ചന്ദന്‍ മിത്ര ബിജെപി വിട്ടു; തൃണമൂലില്‍ ചേര്‍ന്നേക്കും


കൊല്‍ക്കത്ത: മുതിര്‍ന്ന ബിജെപി നേതാവും രണ്ടു തവണ രാജ്യസഭാംഗവുമായ ചന്ദന്‍ മിത്ര പാര്‍ട്ടി വിട്ടു. മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നതായാണ് സൂചന. കൊല്‍ക്കത്തയുടെ ഹൃദയ ഭാഗമായ വിക്ടോറിയ ഹൗസിന് പുറത്ത് ശനിയാഴ്ച്ച നടക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൂറ്റന്‍ റാലിയില്‍ മിത്രയുടെ പാര്‍ട്ടി പ്രവേശന പ്രഖ്യാപനമുണ്ടായേക്കും.

സ്റ്റേറ്റ്‌സ്മാന്‍ ഹൗസില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ച മിത്ര നിലവില്‍ ഡല്‍ഹിയില്‍ പയനിയര്‍ പത്രത്തിന്റെ എഡിറ്ററാണ്. ശനിയാഴ്ച്ച പാര്‍ട്ടി പ്രവേശന പ്രഖ്യാപനമുണ്ടാവുമോ എന്ന കാര്യത്തില്‍ തൃണമൂലും മിത്രയും മൗനം പാലിക്കുകയാണ്. അതേ സമയം, നിരവധി പുതിയ മുഖങ്ങള്‍ ശനിയാഴ്ച്ചത്തെ പരിപാടിയില്‍ പാര്‍ട്ടിയിലെത്തുമെന്ന് തൃണമൂല്‍ അറിയിച്ചിട്ടുണ്ട്.

നിരവധി കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ തൃണമൂലില്‍ ചേരാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍, ചന്ദന്‍ മിത്രയുടെ വരവ് തന്നെയായിരിക്കും ഏറ്റവും ശ്രദ്ധേയം. ബിജെപിയിലെ അമിത്ഷാ-മോദി കൂട്ടുകെട്ടിന്റെ അവഗണനയാണ് ചന്ദന്‍ മിത്രയെ ചൊടിപ്പിച്ചത്. പാര്‍ട്ടിക്ക് അയച്ച രാജിക്കത്തില്‍ മിത്ര തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

2106ലെ പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പില്‍ ഹൂഗ്ലി സീറ്റില്‍ നിന്ന് മിത്ര മല്‍സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top