ചങ്ങലീരി റോഡിലെ യു ടേണ്‍ സംവിധാനം ; ട്രാഫിക് പരിഷ്‌കാരം ആദ്യ ദിനം വിജയകരംമണ്ണാര്‍ക്കാട്: കോടതിപ്പടിയിലെ ഗതാഗത കുരുക്കഴിക്കാന്‍ പോലിസ് നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം ആദ്യ ദിവസം വിജയകരം. അതേസമയം, പരിഷ്‌കാരത്തിന് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പും ഉയര്‍ന്നു. എംഇഎസ് കോളജ് ഭാഗത്തു നിന്ന് വരുന്ന ബസ്, ലോറി, ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ കുന്തിപ്പുഴ ബൈപാസ് വഴിയാണ് തിരിച്ചു വിടുന്നത്. ചങ്ങലീരി റോഡില്‍ നിന്ന് വരുന്ന ബസ്, ലോറി ഒഴികെയുള്ള വാഹനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്നിലെത്തി യൂടേണ്‍ എടുക്കുകയും കുന്തിപ്പുഴ ഭാഗത്തു നിന്ന് ചങ്ങലീരി റോഡില്‍ കയറുന്ന വാഹനങ്ങള്‍ പ്രതിഭ തിയറ്ററിനു മുന്‍വശത്ത് എത്തിയും യൂ ടേണ്‍ എടുക്കാനാണ് പോലിസ് നിര്‍ദേശിച്ചത്. ഇതിനായി റോഡില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചു.  ഇന്നലെ പോലിസ് ഈ ഭാഗത്ത് വാഹനങ്ങള്‍ തിരിച്ചു വിടാന്‍ റോഡിലിറങ്ങി. പരിഷ്‌കാരം നടപ്പാക്കിയപ്പോള്‍ കോടതിപ്പടിയിലെ കുരുക്കിന് ഒരളവു വരെ അയവു വന്നു. ചങ്ങലീരി റോഡിലെ യു ടേണ്‍ സംവിധാനം നടപ്പാക്കിയതില്‍ കോടതിപ്പടിയിലെ ഒരു വിഭാഗം ഓട്ടോറിക്ഷ തൊഴിലാളികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ചങ്ങലീരി റോഡിലേക്ക് ഓട്ടം കിട്ടുന്ന ഓട്ടോ റിക്ഷ പ്രതിഭ തിയറ്ററിന്റെ ഭാഗത്ത് പോയി യു ടേണ്‍ തിരിഞ്ഞു വരുന്നതാണ് ഓട്ടോ തൊഴിലാളികളുടെ എതിര്‍പ്പിന് കാരമണായത്. അതേ സമയം കുന്തിപ്പുഴ ഭാഗത്തു നിന്നു മിനി സിവില്‍ സ്‌റ്റേഷനിലേക്ക് വരുന്നവര്‍ കുന്തിപ്പുഴ ബൈപാസ് വഴി നഗരത്തിലെത്തി ചുറ്റി വരുന്നത് പ്രായോഗികമല്ലന്ന് ഒരു വിഭാഗം യാത്രക്കാര്‍ ആരോപിച്ചു. കുന്തിപ്പുഴ ഭാഗത്തു നിന്ന് വരുന്ന എല്ലാ ഇരുചക്ര വാഹനങ്ങളെയും ബൈപാസ് വഴി വിടുന്നത് പുനപ്പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്നലെ നടപ്പാക്കിയ പരിഷ്‌കാരം പരീക്ഷണാടിസ്ഥാനത്തിലാണെന്നും അപാകതകള്‍ പരിഹരിക്കുമെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top