ചന്ദ്രനും നക്ഷത്രവുമുള്ള പച്ചക്കൊടി: സുപ്രിംകോടതി കേന്ദ്രത്തിന്റെ മറുപടി തേടി

ന്യൂഡല്‍ഹി: രാജ്യത്ത് അര്‍ധചന്ദ്രനും നക്ഷത്രവും ചിഹ്നം ആലേഖനം ചെയ്ത പച്ചനിറത്തിലുള്ള പതാക ഉയര്‍ത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാടു തേടി. പാകിസ്താന്‍ പതാകയോട് സാമ്യമുള്ളതാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റേതടക്കമുള്ള ഇത്തരം പതാകകളെന്നു പറഞ്ഞ്് ഉത്തര്‍പ്രദേശ് സ്വദേശിയായ വസീം റിസ്‌വി നല്‍കിയ ഹരജിയിലാണു നടപടി.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശം തേടാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയ്ക്ക്് ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കി.
രണ്ടാഴ്ചയ്ക്കു ശേഷം കോടതി വീണ്ടും കേസ് പരിഗണിക്കും.
ഹരജിയില്‍ പ്രാഥമിക നടപടിയെന്ന നിലയ്ക്കാണ് കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്.
പാകിസ്താന്‍ മുസ്‌ലിം ലീഗ് (ഖാഇദെ അഅ്‌സം) എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ പതാകയാണിതെന്നും പാകിസ്താന്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്ന ശത്രുരാജ്യമാണെന്നുമാണ് ഹരജിക്കാരന്റെ വാദം. ശത്രുരാജ്യത്തെ പാര്‍ട്ടിയുടെ പതാക ഉപയോഗിക്കുന്ന ഇന്ത്യയിലെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരേ നടപടിയെടുക്കണമെന്നും ഹരജിയില്‍ പറയുന്നുണ്ട്.
1906ല്‍ സ്ഥാപിച്ച അഖിലേന്ത്യാ മുസ്‌ലിം ലീഗിന്റേതാണ് പതാകയെന്നും വിഭജനശേഷം 1948ല്‍ ഇന്ത്യയില്‍ രൂപീകരിച്ച ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ പതാകയും ഇത്തരത്തില്‍ തുടരുകയാണെന്നും ഹരജിയില്‍ പറയുന്നു.

RELATED STORIES

Share it
Top