ചപ്പാരപ്പടവില്‍ മുസ്്‌ലിം ലീഗ് കണ്‍വന്‍ഷനില്‍ കൂട്ടത്തല്ല്

തളിപ്പറമ്പ്: ചപ്പാരപ്പടവ് ശാഖാ മുസ്്‌ലിംലീഗ് കണ്‍വന്‍ഷനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 7.30നാണു സംഭവം. വരവുചെലവ് കണക്ക് അവതരണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
പരിക്കേറ്റ ചപ്പാരപ്പടവിലെ കെ സി ഉമര്‍ഹാജി(63), തുന്തക്കാച്ചി അബ്്ദുല്‍കരീം(60) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും അബ്ദുല്‍ ജലീല്‍(42), ഉവൈസ്(25), ഫാറൂഖ്(29) എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒ കെ ഇബ്രാഹീംകുട്ടി പ്രസിഡന്റും ഇബ്‌നു ആദം ജനറല്‍ സെക്രട്ടറിയുമായ ശാഖാ കമ്മിറ്റിയാണ് ഉണ്ടായിരുന്നത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പി സി ജലീലിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കണ്‍വന്‍ഷനില്‍ ഒ പി ഇബ്രാഹീംകുട്ടി, മുസ്്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അബൂബക്കര്‍ മൗലവി, വൈസ് പ്രസിഡന്റ് ഒ സി ഹംസ തുടങ്ങിയവര്‍ പങ്കെടുത്തു.
പരിക്കേറ്റ അബ്്ദുല്‍കരീമും കെ സി ഉമര്‍ ഹാജിയും ഒരു പക്ഷത്തും മറ്റു മൂന്നുപേര്‍ മറുപക്ഷത്തും ഉള്ളവരാണ്. യോഗത്തില്‍ കണക്ക് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, പുതിയ കമ്മിറ്റി നിലവില്‍ വന്ന ശേഷമുള്ള കണക്ക് അവതരിപ്പിക്കലാണെന്നും പഴയ കമ്മിറ്റിയുടെ കണക്ക് നേരത്തേ യോഗം അംഗീകരിച്ചതാണെന്നും നിലവിലുള്ള ഭാരവാഹികള്‍ പറഞ്ഞു. ഇതിനെ ഒരുസംഘം ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. മര്‍ദനമേറ്റ അബ്്ദുല്‍ കരീമിനെ ആശുപത്രിയില്‍ എത്തിക്കാന്‍ എത്തിയപ്പോഴാണ് ഉമര്‍ഹാജിക്ക് മര്‍ദനമേറ്റത്. ഇദ്ദേഹത്തിന്റെ കാറും തകര്‍ത്തിട്ടുണ്ട്.

RELATED STORIES

Share it
Top