ചങ്ങനാശ്ശേരി നഗരത്തിലെ രൂപരേഖയില്‍ മാറ്റം വരുത്തിയെന്ന് വ്യാപക ആക്ഷേപംചങ്ങനാശ്ശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി നഗരത്തിലെ രൂപരേഖയില്‍ മാറ്റം വരുത്തിയതായി വ്യാപക ആക്ഷേപം. ഇതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പണികള്‍ നടക്കേണ്ട സ്ഥലത്തെ യഥാര്‍ഥ ബ്ലൂ പ്രിന്റ് പൊതുജനങ്ങളെ കാണിക്കണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. നേരത്തെ അളന്നു കല്ലിട്ട സ്ഥലത്തല്ല ഇപ്പോള്‍ പണികള്‍ നടക്കുന്നതെന്നും തല്‍പ്പര കക്ഷികളെ സഹായിക്കാനായി പലയിടത്തും പല വീതിയും വളവും സൃഷ്ടിച്ചാണ് പണികള്‍ നടക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പണികള്‍ ആരംഭിച്ച സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസിക്കു മുന്‍ഭാഗം വരെയുള്ള ഭാഗത്തെ സ്ഥലമെടുപ്പില്‍ സെന്‍ട്രല്‍ ജങ്ഷനിലെ വീതിയെച്ചൊല്ലിയാണ് പ്രധാനമായും ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജങ്ഷനില്‍ മൂന്നു ഭാഗത്തുനിന്നും വാഹനങ്ങള്‍ക്കു ശരിയായ രീതിയില്‍ വളവു തിരിയാന്‍ പാകത്തില്‍ സ്ഥലമെടുത്തപ്പോള്‍ തെക്കുനിന്നും വാഴൂര്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ആവശ്യത്തിനു സ്ഥലമെടുക്കാതെയാണ് പണികള്‍ നടക്കുന്നതെന്ന് ഒരു വിഭാഗം പറയുന്നു. സമാനമായ നിലയില്‍ തെക്കു നിന്ന് മാര്‍ക്കറ്റ് റോഡിലേക്കു തിരിയുന്ന ഭാഗത്തും നേരെ സ്ഥലമെടുത്ത് ഓടകള്‍ സ്ഥാപിക്കേണ്ടതിനു പകരം സെന്‍ട്രല്‍ ജങ്ഷന്‍ റോഡിലേക്കു ഇറക്കിയാണ് ഓടകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥലമെടുപ്പു വേളയില്‍ അളന്നിട്ട കല്ലിനു പിന്നീട് സ്ഥാനചലനം സംഭവിച്ചതായും ഇവര്‍ അഭിപ്രായപ്പെടുന്നു. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ നഗരസഭാ കൗണ്‍സിലര്‍ ഇടപെട്ടാണ് പരിഹരിച്ചത്. എന്നാല്‍ മുമ്പ് കല്ലിട്ട ഭാഗത്തുനിന്നു സ്ഥലം എടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും ഇതിനെതിരേ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുമെന്നും പണികളെ സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ പറഞ്ഞു.

RELATED STORIES

Share it
Top