ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി

ചങ്ങനാശ്ശേരി:  ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലെ  ആധുനിക രീതിയിലുള്ള പുതിയ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തിയായി. ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. സ്റ്റേഷന്റെ മധ്യഭാഗത്തായി 100 മീറ്റര്‍ നീളത്തിലും 10 മീറ്റര്‍ വീതിയിലുമാണ് പുതിയ ടര്‍മിനല്‍ നിര്‍മിച്ചിട്ടുള്ളത്. പുതുവല്‍സര സമ്മാനമായി 2018 ജനുവരി ഒന്നിനു തുറന്നുകൊടുക്കാനായിരുന്നു ആദ്യം ശ്രമിച്ചിരുന്നതെങ്കിലും പിന്നീട് പണികള്‍  നീണ്ടുപോയതിനെത്തുടര്‍ന്നു ഉദ്ഘാടനം നീട്ടിവക്കുകയായിരുന്നു. 2015 ജൂണ്‍ 20ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവായിരുന്നു  ഇതിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. റെയില്‍വേ സ്റ്റേഷന്റെ ഒരു ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നിലവിലെ കെട്ടിടം സ്റ്റേഷന്റെ മധ്യഭാഗത്തേക്കു മാറ്റി സ്ഥാപിക്കണമെന്നു വര്‍ഷങ്ങളായി ആവശ്യം ഉയര്‍ന്ന—തിനെത്തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ശ്രമഫലമായിട്ടാണ് മധ്യഭാഗത്തേക്കു മാറ്റി പുതിയത് സ്ഥാപിക്കാന്‍ തീരുമാനമായത്. സ്‌റ്റേഷന്‍ കെട്ടിടത്തിന് ഏഴുകോടിയും ഇലക്ട്രിക്കല്‍ ജോലികള്‍ക്ക് നാലുകോടിയും ഉള്‍പ്പെടെ 11 കോടിയാണ് ഇതിന്റെ നിര്‍മാണ ചെലവ്. 18 മാസങ്ങള്‍കൊണ്ട് പണികള്‍ പൂര്‍ത്തികരി—ക്കാനാണ് ഉദേശിക്കുന്നതെങ്കിലും വിവിധ കാരണങ്ങളാല്‍ പണികള്‍ നീണ്ടുപോകുകയായിരുന്നു. സ്‌റ്റേഷന്‍ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി  യാത്രക്കാര്‍ക്ക് പ്ലാറ്റ്‌ഫോമിലേയ്ക്ക് മാറിക്കയറാന്‍ നിലവിലുള്ള ഒരു  മേല്‍പ്പാലം കൂടാതെ ഒന്നുകൂടി സ്‌റ്റേഷനില്‍ നിര്‍മിച്ചിട്ടുണ്ട്.  നിലവില്‍ ചെങ്ങന്നൂര്‍ ചിങ്ങവനം പാതയിരട്ടിപ്പിക്കല്‍ ജോലിയില്‍ ഉള്‍പ്പെടുത്താതെ അധികമായിട്ടാണ് പുതിയ കെട്ടിടത്തിന്റെ  പണികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ സ്റ്റേഷനില്‍ കൂടുതലായി മൂന്നു വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കും.ഇതില്‍ രണ്ടെണ്ണം രണ്ടാമത്തെ പ്ലാറ്റ്്‌ഫോമിലാകും സ്ഥാപിക്കുക.നിലവില്‍ ഒരു റിസര്‍വേഷന്‍ കൗണ്ടറാണുള്ളത്. ഇതു കൂടാതെ ഒന്നുകൂടി പുതിയ കെട്ടിടത്തില്‍ ഉണ്ടാകും.  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ അഞ്ചു റിസര്‍വേഷന്‍ കൗണ്ടറുകള്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.ബി കാറ്റഗറിയില്‍പ്പെട്ട റെയില്‍വേ സ്റ്റേഷന്‍ എന്ന നിലയില്‍ 550 മീറ്റര്‍ നീളത്തില്‍ മൂന്നു പ്ലാറ്റ് ഫോമുകളാണ് നിര്‍മിച്ചിട്ടുള്ളത്. വിഐപി ലോഞ്ച്, സ്‌റ്റേഷന്‍ മാസ്റ്റര്‍ റൂം, സ്‌റ്റോര്‍, ബുക്കിങ് ഓഫിസ്, ക്യൂ സംവിധാനം, വെയിറ്റിങ്്് ഹാള്‍,സ്ത്രീകള്‍ക്കായി പ്രത്യേക ഇരിപ്പിടവും ശൗചാലയങ്ങളും എസ്ടിഡി, ഇന്‍ഫര്‍മേഷന്‍, സൂപ്പര്‍വൈസര്‍ റൂം, ടിക്കറ്റ് വെന്റിങ് മെഷീന്‍, അംഗവൈകല്യമുള്ളവര്‍ക്ക് ടിക്കറ്റെടുക്കാന്‍ പ്രത്യേക സംവിധാനം തുടങ്ങിയവയും പുതിയ ടര്‍മിനലില്‍ ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ഓഫിസ് കെട്ടിടത്തില്‍ പിആര്‍എഫ് ഔട്ട് പോസ്റ്റ്, കുടിവെള്ള ശുദ്ധീകരണ പ്ലാന്റ്, ജനറേറ്റര്‍ മുറി, പാഴ്‌സല്‍ ഓഫിസ്, ബാറ്ററി റൂം എന്നിവ പ്രവര്‍ത്തിപ്പിക്കും. റെയില്‍വേ സ്റ്റേഷനില്‍ എസ്‌കവേറ്റര്‍ സംവിധാനവും ഒരുക്കാനുള്ള നീക്കത്തിലാണ് ബന്ധപ്പെട്ടവര്‍. വികസനത്തിന്റെ ഭാഗമായി ഗുഡ്‌ഷെഡ് റോഡും വീതികൂട്ടി ടാറിങ് പൂര്‍ത്തിയായിക്കഴിഞ്ഞു.നീലനിറത്തിലുള്ള ഗാല്‍വനൈസ്ഡ് റൂഫിങാണ്  പുതിയ പ്ലാറ്റ് ഫോമില്‍ ഇട്ടിട്ടുള്ളത്.  കെട്ടിടം ഒഴികെയുള്ള ഭാഗത്ത്് ടാറിങ് നടത്തും.  റെയില്‍വേ ടര്‍മിനല്‍ പണിപൂര്‍ത്തിയാകുന്നതോടെ ചങ്ങനാശ്ശേരിയില്‍ കൂടുതല്‍ യാത്രക്കാര്‍ എത്തുവാനും അതുവഴി നഗരത്തിന്റെ വികസനം ത്വരിതഗതിയിലാകുമെന്നുമാണ് പ്രതീക്ഷ.

RELATED STORIES

Share it
Top