ചന്ദനമരം വെട്ടിക്കടത്തിയ സംഭവം : റവന്യൂ റിപോര്‍ട്ടില്‍ തിരിമറിയെന്ന് ആരോപണംഎരുമേലി: തോടിന്റെ കരയില്‍ നിന്ന് മൂന്നു മരങ്ങള്‍ വെട്ടിക്കടത്തിയതു സംബന്ധിച്ച് സ്ഥലം പരിശോധിച്ച് റവന്യു വകുപ്പ് നല്‍കിയ റിപോര്‍ട്ടില്‍ തിരിമറി നടന്നെന്ന് ആരോപണം. വന്‍വില മതിക്കുന്ന ചന്ദന വയമ്പ് മരമാണ് റിപോര്‍ട്ടില്‍ അപ്രത്യക്ഷമായത്. അതേസമയം വെട്ടിക്കടത്തിയ ചന്ദന വയമ്പ് ഉള്‍പ്പടെ മൂന്നു മരങ്ങളും പുറമ്പോക്കിലെയാണെന്ന് പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടാനായില്ലന്ന് ആക്ഷേപം. നേര്‍ച്ചപ്പാറ വാര്‍ഡില്‍ കവുങ്ങുംകുഴി പ്ലാമൂട്ടില്‍ കയം ഭാഗത്ത് പേരൂര്‍തോടിന്റെ കരയില്‍ നിന്ന ചന്ദനവയമ്പ്, തേക്ക്, ആഞ്ഞിലി മരങ്ങളാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പാറത്തോട് സ്വദേശിയായ തടി വ്യാപാരി വെട്ടിക്കടത്തിയത്. ചന്ദനവയമ്പിന് നൂറ് ഇഞ്ച് വണ്ണവും 250 ക്യൂബിക് അടി തടിയുമുണ്ടായിരുന്നു. വിപണിയില്‍ ഇതിന് വന്‍വില ലഭിക്കുന്നതാണ്. തേക്കിനും ആഞ്ഞിലിക്കും 65 ഇഞ്ച് വണ്ണവുമാണുണ്ടായിരുന്നത്. സമീപത്തെ പറമ്പുടമ തന്റെ സ്വന്തം മരങ്ങളാണെന്ന്് പറഞ്ഞ് പണം വാങ്ങി വില്‍ക്കുകയായിരുനെന്ന് തടി വ്യാപാരി പറയുന്നു. എന്നാല്‍ വനം വകുപ്പില്‍ വെരിഫിക്കേഷന്‍ നടത്തി മരങ്ങള്‍ മുറിച്ച് കടത്താന്‍ ഉടമയോ വ്യാപാരിയോ പാസ് വാങ്ങിയിരുന്നില്ല. നാട്ടില്‍ ഏതെങ്കിലും കര്‍ഷകര്‍ വീട്ടാവശ്യത്തിനു സ്വന്തം പറമ്പിലെ മരങ്ങള്‍ മുറിച്ചാല്‍ ഓടിയെത്തി പാസില്ലെങ്കില്‍ കേസെടുക്കുന്ന എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസ് അധികൃതരാവട്ടെ ഈ സംഭവം അറിഞ്ഞതായി പോലും നടിച്ചില്ലന്ന് നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍ ഇടപെട്ടാണ് തടികള്‍ കടത്തിയതിനെതിരേ പോലിസില്‍ പരാതി നല്‍കിയത്. പഞ്ചായത്ത് സെക്രട്ടറി പി എ നൗഷാദ് നല്‍കിയ പരാതിയില്‍ ഐപിസി 379ാം വകുപ്പ് ചുമത്തി കേസെടുത്ത പോലിസ് കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് മരങ്ങള്‍ മുറിച്ച സ്ഥലം പഞ്ചായത്തിന്റെ അധീനതയിലുള്ളതാണോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നല്‍കി. ഇതേ തുടര്‍ന്ന് സ്ഥലം അളന്ന് നിര്‍ണയിക്കാന്‍ റവന്യുവകുപ്പില്‍ പഞ്ചായത്ത് അപേക്ഷ നല്‍കി. കലക്ടറുടെ നിര്‍ദേശ പ്രകാരം താലൂക്ക് സര്‍വെയര്‍ സ്ഥലം അളന്നു. തുടര്‍ന്ന് കാഞ്ഞിരപ്പളളി തഹസില്‍ദാര്‍ റിപോര്‍ട്ട് നല്‍കി സ്ഥലം പുറമ്പോക്കാണെന്ന് പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു.വെട്ടിക്കടത്തിയ മൂന്ന് മരങ്ങളും പുറമ്പോക്കിലാണെന്ന് വ്യക്തമാക്കി പ്ലാനും റിപോര്‍ട്ടിനൊപ്പം നല്‍കിയിരുന്നു. എന്നാല്‍ പ്ലാനില്‍ തേക്ക്, ആഞ്ഞിലി മരങ്ങളുടെ കുറ്റികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ചന്ദനവയമ്പിനെ പറ്റി പരാമര്‍ശിച്ചിട്ടില്ല. ഈ റിപോര്‍ട്ട് പോലിസിനു നല്‍കിയെന്നും പുറമ്പോക്കാണെന്ന് ഉറപ്പായതിനാല്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഒരാഴ്ച മുമ്പാണ് പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു. എന്നാല്‍ അന്വേഷണം വൈകുകയാണെന്നാണ് ആക്ഷേപം. വനം വകുപ്പിന്റെ  നിസ്സംഗതയും റവന്യു റിപോര്‍ട്ടില്‍ മൂന്നു മരങ്ങളെന്നു പറയുമ്പോഴും ചന്ദനമരത്തെ പറ്റി പരാമര്‍ശിക്കാത്തതും സ്വാധീനം മൂലമാണെന്നാണ് ആക്ഷേപം.

RELATED STORIES

Share it
Top