ചങ്ങനാശ്ശേരി-ചിങ്ങവനം റെയില്‍പാത ഇരട്ടിപ്പിക്കല്‍ ഡിസംബറില്‍ പൂര്‍ത്തിയാവുംകോട്ടയം: കായംകുളം-കോട്ടയം-എറണാകുളം റെയില്‍വേ ലൈനിലെ ചങ്ങനാശ്ശേരി മുതല്‍ ചിങ്ങവനം വരെയുളള പാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തികള്‍ ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനുമിടയില്‍ സ്ഥലമേറ്റെടുക്കാനുള്ള കാലതാമസമാണ് ചിങ്ങവനം വരെയുള്ള ഭാഗത്തിനു തടസ്സം നില്‍ക്കുന്നത്. പത്തോളം ഭൂ ഉടമകളില്‍ നിന്നാണ് സ്ഥലമേറ്റെടുക്കേണ്ടത്. ഇതില്‍ അഞ്ചുപേര്‍ നിലവിലുള്ള ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം വസ്തു വിട്ടുനല്‍കാന്‍ തയ്യാറാണ്. അവശേഷിച്ച അഞ്ച് ഭൂ ഉടമകളുടെ തര്‍ക്കമാണ് ഭൂമി ഏറ്റെടുക്കലിനു പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് കൊടിക്കുന്നില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ കോട്ടയം കലക്ടറേറ്റില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെയും ഭൂമി ഏറ്റെടുക്കല്‍ ചുമതലയുള്ള ഡപ്യൂട്ടി കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെയും യോഗം ചേര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഥലം വിട്ടുനല്‍കാന്‍ വിസമ്മതിക്കുന്ന ഭൂവുടമകളുമായി പ്രത്യേകം ചര്‍ച്ച നടത്തി കരാറുണ്ടാക്കും. സ്ഥലം വിട്ടുകൊടുത്ത ഉടമകള്‍ക്കു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക ഉടന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറോട് ആവശ്യപ്പെട്ടതായി എംപി പറഞ്ഞു. ചങ്ങനാശ്ശേരി മുതല്‍ ചിങ്ങവനം വരെയുള്ള ഭാഗത്തെ പാത ഇരട്ടിപ്പിക്കലില്‍ കാലതാമസം വരുന്നതു മൂലം നിരവധി മേല്‍പ്പാലങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവുന്നില്ല. കുറിച്ചി പഞ്ചായത്തിലെ റെയില്‍വേ മേല്‍പ്പാലങ്ങള്‍ വീതികൂട്ടി പുതുക്കാനുള്ള നടപടികള്‍ തുടങ്ങി. ചിറമുട്ടം റോഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി ഈ പ്രദേശത്ത് തടസ്സപ്പെടുന്ന കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ നടപടിയെടുക്കും. ഇതിനായി വാട്ടര്‍ അതോറിറ്റിയുടെയും റെയില്‍വേയുടെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ കോട്ടയം ജില്ലയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനായാണ് വികസിക്കുന്നത്. മൂന്ന് പ്ലാറ്റ്‌ഫോമുകളും നാല് ട്രാക്കുകളുമുള്ള സ്റ്റേഷനായി മാറുകയാണ്. ഗുഡ്‌സ് റോഡ് വീതികൂട്ടി പുനര്‍നിര്‍മിച്ചു. ഗുഡ്‌സ് യാര്‍ഡിന്റെ പണികള്‍ പൂര്‍ത്തിയായിവരുന്നു. സ്റ്റേഷനില്‍ അഞ്ചു കോടി ചെലവില്‍ നിര്‍മിക്കുന്ന പുതിയ ടെര്‍മിനലിന്റെ നിര്‍മാണവും ഡിസംബറില്‍ പൂര്‍ത്തിയാക്കും. പുതിയ സ്റ്റേഷന്‍ ടെര്‍മിനല്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ടെര്‍മിനലായിരിക്കും. കായംകുളം-കോട്ടയം-എറണാകുളം റെയില്‍വേ പാതയില്‍ നിലവിലുള്ള റെയില്‍വേ കെട്ടിടം ഉപേക്ഷിച്ച് പുതിയ ടെര്‍മിനല്‍ കെട്ടിടം നിര്‍മിക്കുന്നത് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ മാത്രമാണ്. പുതിയ സ്റ്റേഷനുകളുടെ സമീപത്തായി ഫൂട്ട് ഓവര്‍ ബ്രിഡ്ജും എക്‌സലേറ്ററും സ്ഥാപിക്കണമെന്ന് റെയില്‍വേ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊടിക്കുന്നില്‍ അറിയിച്ചു.

RELATED STORIES

Share it
Top