കം പേര്‍ മാത്രമാണ് അഞ്ചരമുറി പറമ്പ് അനുസ്മരിക്കുന്നത്. അഞ്ചരമുറി പറമ്പിന്റെ ഏതെങ്കിലും വീട്ടുമുറ്റത്ത് രാത്രികളില്‍ എന്നും നാടക റിഹേഴ്‌സല്‍ അരങ്ങേറുമായിരുന്നു. കലാകാരന്മാരുടെ കൂട്ടായ്മ എന്നും ഈ പറമ്പിലുണ്ടാവാറുണ്ട്. പെണ്ണുങ്ങള്‍ക്ക് വഅള് എന്ന മതപ്രസംഗം കേള്‍ക്കാന്‍ പോലും ഏറെ നിയന്ത്രണങ്ങളുണ്ടായിരുന്ന അക്കാലത്ത് വീടുകളില്‍ നടക്കുന്ന നാടക റിഹേഴ്‌സല്‍ കാണാന്‍ ധാരാളം മുസ്‌ലിം സ്ത്രീകളും വരുമായിരുന്നു എന്ന് ബാബു ഓര്‍ക്കുന്നു. 'കഷണ്ടിക്ക് ചീപ്പ് വേണ്ട' തുടങ്ങിയ ഹാസ്യനാടകങ്ങളായിരുന്നു അന്ന് കൂടുതലും. ആണിനെ പെണ്‍വേഷം കെട്ടിക്കുന്നതും താടിയും മീശയും ഫിറ്റ് ചെയ്യലുമൊക്കെ കണ്ടുകണ്ട് ചെറുപ്പത്തിലേ ഈ കലയോട് താല്‍പര്യം ജനിച്ചു. പനയപ്പിള്ളി മുജാഹിദീന്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ കലോല്‍സവങ്ങളില്‍ നൃത്തത്തിനുള്ള ഒരുക്കത്തിലും പങ്കാളിയാവാന്‍ ബാബുവിന് അവസരം ലഭിച്ചു തുടങ്ങി. ഒപ്പം ചിദംബരന്‍ മാസ്റ്ററുടെ പ്രോല്‍സാഹനവും.
പള്ളുരുത്തി എസ്ഡിപിവൈ സ്‌കൂളിലെത്തിയപ്പോള്‍ നാടകവും ഡാന്‍സും ബാലെയും അവയിലെ വേഷഭൂഷാദികളും ബാബുവിന്റെ മനസ്സിനെ വീണ്ടും മഥിച്ചു. നാടകങ്ങളുടെ അണിയറയില്‍ പോയി ചമയകല നോക്കി മനസ്സിലാക്കാന്‍ ശ്രമിച്ചു. മലയാളം അധ്യാപകനായിരുന്ന കെ ആര്‍ ശാസ്ത്രിയാണ് മേക്കപ്പ് കലയിലെ ബാബുവിന്റെ ആദ്യത്തെയും അവസാനത്തെയും ഗുരു. ബാബുവിന്റെ താല്‍പര്യം മനസ്സിലാക്കിയ മാസ്റ്റര്‍ മേക്കപ്പുമായി താന്‍ പോവുന്നിടത്തെല്ലാം തന്റെ മകനോടൊപ്പം ബാബുവിനെയും കൂട്ടുമായിരുന്നു. എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ നേവിയുടെ ഒരു പരിപാടിക്ക് പോയപ്പോള്‍ ബാബുവിന് സ്വതന്ത്രമായി മേക്കപ്പ് ചെയ്യാന്‍ അനുവാദവും നല്‍കി.
1964-65ല്‍ വര്‍ണശാല അഗസ്റ്റിന്റെ 'ക്രൂശിക്കപ്പെട്ട ആത്മാവ്' എന്ന നാടകത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലായിരുന്നു ബാബുവിന്റെ അരങ്ങേറ്റം. മൂന്നു രൂപപ്രതിഫലം. തുടര്‍ന്ന് കേട്ടും അറിഞ്ഞും ബാബുവിനെ തേടി പലരുമെത്തി. നാടകക്കാരും നൃത്തക്കാരും കലാമല്‍സരങ്ങളില്‍ കുട്ടികളെ ഒരുക്കാനായി രക്ഷകര്‍ത്താക്കളും സമീപിച്ചു.
