ചങ്ങനാശ്ശേരി നഗരത്തിലെ റോഡ് നിര്‍മാണം അന്തിമഘട്ടത്തില്‍ചങ്ങനാശ്ശേരി: എംസി റോഡിന്റെ ഏറ്റവും വീതികുറഞ്ഞ ഭാഗമായ ചങ്ങനാശ്ശേരി പട്ടണത്തിന്റെ മുഖഛായ മാറ്റി നഗരത്തിലെ റോഡ് വികസനം അന്തിമഘട്ടത്തില്‍. അതിന്റെ ഭാഗമായി യന്ത്രത്തകരാറിനെ തുടര്‍ന്ന് മുടങ്ങിക്കിടന്ന നഗര ഹൃദയഭാഗത്തെ ടാറിങും ഇന്നലെ നടന്നു. ഇതോടെ കഴിഞ്ഞ ഫെബ്രുവരി 15നു തുടക്കം കുറിച്ച ചങ്ങനാശ്ശേരി പട്ടണത്തിലെ എംസി റോഡ് വികസനവും പൂര്‍ത്തിയായി. ഇനിമ ുതല്‍ നഗരത്തിലെ ഗതാഗത തടസ്സങ്ങളും നീങ്ങി എല്ലാം പൂര്‍വസ്ഥിതിയില്‍ ആവുമെന്നാണ് പ്രതീക്ഷ. എങ്കിലും അവസാനഘട്ട പണികളുടെ ഭാഗമായ ദിശാബോര്‍ഡുകള്‍ സ്ഥാപിക്കല്‍,  സീബ്രാ ലൈനുകള്‍ ഉള്‍പ്പെടെയുള്ള ലൈനുകള്‍, ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ഇനിയുള്ള ദിവസങ്ങളിലാവും നടക്കുക. ഒപ്പം അവസാനഘട്ട ടാറിങും ഉണ്ടാവും. മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു നഗരത്തിലെ നിര്‍മാണം. ഓരോഘട്ടവും 20 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കാമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും മൂന്നാംഘട്ടം എത്തിയപ്പോള്‍ പണികള്‍ നീണ്ടുപോയി. അതോടൊപ്പം നഗരത്തില്‍ നിന്നെടുത്ത മണ്ണിനെച്ചൊല്ലിയും റോഡിന്റെ അലൈന്‍മെന്റില്‍ മാറ്റങ്ങള്‍ വരുത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും മൂര്‍ച്ഛിച്ചു.  നിരവധി പ്രവശ്യം എംഎല്‍എയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി അവലോകന യോഗങ്ങളും നടന്നെങ്കിലും യോഗ തീരുമാനങ്ങള്‍ പലതും നടന്നതുമില്ല. ഒന്നാംഘട്ടമെന്ന നിലയില്‍ സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസി ജങ്ഷന്‍ വരെയുള്ള പണികളായിരുന്നു നടന്നത്. രണ്ടാംഘട്ടമായി റെഡ് സ്‌ക്വയര്‍ മുതല്‍ പോസ്റ്റോഫിസ് ജങ്ഷന്‍ വരെയുള്ളതും മൂന്നാം ഘട്ടമായി കെഎസ്്ആര്‍ടിസി മുതല്‍ പോസ്റ്റോഫിസ് വരെയുള്ള പണികളുമാണ് നടന്നത്. അവസാനഘട്ട പണികള്‍ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പണികള്‍ നീണ്ടുപോവുകയായിരുന്നു. യന്ത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെയാണ് ഇന്നലെ ടാറിങ് പണികള്‍ തീര്‍ക്കാനായത്. അതേസമയം നഗരസഭാ കോപൗണ്ടില്‍ നില്‍ക്കുന്ന ഈട്ടിമരം ഇന്നലെയും വെട്ടിമാറ്റിയില്ല. ഇതേത്തുടര്‍ന്ന് ഈ ഭാഗത്തെ ഓട നിര്‍മാണം നടന്നിട്ടില്ല. ഇന്നോ നാളെയോ മരം വെട്ടിമാറ്റി നഗരസഭക്കു കൈമാറാനാണ് നീക്കം. തുടര്‍ന്നാവും ആ ഭാഗത്തെ ഓടയുടെ നിര്‍മാണവും പണികളും നടക്കുക. എതിര്‍ഭാഗത്ത് പോസ്റ്റോഫിസിന്റെ സ്ഥലം വിട്ടു കിട്ടാത്തതിനെ തുടര്‍ന്ന് ഇതിന്റെ മതില്‍ ഭാഗംവരെ ഓട നിര്‍മിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഇരുവശങ്ങളില്‍ നിന്നും ഓടയിലൂടെ ഒഴുകിവരുന്ന മലിനജലം പോകാനായി താല്‍ക്കാലികമായി ചെറിയ ഓട റോഡിനരികെ കൂടി നിര്‍മിച്ചിട്ടുണ്ട്. റോഡിന്റെ പിടഞ്ഞാറു ഭാഗം ടാറിങ് നേരത്തെ തന്നെ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.  കിഴക്കു ഭാഗത്തെ ടാറിങാണ് ഇന്നലെ നടന്നത്. എന്നാല്‍ സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍  റെഡ് സ്‌ക്വയര്‍ വരെയുള്ള ഭാഗത്തെ പൊട്ടിയ ശുദ്ധജല പൈപ്പുകള്‍ മാറ്റിയിടാനായിട്ടില്ല. 180 എംഎം പൈപ്പുകള്‍ തങ്ങളുടെ കൈവശമില്ലെന്ന നിലപാടാണ് കെഎസ്ടിപി സ്വീകരിച്ചിരിക്കുന്നത്. പകരം 80 എംഎം പൈപ്പുകള്‍ ഇടാമെന്നും അവര്‍ വാട്ടര്‍ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നു കച്ചവട സ്ഥാപനങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. റോഡിലെ ടാറിങ് പൂര്‍ത്തിയായി ഓടക്ക് മുകളില്‍ സ്ലാബുകള്‍ ഇട്ടെങ്കിലും ഓടക്കും കടകള്‍ക്കുമിടയിലുള്ള 90 സെന്റീമീറ്റര്‍ സ്ഥലത്തുകൂടിയാവും പൈപ്പുകള്‍ ഇടുന്നത്. അതിനാല്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി റോഡ് കുഴിക്കേണ്ടി വരികയില്ലെന്നും കെഎസ്ടിപി അധികൃതര്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top