ചങ്ങനാശ്ശേരിയില്‍ വീണ്ടും തെരുവു നായ്ക്കള്‍ പെരുകുന്നുചങ്ങനാശ്ശേരി: നഗരത്തില്‍ തെരുവു നായ്ക്കള്‍ പെരുകുന്നതു തടയാന്‍ നഗരസഭ തുടങ്ങിവച്ച പദ്ധതികളെല്ലാം അവതാളത്തി ല്‍. ഇതേ തുടര്‍ന്ന് നഗരത്തിലെങ്ങും വീണ്ടും തെരുവു നായ്ക്കളുടെ ശല്യവും വര്‍ധിച്ചു. വന്ധ്യംകരണം, ചിപ്പു ഘടിപ്പിക്കല്‍, വളര്‍ത്തു നായക്കള്‍ക്ക് ലൈസന്‍സ് നല്‍കല്‍ തുടങ്ങിയ പദ്ധതികളായിരുന്നു നടപ്പാക്കാന്‍ ഉദ്ദേശിച്ച് തുടക്കമിട്ടത്. എന്നാല്‍ നായ പിടിത്തക്കാരെ കിട്ടാനില്ലാതായതോടെ പദ്ധതികളെല്ലാം പാളുകയും ഒന്നുപോലും വിജയിപ്പിക്കാനുമായില്ല. തെരുവില്‍ അലയുന്ന നായ്ക്കളെ പിടിച്ചു വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ഒരു ദിവസം പാര്‍പ്പിച്ച ശേഷം പിടിച്ചിടത്തുതന്നെ തിരികെ വിടുക എന്ന പദ്ധതിയായിരുന്നു നഗരസഭ മുന്‍തൂക്കം നല്‍കിയത്. അതിന്റെ ഭാഗമായി പദ്ധതിയുടെ ഉദ്ഘാടനവും നടത്തുകയും ഏഴോളം നായ്ക്കളെ വന്ധ്യംകരിക്കുകയും ചെയ്തു. ഇതിനായി ചങ്ങനാശ്ശേരി മൃഗാശുപത്രിയില്‍ ആധുനിക രീതിയില്‍ ഓപറേഷന്‍ തിയേറ്ററും സജ്ജമാക്കിയിരുന്നു. എന്നാല്‍ വേണ്ടത്ര നായ പിടിത്തക്കാരെ സംഘടിപ്പിക്കാനോ അവര്‍ക്കാവശ്യമായ പരിശീലനം നല്‍കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. ഇതോടെ വന്ധ്യംകരണം തുടങ്ങിയിടത്തു തന്നെ അവസാനിച്ചു. നഗരസഭയുടെ പുതിയ ബജറ്റിലും എബിസി പദ്ധതിക്കു വേണ്ടി 25 ലക്ഷം നീക്കിവച്ചിരുന്നു. നായക്കളുടെ പ്രജനനം തടയുന്നതിനായുള്ള പദ്ധതിയായിരുന്നു അത്. നഗരസഭാ പരിധിയില്‍ വരുന്ന വളര്‍ത്തു നായക്കള്‍ക്കു ചിപ്പു ഘടിപ്പിക്കുകയും ഒപ്പം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ലൈസന്‍സ് നല്‍കാനും പ്രഖ്യാപിച്ചിരുന്നെങ്കിലും അജ്ഞാത കാരണങ്ങളാല്‍ അതും ഫലവത്തായില്ല. അതേസമയം ചിലര്‍ വളര്‍ത്തു നായ്ക്കളുമായി മൃഗാശുപത്രിയില്‍ എത്തി അവക്ക് ആവശ്യമായ ചികില്‍സകളും മറ്റു പ്രതിരോധ കുത്തിവയ്പ്പുകളും നടത്തുന്നുമുണ്ട്. ഇപ്പോള്‍ ബൈപാസ് റോഡിലാണ് ഇവയുടെ ശല്യം വ്യാപകമായിട്ടുള്ളത്. നഗരസഭവക സ്റ്റേഡിയം, ജനറല്‍ ആശുപത്രി പരിസരം, പെരുന്ന ബസ് സ്റ്റാന്‍ഡ്, പി പി ജോസ് റോഡ്, പൂച്ചിമുക്കിനു സമീപം എന്നിവിടങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം വ്യാപകമാണ്. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പുലര്‍ച്ചെ ട്യൂഷനും മറ്റും പോകേണ്ടിവരുന്ന വിദ്യാര്‍ഥികള്‍ക്കും റമദാന്‍ വൃതാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കും പള്ളികളിലേക്കും പോവുന്നവര്‍ക്കും മറ്റും ഇവയുടെ ശല്യം ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്നും നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ തെരുവുനായ്ക്കളുടെ ശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top