ഇതിനിടെ ചവിട്ടുനാടക കലാകാരന്മാരുടെ വേഷങ്ങളെ കുറിച്ചും ബാബു പഠിച്ചു. ഏറെ ബുദ്ധിമുട്ടുള്ളതാണ് ചവിട്ട് നാടകത്തിലെ രാജാക്കന്മാരെയും അനുചരന്മാരെയും ഒരുക്കല്‍. കാറല്‍സ്മാനെയെല്ലാം തന്മയത്വത്തോടെ ബാബു ഒരുക്കി. ഒരാളെ അണിയിച്ചൊരുക്കുമ്പോള്‍ ചരിത്രം, കാലഘട്ടം എന്നിവയും മനസ്സിലാക്കണം. ഓരോരുത്തര്‍ക്കും ചേരുന്ന രീതിയില്‍ വേഷപ്പകര്‍ച്ച നല്‍കണം. മുഖത്തിന്റെ ഷെയ്പും ശരീരഘടനയും അനുസരിച്ച് വ്യത്യസ്ത രീതില്‍ വേണം വേഷം നല്‍കാന്‍. മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ സ്‌കില്‍ പ്രകടമാവേണ്ടതിവിടെയാണെന്ന് അരനൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ബാബു പറയുന്നു.
പൗഡര്‍ എണ്ണയില്‍ ചാലിച്ച് മുഖത്ത് തേക്കുന്ന ആ ഫൗണ്ടേഷന്‍ മേക്കപ്പില്‍ നിന്ന് കാലം എത്രയോ മാറിയെന്ന് ബാബു അനുസ്മരിക്കുകയാണ്. പുതിയ ടെക്‌നിക്കുകള്‍ മനസ്സിലാക്കി മുന്നോട്ട് പോവുന്നതുകൊണ്ടാണ് ബാബു ഇന്നും ഈ രംഗത്ത് പിടിച്ചുനില്‍ക്കുന്നത്.
കലാമല്‍സരങ്ങളില്‍ വിദ്യാര്‍ഥികളെ അണിയിച്ചൊരുക്കാനുള്ള രക്ഷകര്‍ത്താക്കളുടെ മുറവിളി ഏതു തിരക്കിനിടയിലും ബാബു മുഖവിലയ്‌ക്കെടുക്കും. അവരുടെ ആവശ്യം സാധിച്ചു കൊടുക്കുകയും ചെയ്യും. മേക്കപ്പിട്ട് കുട്ടിയെ മല്‍സരവേദിയിലേക്ക് പറഞ്ഞയച്ചാല്‍ ഞാന്‍ പിന്നെ അതിന്റെ പിന്നില്‍ പോകാറില്ല-ബാബു പറഞ്ഞു. എത്ര കുട്ടികള്‍ ഇതിനകം സമ്മാനം നേടിക്കാണുമെന്നുള്ള ചോദ്യത്തിനാണ് ബാബുവിന്റെ ഈ പ്രതികരണം. സമീപകാലത്ത് മക്കള്‍ക്കും ശിഷ്യന്മാര്‍ക്കും സമ്മാനം നേടിക്കൊടുക്കാന്‍ രക്ഷകര്‍ത്താക്കളും ആശാന്‍മാരും ജഡ്ജിമാരും മറ്റുള്ളവരുമായി നടത്തിയ ഒത്തുകളി മനസ്സില്‍ വച്ചുകൊണ്ടു കൂടിയാവണം ബാബു ഇങ്ങനെ പറഞ്ഞത്.
ബസ് കണ്ടക്ടര്‍ കൂടിയായിരുന്ന ബാബു പള്ളുരുത്തി പുല്ലാര്‍ദേശം റോഡില്‍ ഈരവേലി വീട്ടിലാണ് താമസിക്കുന്നത്. പരേതയായ സൗമിനിയാണ് ഭാര്യ. ബിനീഷ് ബാബു, ബിജീഷ് ബാബു, ബിബീഷ് ബാബു എന്നിവര്‍ മക്കളാണ്.

RELATED STORIES

Share it
Top