ചത്ത പോത്തിനെ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുപിയില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം

ലഖ്‌നോ: ചത്ത പോത്തിനെ കടത്തിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ നാലു യുവാക്കളെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. ഹത്രാസ് ജില്ലയിലാണ് സംഭവം. ചത്ത പോത്തിന്റെ ശരീരം ലോറിയില്‍ കയറ്റി കൊണ്ടുപോവുന്നതിനിടെയാണ് യുവാക്കള്‍ക്കെതിരേ ആക്രമണമുണ്ടായത്. പോത്തിനെ യുവാക്കള്‍ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്നാരോപിച്ചാണ് മര്‍ദിച്ചത്. പോലിസെത്തിയാണ് യുവാക്കളെ രക്ഷിച്ചത്. മര്‍ദന ദൃശ്യങ്ങള്‍ പകര്‍ത്തി ഗ്രാമവാസികളില്‍ ഒരാള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. തങ്ങള്‍ കള്ളന്‍മാരല്ലെന്നും ഒരു കോണ്‍ട്രാക്ടറുടെ നിര്‍ദേശപ്രകാരമാണ് പോത്തിനെ ലോറിയില്‍ കയറ്റിയതെന്നും ഇവര്‍ പറയുന്നുണ്ട്.
കഴിഞ്ഞദിവസം രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്തിന്റെ പേരില്‍ രക്ബര്‍ ഖാന്‍ എന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം കാലിക്കടത്ത് ആരോപിച്ച് നിരവധി യുവാക്കളാണ് കൊല്ലപ്പെട്ടത്.
വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരേ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രിം കോടതി ഈയിടെ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
പശുവിനെ രാഷ്ട്ര മാതാവായി അംഗീകരിക്കുന്നതുവരെ പശുവിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടരുമെന്ന് തെലങ്കാനയിലെ ബിജെപി എംഎല്‍എ ടി രാജസിങ് ലോധ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചതും വിവാദമായിരുന്നു.

RELATED STORIES

Share it
Top